തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞ് അറസ്റ്റ് ചെയ്ത് മാറ്റിയതിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചു.നാളെ പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഹൈവേകളിൽ വാഹനങ്ങൾ തടയും. കെ സുരേന്ദ്രനെതിരായ നടപടി നീചമെന്നും ശ്രീധരൻപിള്ള. സുരേന്ദ്രൻ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ. നിന്ദ്യവും നീചവുമായ നീക്കമാണ് പൊലീസിന്റേത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ സമീപനമാണ്. ശബരിമലയിൽ ഈ വിഭാഗം മാത്രമേ പോകാവൂ, സർക്കാരിനെ എതിർക്കുന്നവർ പോകരുത് എന്ന് പറയുന്നത് അപമാനകരമായ അവസ്ഥയാണ് എന്നും ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

ആപത്കരമായ അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്ത് എന്നും അദ്ദേഹം പറഞ്ഞു. പക്വതയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ പൊലീസ് മേധാവി സംവിധാനം സുപ്രീംകോടതി വ്യവസ്ഥകളെ പോലും പാലിക്കാതെ തേർവാഴ്ച നടത്തുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. അനധികൃതമായി അനാവശ്യമായി ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അറസ്റ്റ് ചെയ്തു. തിരിച്ച് അവിടെത്തന്നെ കൊണ്ടുചെന്നാക്കുംവിധും പോകേണ്ടിവന്നു. ഇന്ന് സുരേന്ദ്രൻ പോകുന്നു. സുരേന്ദ്രന് അവിടെ പോകാൻ പാടില്ലേ. എന്തെങ്കിലും കുറ്റകൃത്യം ചെയ്യാനാണോ. വേണമെങ്കിൽ പൊലീസ് ഒപ്പം പോകട്ടെ, അവരുടെ കയ്യിൽ ആയുധമൊന്നുമില്ലല്ലോ. ഭരണഘടനയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും നിഷേധിക്കുകയാണ് എന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

ഇതിന് പിന്നാലെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. ശബരിമലയിൽ പ്രവേശിക്കാൻ സമ്മതിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ജാത സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് എത്തുകയായിരുന്നു. ഇവിടെ മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. പൊലീസ് ഇവരെ പിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല.

ബാരിക്കേഡ് തകർത്ത് അകത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു പ്രവർത്തകനെ പൊലീസ് അക്രമിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർ പൊലീസിന് നേരെ ത്ട്ടിക്കയരുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഒടുവിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ശക്തമായ മുദ്രാവാക്യം വിളികളും പ്രതിഷേധവുമായി പ്രവർത്തകർ നിലയുറപ്പിച്ചതോടെയാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പങ്കെടുത്തു.