കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്കു കുറുകെ നിർമ്മിച്ച എളമരംകടവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാളെ നാടിന് സമർപ്പിക്കാനിരിക്കെ പാലം തുറന്നുകൊടുത്ത് ബിജെപി പ്രവർത്തകർ. കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപിയെ പൂർണ്ണമായും ഒഴിവാക്കിയതിന്റെ പ്രതിഷേധമാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

സംസ്ഥാനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. എല്ലാ മേഖലയിലും കേന്ദ്ര സർക്കാർ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ എല്ലാ സമയത്തും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എളമരം പാലത്തിന്റേത് ഉൾപ്പെടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സഹായം ലഭിച്ചത്.

എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധിയെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തി മാന്യത കാണിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഉദ്ഘാടന ചടങ്ങിൽ നിന്ന് ബിജെപിയെ പൂർണ്ണമായും ഒഴിവാക്കി. ബിജെപി വിരുദ്ധ മുന്നണി രൂപീകരിച്ചാണ് ഉദ്ഘാടനം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പാലം തുറന്നുകൊടുക്കുന്നതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

പാലം തുറന്നുകൊടുത്തതോടെ നൂറു കണക്കിന് ആളുകളും വാഹനങ്ങളും ഉദ്ഘാടനത്തിന് മുന്നേ പാലത്തിലൂടെ യാത്ര ചെയ്തു. 11 തൂണുകളിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 11 മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതകളുടെ വീതി 1.75 മീറ്ററാണ്. ആകെ 10 സ്ലാബുകളാണുള്ളത്.

പാലം നിർമ്മാണത്തിന്റെ സ്ട്രക്ച്ചർ പ്രവൃത്തി, പെയിന്റിങ് എന്നിവ പൂർത്തീകരിച്ചു. അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. സി ആർ എഫ് പദ്ധതിക്കു കീഴിൽ 35 കോടിരൂപ ചെലവിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വിശിഷ്ടാതിഥിയാവും.