കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിന് നഗരം ഒരുങ്ങി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരുമടക്കം പങ്കെടുക്കുന്ന സമ്മേളനം നാളെ ആരംഭിക്കും. അരനൂറ്റാണ്ടുമുൻപ് കോഴിക്കോട് ആതിഥ്യം വഹിച്ച ജനസംഘം ദേശീയ സമ്മേളനത്തിന്റെ ഓർമപുതുക്കിയാണ് സമ്മേളനം നടക്കുന്നത്. നാളെ റാവിസ് കടവ് റിസോർട്ടിൽ ദേശീയ നിർവാഹക സമിതി യോഗവും 24ന് കടപ്പുറത്ത് പൊതുസമ്മേളനവും 25ന് സ്വപ്ന നഗരിയിൽ ദേശീയ കൗൺസിൽ യോഗവും നടക്കും. സമ്മേളനത്തിനു മുന്നോടിയായി കൊടിമര, പതാക, ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട് നഗരത്തിലെത്തി.

കൗൺസിലിൽ പങ്കെടുക്കാനെത്തുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഇന്നു രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി 24ന് നഗരത്തിലെത്തും. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമിടുന്ന സമ്മേളനം ദീൻദയാൽ 50 വർഷം മുൻപു മുന്നോട്ടുവച്ച ഏകതാ മാനവദർശനത്തിന്റ വിളംബരവേദികൂടിയാകും. പ്രധാനമന്ത്രിക്ക പുറമേ മിക്കവാറും എല്ലാ കേന്ദ്രമന്ത്രിമാരും കോഴിക്കോട് എത്തും. ബിജെപി മുഖ്യമന്ത്രിമാരും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വിവിഐപികളുടെ സംഗമ വേദിയാണ് കോഴിക്കോട്. എൻഎസ്ജിയുടെ നേതൃത്വത്തിലാണ് സുരക്ഷ. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോടിന്റെ മുക്കു മൂലയും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

സംസ്ഥാന നേതാക്കന്മാരെല്ലാം ദിവസങ്ങളായി നഗരത്തിൽ തങ്ങി ഒരുക്കങ്ങൾക്കു നേതൃത്വം നൽകിവരികയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 25ന് വൈകിട്ട് സ്വപ്നനഗരിയിൽ പ്രധാനമന്ത്രി നിർവഹിക്കും. നാളെ ദേശീയ നിർവാഹക സമിതി യോഗത്തിൽ ദേശീയ പ്രസിഡന്റ് അമിത് ഷാ അധ്യക്ഷനായിരിക്കും. 24ന് വൈകിട്ട് നാലുമുതൽ കടപ്പുറത്തു നടക്കുന്ന മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. തുടർന്ന് 7.30ന് തളി സാമൂതിരി ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന സ്മൃതിസന്ധ്യയിൽ മോദിയും അമിത് ഷായും പങ്കെടുക്കും. 1967 ൽ കോഴിക്കോട്ടു നടന്ന ഭാരതീയ ജനസംഘം ദേശീയ സമ്മേളനത്തിൽ പങ്കെടുത്തവരെയും അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെയും ആദരിക്കുന്ന ചടങ്ങാണ് സ്മൃതിസന്ധ്യ.

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി. ദേശീയ നേതാക്കളുടെയും സന്ദർശനം മുൻനിർത്തി കരിപ്പുർ വിമാനത്താവളവും പരിസരവും കനത്ത സുരക്ഷയിലാണുള്ളത്. വിമാനത്താവളം മുതൽ കോഴിക്കോട് വരെ സുരക്ഷ ഉറപ്പാക്കാൻ അഞ്ഞൂറോളം പൊലീസുകാരെ നിയോഗിക്കും. വിമാനത്താവളത്തിൽ നിലവിൽ സിഐഎസ്.എഫിന്റെയും സംസ്ഥാന പൊലീസിന്റെയും കീഴിലുള്ള സുരക്ഷയുടെ നേതൃത്വം സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഏറ്റെടുത്തു. 24ന് വൈകുന്നേരം നാലരയോടെയാണ് നരേന്ദ്ര മോദി കരിപ്പൂരിലെത്തുന്നത്. ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിലാകും കോഴിക്കോട്ടേക്ക് പോവുക. 25ന് രാത്രി ഒമ്പതിന് മടങ്ങും. യാത്ര റോഡുവഴിയാണെങ്കിൽ അതിനുള്ള സംവിധാനങ്ങളും ഒരുക്കും.

രാജ്യം അതിനിർണ്ണായകമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ബിജെപിയുടെ ദേശീയ കൗൺസിൽ 23,24,25 തിയതികളിലായി കോഴിക്കോട് നടക്കുന്നത്. ബിജെപി രൂപംകൊണ്ടതിനുശേഷം കേരളത്തിൽ നടക്കുന്ന നാലാമത്തെ ദേശീയ കൗൺസിലാണ്. 25 വർഷം മുമ്പ് കേരളത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് അയോദ്ധ്യ പ്രധാന വിഷയമാക്കി തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകാൻ തീരുമാനമുണ്ടായത്. ഇത്തവണ കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗൺസിലിൽ പാക്കിസ്ഥാനുമായുള്ള നയതന്ത്ര വിഷയത്തിൽ നിർണായകമായ ചർച്ചകളുണ്ടാകും. തദനുസൃതമായ നടപടികളും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും നിലപാടുകളും വാക്കുകളും അതാണ് വ്യക്തമാക്കുന്നത്. അതുവഴി ഈ കൗൺസിൽ ബിജെപിയുടെ ചരിത്രത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു.