- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
27 കൊല്ലം മുമ്പ് മൂന്ന് കോടി ഒറ്റരാത്രി കൊണ്ട് പിരിച്ചെടുത്ത് മാരാർജി ഭവൻ വാങ്ങിയ മുകുന്ദൻ മാജിക്; അദ്വാനിയും അമിത് ഷായും രാജഗോപാലും തറക്കല്ലിട്ടിട്ടും പണി തീരാത്ത 'രാശി പോരാ കെട്ടിടവും'! കേന്ദ്രത്തിൽ നിന്നും പണമൊഴുക്ക് തുടരുമ്പോഴും ബിജെപി സംസ്ഥാന കമ്മിറ്റി പ്രവർത്തിക്കുന്നത് വാടകകെട്ടിടത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തറക്കില്ലിട്ടിട്ട് പോയത് 2017ലാണ്. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ച മാരാർജി ഭവൻ. ഇതേ കെട്ടിടത്തിന് 2019ൽ വീണ്ടും തറക്കല്ലിട്ടു. അന്ന് ബിജെപിയുടെ എംഎൽഎയായ രാജഗോപാലായിരുന്നു തറക്കല്ലിട്ടത്. അമിത് ഷാ തറക്കില്ലിട്ട കെട്ടിടത്തിന്റെ ഉദ്ഘാടനം വീണ്ടും നടത്തുന്നത് അപഹാസ്യമാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗം അന്നു തന്നെ നിലപാട് എടുത്തിരുന്നു. എനന്തായാലും ആ കെട്ടിടം പണി ഇന്നും പൂർത്തിയായില്ല. അമിത് ഷായക്ക് ശേഷം തറക്കല്ലിട്ട രാജഗോപാലിനും രാശിയില്ലാത്ത അവസ്ഥ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് തോറ്റതോടെ ബിജെപിയുടെ നിയമസഭയിലെ അക്കൗണ്ടും പൂട്ടി. ഇതിനിടെയാണ് കൊടകര-സികെ ജാനു വിവാദങ്ങൾ.
ബിജെപി സംസ്ഥാനനേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കുന്ന സാമ്പത്തികഇടപാടുകളാണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. കൊടകര കുഴൽപ്പണക്കേസും സികെ ജാനുവിന്റെ പാർട്ടിക്ക് നൽകിയ പണത്തിന്റെ കണക്കും വാർത്തയാകുമ്പോൾ അഞ്ച് കൊല്ലം മുമ്പത്തെ പതിനഞ്ച് കോടിയുടെ കണക്ക് കൂടി ചോദിക്കുകയാണ് ബിജെപി പ്രവർത്തകർ. അഞ്ച് വർഷം മുമ്പ് അമിത് ഷാ ബിജെപി ദേശീയ പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിൽ ബിജെപിക്ക് ആധൂനിക സൗകര്യങ്ങളോടെ സംസ്ഥാനകമ്മിറ്റി ഓഫീസ് പണിയുന്നതിന് 15 കോടി രൂപ അനുവദിക്കുന്നത്. 2017 ൽ പഴയ കെട്ടിടം പൊളിച്ച് അമിത് ഷാ തന്നെ പുതിയ ഓഫീസിന് തറക്കല്ലിടുകയും ചെയ്തു. 56 സെന്റിൽ എട്ടുനിലകളിലായി പണിയാൻ ഉദ്ദേശിച്ച കെട്ടിടത്തിന്റെ പ്ലാനിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഉൾപ്പെട്ടത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പണി തുടങ്ങി നാല് വർഷമായിട്ടും പണി പാതിവഴിയിൽ ഇഴയുകയാണ്.
മൂന്നു് തവണ തറക്കല്ലിട്ട ശേഷമായിരുന്നു പുതിയ ഓഫീസ് കെട്ടിടത്തിന് പണി ആരംഭിച്ചത്. 2010 ലായിരുന്നു ആദ്യത്തെ തറക്കല്ലിടൽ. ലോക്സഭാ പ്രതിപക്ഷനേതാവായിരുന്ന എൽ.കെ അദ്വാനിയായിരുന്നു അന്ന് മാരാർജീ ഭവന് തറക്കല്ലിട്ടത്. ഓഫീസ് കെട്ടിടമൊന്നും അന്ന് പൊളിച്ചില്ല. പഴയ ഓഫീസിൽ തന്നെ ബിജെപി സംസ്ഥാന സമിതി പ്രവർത്തനം തുടരുകയും ചെയ്തു. എന്നാൽ പിന്നെയൊന്നുമുണ്ടായില്ല. അതിന് ശേഷമായിരുന്നു 2017 ലെ അമിത്ഷായുടെ തറക്കല്ലിടൽ. പിന്നീട് രാജഗോപാലും തറക്കല്ലിട്ടു. കണ്ണൂരിലെ ജില്ലാ കമ്മറ്റി ഓഫീസിന്റെ പണി പോലും തീർന്നു. പക്ഷേ സംസ്ഥാന സമിതി ഓഫീസ് മാത്രം പണി തീരാത്ത വീടായി തുടരുന്നു.
പാർട്ടിക്ക് ആധുനിക സൗകര്യമുള്ള ഓഫീസുകളില്ലാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലും അവ നിർമ്മിക്കുന്നതിന് ദേശീയ കമ്മിറ്റി തീരുമാനമെടുത്തതിനെ തുടർന്നായിരുന്നു കേരളത്തിലും പുതിയ പാർട്ടി ഓഫീസ് നിർമ്മിക്കാൻ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫീസിനൊപ്പം നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന മലപ്പുറം, വയനാട്, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലെ ജില്ലാ ഓഫീസുകളും ഇതുവരെ പൂർത്തിയായിട്ടില്ല. ഓഫീസ് നിർമ്മാണത്തിനായി ചുമതലയേൽപ്പിച്ച കമ്മിറ്റിയും ഇപ്പോൾ പലവഴിക്കാണ്. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി കൺവീനറായ കമ്മിറ്റിയിൽ മുൻപ്രസിഡന്റ് വി. മുരളീധരൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, വക്താവ് എം.എസ്. കുമാർ, സംസ്ഥാന പ്രസിഡന്റ്, ഓഫീസ് സെക്രട്ടറി എന്നിവരാണ് ഉണ്ടായിരുന്നത്. അതിൽ വി. മുരളീധരൻ ഇപ്പോൾ കേന്ദ്രമന്ത്രിയായി ഡൽഹിയിലാണ്. എം.എസ് കുമാറും എ.എൻ രാധാകൃഷ്ണനും പുതിയ സംസ്ഥാനനേതൃത്വവുമായി തെറ്റി അകന്നുനിൽക്കുകയാണ്. സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന സംഘടനാ സെക്രട്ടറിയും ഓഫീസ് സെക്രട്ടറിയുമാണ് ഇപ്പോൾ കൊടകര വിഷയത്തിൽ കുടുങ്ങിയിരിക്കുന്നതും.
പഴയതാണെങ്കിലും ഉണ്ടായിരുന്ന നല്ലൊരു ഓഫീസ് ഇടിച്ചുകളഞ്ഞിട്ടാണ് കഴിഞ്ഞ കുറേ വർഷങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതെന്നാണ് പ്രവർത്തകരുടെ വിമർശനം. നാല് വർഷം കുന്നികുഴിയിലെ ഒരു കെട്ടിടത്തിലും കെ. സുരേന്ദ്രൻ സ്ഥാനമേറ്റെടുത്ത ശേഷം കഴിഞ്ഞ ഒരു വർഷമായി തൈക്കാടുള്ള ഒരു കെട്ടിടത്തിലുമാണ് സംസ്ഥാനകമ്മിറ്റിയുടെ പ്രവർത്തനം. പിപി മുകുന്ദൻ ബിജെപി സംഘടനാ സെക്രട്ടറി ആയിരുന്ന കാലത്ത് ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ച മൂന്ന് കോടി രൂപ കൊണ്ട് വാങ്ങിയ കെട്ടിടമായിരുന്നു പഴയ മാരാർജി ഭവൻ. ഇരുപത്തിഏഴ് കൊല്ലം മുമ്പായിരുന്നു ഇത്. ഇപ്പോൾ കേന്ദ്രം 15 കോടി താലത്തിൽ വച്ചുകൊടുത്തിട്ടും ഓഫീസ് നിർമ്മിക്കാൻ പുതിയ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു.
ആദ്യഘട്ടത്തിൽ ഓഫീസിന്റെ നാലുനില പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഓഡിറ്റോറിയം, ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, നേതാക്കൾക്ക് താമസിക്കാൻ മുറികൾ, ഡോർമെറ്ററി എന്നിവ ഉൾപ്പെടെ അത്യാധൂനിക സൗകര്യങ്ങളോടെ എട്ട് നിലകളിലായി നിർമ്മിക്കുന്ന പുതിയ ഓഫീസിന്റെ പണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. ഇപ്പോൾ പ്രതിമാസം ഓഫീസ് ചെലവിന് മാത്രം അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. അതിൽ കൂടുതലും പാർട്ടി പരിപാടികൾക്ക് വരുന്ന നേതാക്കൾക്ക് സമീപത്തെ നക്ഷത്രഹോട്ടലുകളിലെ താമസത്തിനുള്ള ചെലവാണ്. പുതിയ ഓഫീസ് പണി പൂർത്തിയായാൽ അവർക്ക് ഓഫീസിൽ തന്നെ തങ്ങാനുള്ള സൗകര്യങ്ങളുണ്ടാകും.
ഓഫീസ് പ്രവർത്തന ചെലവിലേക്ക് പ്രതിമാസം ലക്ഷങ്ങൾ ചെലവിടുന്നത് ഒഴിവാക്കാൻ യുദ്ധ കാല അടിസ്ഥാനത്തിൽ മാരാർജി ഭവൻ പ്രവർത്തിച്ചിരുന്ന അരിസ്റ്റോ ജംഗ്ഷന് സമീപത്തെ തൈയ്ക്കാട് റോഡിലെ 56 സെന്റിൽ കെട്ടിടം പണി ആരംഭിക്കാനായിരുന്നു 2017ലെ നീക്കം. 2017 ജൂൺ ആദ്യവാരം അമിത് ഷാ മന്ദിരത്തിന് തറക്കല്ലിട്ടതോടെ ആഴ്ചകൾക്കുള്ളിൽ പണി തുടങ്ങുമന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ പാരവയ്‌പ്പും ടൗൺ പ്ലാനിങ് ഓഫീസിലെ പ്രശ്നവുമായിരുന്നു മാരാർജി ഭവന്റെ നിർമ്മാണം ആദ്യ ഘട്ടത്തിൽ വൈകിപ്പിച്ചത്.
മന്ദിരത്തിന്റെ നിർമ്മാണ് ചെലവിന് വേണ്ടി വരുന്ന 15 കോടിയിൽ ഏഴര കോടി കേന്ദ്ര നേതൃത്വം കൈമാറുമെന്ന സൂചനയായിരുന്നു കേരളത്തിലെ നേതാക്കൾക്ക് കിട്ടിയിരുന്നത്. എന്നാൽ മെഡിക്കൽ കോഴ വിവാദവും ജൻ ഔഷധി അഴിമതിയും ഉൾപ്പെടയുള്ള ആരോപണങ്ങളിൽ കേരളത്തിലെ പാർട്ടി പ്രതി സ്ഥാനത്ത് വന്നതോടെ മന്ദിര നിർമ്മാണത്തിന് കേന്ദ്ര നേതൃത്വത്തിൽ നിന്നും സഹായം കിട്ടില്ലന്ന് ഉറപ്പായതും പ്രശ്നമായി. കേരളത്തിന്റെ ചുമതലയുള്ള നേതാവ് വഴി സംസ്ഥാന നേതൃത്വം മന്ദിര നിർമ്മണ ഫണ്ടിന് നീക്കം നടത്തിയെങ്കിലും അമിത് ഷാ ഇക്കാര്യം കേട്ട മട്ട് നടിച്ചില്ല. ഇതോടെ കെട്ടിടം പണി പൂർണ്ണമായും വേണ്ടെന്ന് വച്ച അവസ്ഥയുമായി. എന്നാൽ വീണ്ടും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി. കേരളത്തിൽ അക്കൗണ്ട് തുറന്നുമില്ല. ഇതോടെ കേന്ദ്ര നേതൃത്വം പല ചോദ്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് ചോദിച്ചു. അതിലൊന്നാണ് പാർട്ടി ആസ്ഥാനത്തിന്റെ നിർമ്മാണം. ചോദ്യമെത്തിയതോടെ എല്ലാ അനുമതികളും പെട്ടെന്ന് സംഘടിപ്പിച്ചു. അങ്ങനെ വീണ്ടും തറക്കല്ലിട്ടു. അതും പക്ഷേ ലക്ഷ്യത്തിലേക്ക് എത്തിയില്ല.
ആസ്ഥാന മന്ദിരത്തിന് അനുമതി പോലും ലഭിക്കാതെ അമിത് ഷായെ കൊണ്ടു വന്ന് തറക്കല്ലിട്ടത് ഫണ്ട് തട്ടനാണ് എന്നും ആരോപണം നേരത്തെ ഉയർന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായരിക്കെ ആസ്ഥാന മന്ദിരം തറക്കല്ലിട്ടിട്ടും പണിയാത്തത് നേതൃത്വത്തിനെതിരെയുള്ള ആുധമാക്കാനും ഒരു വിഭാഗത്തിന്റെ നീക്കം നടത്തിയിരുന്നു. .മരാർജി ഭവന്റെ സ്ഥാനത്ത് 53886 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പാർട്ടി ആസ്ഥാനമായി ബിജെപി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ടുനിലയിലായി പാർക്കിങ് സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകുമെന്ന് ബിജെപി പ്രഖ്യാപിച്ചരുന്നു. ആകെ എട്ടു നിലകളുള്ള മന്ദിരത്തിന്റെ നാലു നിലകൾ ആദ്യം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.

