ഇംഫാൽ: ഗോവയ്ക്കു പിന്നാലെ മണിപ്പൂരിലും ബിജെപി അധികാരം പിടിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസിനു വേണ്ടി മണിപ്പൂരിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിച്ച രമേശ് ചെന്നിത്തലയുടെ തന്ത്രങ്ങൾകൂടിയാണ് ഇതോടെ പൊളിഞ്ഞത്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ എൻ. ബിരേൻ സിങ് മണിപ്പുർ മുഖ്യമന്ത്രിയാകും. പാർട്ടി നിയമസഭാകക്ഷി യോഗം ചേർന്ന് ബിരേൻ സിങ്ങിനെ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ദേശീയ ഫുട്‌ബോൾ താരമായിരുന്ന ബിരേൻ മുൻപു കോൺഗ്രസിലായിരുന്നു. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഉടൻതന്നെ ഗവർണറെ കാണുമെന്നും ബിരേൻ സിങ് അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കൾ എന്നിവരോടുള്ള നന്ദി അറിയിച്ച സിങ് മണിപ്പുരിൽ മികച്ച ഭരണം കൊണ്ടുവരുമെന്നും പറഞ്ഞു. പതിനഞ്ചു വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് മണിപ്പുരിൽ ബിജെപി ചരിത്ര വിജയം നേടി അധികാരത്തിലെത്തുന്നത്.

28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആണെങ്കിലും സർക്കാരുണ്ടാക്കാൻ ബിജെപി ആദ്യം കരുക്കൾ നീക്കിയതോടെയാണു സംസ്ഥാന ഭരണം കോൺഗ്രസിൽനിന്നു കൈവിട്ടുപോയത്. പ്രാദേശിക കക്ഷികളും സ്വതന്ത്രനും ഉൾപ്പെടെ 32 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ടു ബിജെപി നേതാക്കൾ ഗവർണർ നജ്മ ഹെപ്ത്തുള്ളയ്ക്കു കത്തു നൽകിയിരുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും ഒരു സീറ്റ് അധികമാണിത്. കോൺഗ്രസ് ടിക്കറ്റിൽനിന്നു ജയിച്ച ശ്യാംകുമാർ സിങ് ബിജെപിയിലേക്കു കൂറുമാറിയിരുന്നു.

ബിജെപിയുടെ സഖ്യകക്ഷി കൂടിയായ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) പിന്തുണ കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്. അതേസമയം, ഇവരുടെ പിന്തുണ അവകാശപ്പെട്ടു ഗവർണർക്കു നൽകിയ കത്തിൽ എംഎൽഎമാർ ഒപ്പിട്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ എൻപിപി അധ്യക്ഷനെയും എംഎഎൽഎമാരെയും തനിക്കുമുന്നിൽ ഹാജരാക്കാൻ മുൻ മുഖ്യമന്ത്രികൂടിയായ ഇബോബി സിങ്ങിനോട് ഗവർണർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

കോൺഗ്രസ് 28, ബിജെപി 21, എൻപിപി 4, എൻപിഎഫ് 4, എൽജെപി 1, സ്വതന്ത്രർ 1, ടിഎംസി 1 എന്നിങ്ങനെയാണ് മണിപ്പൂരിലെ കക്ഷിനില. രണ്ടാമത്തെ വലിയ കക്ഷിയാണെങ്കിലും വോട്ട് ശതമാനത്തിൽ ബിജെപി ഒന്നാമതാണ്. കോൺഗ്രസിന് 35.1 ശതമാനവും ബിജെപിക്ക് 36.3 ശതമാനവുമാണ് ലഭിച്ചത്. മണിപ്പുരിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉണ്ടാക്കുന്നതിനെ ബിജെപി വോട്ട് ശതമാനം പറഞ്ഞാണു ന്യായീകരിക്കുന്നത്.

സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സജീവമാക്കിയിരുന്നു. കഴിഞ്ഞദിവസമാണ് ചെന്നിത്തല മണിപ്പൂരിലെത്തിയത്. നേരത്തേ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എൻപിഎഫിനെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തിയെങ്കിലും വിജയിച്ചില്ലെന്നാണ് സൂചനകൾ.