- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവ, ജമ്മു മോഡൽ ഫോർമുല കേരളത്തിൽ നടപ്പാക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം; മുസ്ലിം, ക്രൈസ്തവ സമുദായങ്ങളിൽ പെട്ടവരെ നേതൃനിരയിൽ അവരോധിക്കാൻ നീക്കം; മുസ്ലിംകൾ അടുത്തില്ലെങ്കിൽ ക്രൈസ്തവരെ എന്തുവിലകൊടുത്തും കൂടെ നിർത്തും; ബിജെപിയുടെ പുതിയ രാഷ്ട്രീയ പരീക്ഷണത്തിനു വേദിയായി സംസ്ഥാനം
കോഴിക്കോട്: ഗോവയിലും ജമ്മുവിലും നടപ്പാക്കി വിജയിച്ച ഫോർമുല കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ബിജെപി. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ ഫോർമുല വിജയം കാണുമെന്നാണ് കണക്കുകൂട്ടൽ. യുവമോർച്ചയുടെ പുതിയ ദേശീയ കമ്മിറ്റിയിലടക്കം മുസ്ലിം, ക്രിസ്ത്യൻ പ്രാതിനിധ്യം ഏറെ ശ്രദ്ധയാകർശിച്ചിരുന്നു. എന്നാൽ കേരളത്തിൽ മുസ്ലിം സമുദായത്തെ പാർട്ടിയോടടുപ്പിക്കുന്നതിന് കടമ്പകൾ ഏറെയാണ്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ മോർച്ചയുമായി അടുത്ത് നിൽക്കുന്നവരെ കൂടുതൽ സ്ഥാനങ്ങൾ നൽകി പാർട്ടിയുടെ വേരുറപ്പിക്കുകയാണ് ലക്ഷ്യം. അതേ സമയം ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേർ ഈയിടെ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരെയെല്ലാം നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ജിജി ജോസഫ്, അഡ്വ.ടി.ഒ നൗഷാദ്, അജി തോമസ്, സിബി സാം, ബാദുഷ തങ്ങൾ, രഞ്ജിത്ത് എബ്രഹാം, കെ.പി ജോർജ്, അഡ്വ.നോബിൾമാത്യു, അഡ്വ.മുഹമ്മദ് അഷ്‌റഫ്, റീബ വർക്കി എന്നീ പേരുകളാണ് ന
കോഴിക്കോട്: ഗോവയിലും ജമ്മുവിലും നടപ്പാക്കി വിജയിച്ച ഫോർമുല കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ബിജെപി. മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ളവരെ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിൽ ഈ ഫോർമുല വിജയം കാണുമെന്നാണ് കണക്കുകൂട്ടൽ. യുവമോർച്ചയുടെ പുതിയ ദേശീയ കമ്മിറ്റിയിലടക്കം മുസ്ലിം, ക്രിസ്ത്യൻ പ്രാതിനിധ്യം ഏറെ ശ്രദ്ധയാകർശിച്ചിരുന്നു.
എന്നാൽ കേരളത്തിൽ മുസ്ലിം സമുദായത്തെ പാർട്ടിയോടടുപ്പിക്കുന്നതിന് കടമ്പകൾ ഏറെയാണ്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ മോർച്ചയുമായി അടുത്ത് നിൽക്കുന്നവരെ കൂടുതൽ സ്ഥാനങ്ങൾ നൽകി പാർട്ടിയുടെ വേരുറപ്പിക്കുകയാണ് ലക്ഷ്യം. അതേ സമയം ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേർ ഈയിടെ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരെയെല്ലാം നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ട്. ജിജി ജോസഫ്, അഡ്വ.ടി.ഒ നൗഷാദ്, അജി തോമസ്, സിബി സാം, ബാദുഷ തങ്ങൾ, രഞ്ജിത്ത് എബ്രഹാം, കെ.പി ജോർജ്, അഡ്വ.നോബിൾമാത്യു, അഡ്വ.മുഹമ്മദ് അഷ്‌റഫ്, റീബ വർക്കി എന്നീ പേരുകളാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇരു സമുദായങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെന്ന നിലയിലാണ് ഇവരെ പരിഗണിക്കുന്നത്.
ഗോവയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാൽ ബിജെപി കേന്ദ്ര നേതൃത്വം തന്നെ ഒരുങ്ങുന്നതായാണ് വിവരം. ബിജെപി, യുവമോർച്ച, ന്യൂനപക്ഷ മോർച്ച, മഹിളാ മോർച്ച എന്നീ ഘടകങ്ങളിൽ അവരോധിക്കാനാണ് പദ്ധതി.ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിലെ അറിയപ്പെടുന്ന ബിജെപി നേതാക്കളെല്ലാം തന്നെ ക്രിസ്തീയ സമുദായത്തിൽ നിന്നുള്ളവരാണ്. നിയമസഭയിലെ 13 എംഎൽഎമാരിൽ ഏഴ് പേരും ക്രൈസ്തവരാണ്. ക്രിസ്ത്യൻ വിശ്വാസികൾ ഏറെയുള്ള മണിപ്പൂരിലും അധികാരത്തിലേറാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ജമ്മുവിൽ മുസ്ലിംങ്ങളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയുണ്ടായി. അടുത്തത് കേരളമാണ് ലക്ഷ്യമിടുന്നത്.
മുസ്ലിം വിഭാഗം ബിജെപിയോട് യാതൊരു മമതയും കാട്ടാത്ത സാഹചര്യത്തിൽ എങ്ങനെയും ക്രൈസ്തവരെ ഒപ്പം നിർത്തുക എന്ന അമിത്ഷായുടെ തന്ത്രവും പരീക്ഷിക്കപ്പെട്ടേക്കാം. ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭകളുടെയൊക്കെ ആസ്ഥാനവും കേരളമാണ്. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് പറയത്തക്ക നേതാക്കൾ ഒന്നും തന്നെ ബിജെപി നേതൃനിരയിൽ ഇല്ലതാനും. കേരളത്തിൽ ആകെയുള്ളൊരു നേതാവ് ജോർജ് കുര്യൻ മാത്രമാണ്. കത്തോലിക്കക്കാരനായ അൽഫോൻസ് കണ്ണന്താനം ആകട്ടേ ഡൽഹിയും താവളമാക്കി വരികയാണ്. മുസ്ലിം വിഭാഗത്തിൽ നിന്നും അഡ്വ.നസീർ മാത്രമാണ് നേതൃസ്ഥാനത്തുള്ളത്.
ഈ സാഹചര്യത്തിൽ എണ്ണപ്പെട്ട മുസ്ലിം, ക്രിസ്ത്യൻ നേതാക്കളെ സുപ്രധാന സ്ഥാനങ്ങളിൽ അവരോധിക്കുകയാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിന്റെ തുടക്കമായാണ് യുവമോർച്ച ദേശീയ സെക്രട്ടറിയായി ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയായ അനൂപ് ആന്റണിയെ നിയമിച്ചത്. ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളിലും പോഷക സംഘടനകളുടെ പ്രധാന ചുമതലകളിലും ക്രൈസ്തവ, മുസ്ലിം വിഭാഗത്തിൽ പെട്ടവരെ അവരോധിക്കാനുള്ള ലിസ്റ്റ് സർവ്വേയിലൂടെ തയ്യാറാക്കി വരികയാണ്.
ഇപ്പോഴത്തെ നിലയിൽ ലിസ്റ്റിൽ പത്ത് പേർ ഇടംപിടിച്ചതായാണ് അറിയുന്നത്. ലിസ്റ്റിൽ ഇടം പിടിച്ചവരുടെ വിവരണങ്ങൾ ഇങ്ങനെയാണ്: നിലവിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ജിജി ജോസഫ്. എബിവിപിയിലൂടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ബിജെപി യിൽ എത്തുകയും മത മേലദ്ധ്യക്ഷന്മാരെ ബിജെപിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'പാസ് ആവോ സാത് ചലേ (ചേർന്നു വരൂ , ഒപ്പം നീങ്ങാം ) എന്ന പേരിലൊരു യാത്ര തിരുവനന്തപുരത്ത് നിന്നും കാസർകോഡേക്ക് കഴിഞ്ഞ മാസം നടത്തിയ ജിജി ജോസഫ് മാർത്തോമ്മാ സഭാംഗമാണ്.
പ്രവാചക കുടുംബാംഗമാണ് ബാദുഷ തങ്ങൾ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദേശീയ ശ്രദ്ധ ആകർശിച്ച മലപ്പുറം ബിജെപി സ്ഥാനാർത്ഥി കൂടിയായ ബാദുഷ തങ്ങൾ പാർട്ടി സംസ്ഥാന കമ്മറ്റി അംഗമാണ്.അജി തോമസ് നിലവിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറിയാണ്. മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ അജി തോമസ്
പെന്തക്കോസ്ത് സഭാംഗമാണ്.കൂടാതെ ബിജെപി ജില്ലാ,സംസ്ഥാന നേതൃത്വത്തിന് ഏറെ താൽപര്യം ഉള്ള യുവനേതാവ് കൂടിയാണ്.
പത്തനംതിട്ട ജില്ലയുടെ മുക്കിലും മൂലയിലും യുവമോർച്ചയുടെ യൂണിറ്റുകൾ ആരംഭിക്കുന്നതിൽ മുൻ കൈ എടുത്ത നേതാവെന്ന നിലയിലാണ് യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലിനെ പരിഗണിക്കുന്നത്. ഇദ്ദേഹം ഓർത്തഡോക്‌സ് സഭാംഗമാണ്.
പാർട്ടിയിലെ സീനിയർ നേതാവും മുസ്ലിം സമുദായാംഗവുമാണ് അഡ്വ. ടി. ഒ നൗഷാദ്. നിലവിൽ ദേശീയ വഖഫ് ബോർഡ് അംഗമാണ്. ന്യൂനപക്ഷ മോർച്ച മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന നൗഷാദ് ആർഎസ്എസ് നേതൃത്വത്തിലുള്ള മുസ്‌ളീം രാഷ്ട്രീയ മഞ്ച് കേരള ഘടകത്തിന്റെ ചുമതലയുള്ള ആളുകൂടിയാണ്.
അഡ്വ.സി.മുഹമ്മദ് അഷറഫ് ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ പ്രസിഡന്റാണ്. മുസ്‌ളീം വ്യക്തി നിയമങ്ങളിലുള്ള പാണ്ഡിത്യമുള്ള അഷ്‌റഫ് ബിജെപിയുടെ തീപ്പൊരി പ്രാസംഗികനും സംസ്ഥാനത്തെ പ്രസംഗവേദികളിലെ സ്ഥിരം സാനിദ്ധ്യവുമാണ്.
മാർത്തോമ്മാ സഭാംഗമായ ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസും പരിഗണനയിലുണ്ട്. മാധ്യമ പ്രവർത്തകനാണ് രഞ്ജിത്ത്.ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച നൂറുൽ ഹുദയുടെ മുഖ്യ സംഘാടകനായിരുന്നു. 14 ക്രിസ്തീയ സഭകളുടെ സംയുക്ത വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് മലപ്പുറം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി അടുത്ത ബന്ധമുള്ളയാളുമാണ് രജ്ഞിത്ത് എബ്രഹാം.കെ.പി ജോർജ് ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയാണ് . യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ ജോർജ്ജ് തൃശൂരിൽ ഏറെയുള്ള റോമൻ കത്തോലിക്ക സഭാംഗമാണെന്നതാണ് പരിഗണിക്കപ്പെടുന്നത്.
കേരള കോൺഗ്രസ് (എം) ൽ നിന്ന് തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) രൂപീകരിക്കുകയും പാർട്ടിയെ പിന്നീട് ബിജെപി യിൽ ലയിപ്പിച്ചു പ്രവർത്തിക്കുന്നയാളാണ് അഡ്വ.നോബിൾ മാത്യു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടി. ഇപ്പോൾ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാണ്.മുൻ കോൺഗ്രസ് നേതാവും കോട്ടയം നഗരസഭാ അധ്യക്ഷയും ആയിരുന്നു റീബ വർക്കി. കോൺഗ്രസുമായി പിണങ്ങി അടുത്ത കാലത്ത് ബിജെപിയിൽ എത്തിയ റീബ നിലവിൽ പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയാണ്. ഇവരെയെല്ലാം പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തിക്കുന്നതിലൂടെ കേരളത്തിൽ ആഴത്തിൽ വേരൂന്നാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പുകൾ ഉയർന്നില്ലെങ്കിൽ ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ലകളിൽ നിന്നും മതന്യൂനപക്ഷങ്ങളെ നേതൃസ്ഥാനങ്ങളിൽ കൊണ്ടുവരാനായിരിക്കും തീരുമാനം. യുവമോർച്ചയുടെ ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പിലും കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നവരെ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ദേശീയ നേതൃത്വത്തിന്റെ അറിവോടെയുള്ള മത ന്യൂനപക്ഷങ്ങളെ അവരോധിക്കൽ കൂടുതൽ എതിർപ്പുകളുണ്ടാവില്ലെന്നാണ് കണക്കുകൂട്ടൽ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഫോർമുല നടപ്പിലാക്കി വിജയമുണ്ടാക്കുകയാണ് ലക്ഷ്യം.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഘടകങ്ങളിലേക്ക് അമിത് ഷാ നേരിട്ട് നോമിനേറ്റ് ചെയ്യുമെന്നാണ് സൂചന. ബിജെപി സംസ്ഥാന കമ്മിറ്റി, യുവമോർച്ച, ദേശീയ ന്യൂനപക്ഷ മോർച്ച എന്നിവിടങ്ങളിലായിരിക്കും കേരളത്തിൽ നിന്നുള്ള മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അവരോധിക്കുക.