- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ
ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ മതിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധിച്ചു. രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലോക്‌സഭ സമ്മേളനത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചെളിയിൽ പൊതിഞ്ഞ് ശംഖ് ഊതിയാൽ കോവിഡ് വരില്ലെന്ന എംപിയുടെ പ്രതികരണം വിവാദമായിരുന്നു. ചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് ഊതുന്നതിന്റെ വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിരുന്നു.
ചെളിയിൽ ഇരിക്കുന്നതും ശംഖ് ഊതുന്നതും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടും. ഇതുവഴി കോവിഡിനെതിരെ പോരാടാൻ ശരീരം പ്രതിരോധ ശേഷി കൈവരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം ഇത്തരത്തിൽ ചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിക്കുന്ന വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. സുഖ്‌ബീർ സിങ് വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത് ആദ്യമായി ആയിരുന്നില്ല. ശരീരം മുഴുവൻ ചെളി പുരട്ടിയ ശേഷം യോഗ ചെയ്താൽ എല്ലാ അസുഖങ്ങളും മാറുമെന്ന് കഴിഞ്ഞ യോഗദിനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
യോഗ ചെയ്താൽ കോവിഡ് വരില്ലെന്നും ഭാഭിജി പപ്പടം കഴിച്ചാൽ രോഗമുണ്ടാകില്ലെന്നും അഭിപ്രായപ്പെട്ട രണ്ട് മന്ത്രിമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആത്മനിർഭർ അഭിയാന്റെ ഭാഗമായി നിർമ്മിച്ച 'ഭാഭിജി പപ്പടം' പ്രതിരോധ ശേഷി കൂട്ടി വൈറസിനെ ചെറുക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പിന്നാലെ മദ്ധ്യപ്രദേശിൽ നിന്ന് ആയുർവേദ സാരിയടക്കമുള്ള കോവിഡ് മരുന്നുകളുമായി ഒട്ടേറെ ജനപ്രതിനിധികൾ വാർത്തകളിൽ ഇടം നേടിയിരുന്നു.
30 എംപിമാർക്കാണ് പാർലമെന്റിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് കേന്ദ്രമന്ത്രിമാർക്കും കോവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളത്തിന് മുന്നോടിയായാണ് എംപിമാർക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയത്. എന്നാൽ, രോഗം സ്ഥിരീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പാർലമെന്റെ സമ്മേളനം മുൻ നിശ്ചയപ്രകാരം നടക്കും എന്നാണ് ലഭിക്കുന്ന വിവരം.
മീനാക്ഷി ലേഖി, അനന്ത് കുമാർ ഹെഗ്‌ഡെ, പർവേഷ് സാഹിബ് സിങ് എന്നിവർ അടക്കമുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. ട്വീറ്റ് ചെയ്തു. കോവിഡ് സ്ഥീരീകരിച്ച 30 പേരിൽ 17 പേർ ലോക്‌സഭ എംപിമാരാണ്. ബാക്കിയുള്ളവർ രാജ്യസഭാ എംപിമാരാണ്. കോവിഡ് സ്ഥിരീകരിച്ചവരിൽ 12 പേർ ബിജെപി. എംപിമാരാണെന്നാണ് വിവരം. ഇവർക്ക് പുറമേ പാർലമെന്റിലെ അറുപതോളം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്