മീററ്റ്: മുസ്ലിംകൾ കാരണമാണ് രാജ്യത്ത് ജനസംഖ്യ പെരുകുന്നതെന്നു പ്രസംഗിച്ച ബിജെപി എംപി സാക്ഷി മഹാരാജ് പ്രസ്താവന വിഴുങ്ങി. ഏകീകൃത സിവിൽ കോഡിനെക്കുറിച്ചായിരുന്നു താൻ സംസാരിച്ചതെന്നും അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മതവിഭാഗത്തെയും പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടുള്ളതായിരുന്നില്ല തന്റെ പ്രസ്താവന. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രസ്താവനയെ വളച്ചൊടിക്കുകയാണ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകാൻ തയാറാണെന്നും സാക്ഷി മഹാരാജ് വ്യക്തമാക്കി. സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മീററ്റ് ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ശ്രദ്ധതിരിക്കാനുള്ള നാടകമാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവ് അഖിലേഷ് സിങ് പ്രതികരിച്ചു. സാക്ഷി മഹാരാജിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും ബിജെപിയിൽനിന്ന് പുറത്താക്കണമെന്നും അഖിലേഷ് സിങ് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ ജനസംഖ്യ പെരുകാൻ കാരണം മുസ്ലിംകളാണെന്നു സാക്ഷി മഹാരാജ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മതവിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയതിന് സാക്ഷി മഹാരാജിനെതിരെ കടുത്ത വിമർശനവുമുയർന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തിയത്. നേരത്തെയും സാക്ഷി മഹാരാജ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.