പട്‌ന: വിവാദപ്രസ്താവനകൾക്ക് സാക്ഷി മഹാരാജ് എംപിക്കു മറ്റൊരു പിൻഗാമി കൂടി. ബിഹാറിലെ ബിജെപി എംപി അശ്വനികുമാർ ചൗബേയാണ് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അടച്ചാക്ഷേപിച്ച് രംഗത്തെത്തിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പൂതനയാണെന്നാണ് അശ്വനികുമാർ ചൗബേയുടെ കണ്ടെത്തൽ. രാഹുൽ ഗാന്ധി മറ്റുള്ളവർ പറയുന്നതു കേട്ടു ചിലയ്ക്കുന്ന തത്ത മാത്രമാണെന്നും ചൗബേ പറയുന്നു.

ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും 'സോണിയ പൂതന'യുടെ വിഷം കഴിച്ച് ജീവത്യാഗം ചെയ്യേണ്ടിവരുമെന്നും ബിജെപി എംപി പറഞ്ഞു. നവാഡയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് അശ്വനികുമാർ സോണിയയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

സോണിയയോടു ചേർന്നു പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് നിതീഷും ലാലുവും. എന്നാൽ പൂതനയുടെ വിഷപ്രയോഗമേറ്റ് കൊല്ലപ്പെടുമെന്ന് ഇവർ അറിയുന്നില്ല. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വെറും തത്തയാണ്. മറ്റാരുടെയോ തിരക്കഥയ്ക്ക് അനുസരിച്ച് തത്തപറയുന്നതുപോലെ പറയുകയാണു രാഹുലെന്നും അശ്വനികുമാർ ആക്ഷേപിച്ചു.

വിവാദ പ്രസ്താവനകൾ പടച്ചുവിടുന്ന സാക്ഷി മഹാരാജിന്റെ കാര്യത്തിൽ തന്നെ പൊറുതി മുട്ടിയിരിക്കെയാണ് ബിജെപിക്കു തലവേദനയായി മറ്റൊരു എംപി രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, തങ്ങളുടെ നേതാക്കളെ മോശമായ ഭാഷയിൽ ചിത്രീകരിച്ച ബിജെപി എംപിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ബിജെപിയുടെയും ആർഎസ്എസിന്റെയും സംസ്‌കാരമാണ് ചൗബേയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് ബിഹാർ കോൺഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിൽ അംഗമാകാൻ പ്രധാനമന്ത്രിയുടെ ശ്രദ്ധനേടാനുള്ള പരാക്രമമാണ് ചൗബേ കാണിക്കുന്നതെന്നും ചൗധരി പറഞ്ഞു.