ന്യൂഡൽഹി: ഇൻക്രെഡിബിൾ ഇന്ത്യ പരസ്യത്തിന്റെ കാര്യത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പരസ്യത്തിൽ നിന്ന് ബോളിവുഡ് താരം ആമീർ ഖാനെ ഒഴിവാക്കിയതു നന്നായെന്നും ദേശദ്രോഹിയും ഒറ്റുകാരനുമാണ് ആമിറെന്നും ആരോപിച്ച് ബിജെപി എംപി മനോജ് തിവാരി രംഗത്തെത്തി.

ടൂറിസം, സാംസ്‌കാരിക വകുപ്പിന്റെ സ്റ്റാൻഡിങ് കമ്മറ്റി യോഗത്തിനിടെയാണ് തിവാരി ആമീറിനെതിരെ വമർശനം ഉന്നയിച്ചത്. എന്നാൽ പ്രസ്താവന മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ തിവാരി ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നു.

ആമീറിനെതിരെ താൻ പ്രസ്താവന നടത്തിയിട്ടില്ല. അത്തരം വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തിവാരി പറഞ്ഞു.
ആമീർ ഖാനെ മാറ്റിയ സംഭവത്തിൽ പാർലമെന്റ് കമ്മറ്റി, ടൂറിസം മന്ത്രാലയത്തോട് വിശദീകരണം തേടി. ആമീറിന് പകരം അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചെന്ന വാർത്തയുടെ നിജസ്ഥിതിയും പാർലമെന്റ് കമ്മറ്റി തേടി. ആമീറുമായി ബന്ധപ്പെട്ട വിവാദത്തിൽ ടൂറിസം സെക്രട്ടറി വി.കെ സുറ്റ്‌സി അതൃപ്തി രേഖപ്പെടുത്തി.

അസഹിഷ്ണുത സംബന്ധിച്ച പ്രസ്താവനകളുടെ പേരിൽ ഇൻക്രെഡിബിൾ ഇന്ത്യ പരസ്യത്തിൽ നിന്നു ആമിർ ഖാനെ മാറ്റുന്നുവെന്നും പകരം ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചനെ നിയമിക്കുമെന്നും കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.