മനാമ: പ്രവാസി വോട്ടു സുപ്രീം കോടതിയുടെ പരിഗണയിലിരിക്കെ ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ പ്രവാസി സംഘടനക്ക് രൂപം നല്കുവാൻ ആലോചിക്കുന്നു.  പല രാജ്യങ്ങളിലും ബി ജെ പി യുടെ നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുസ്ലിം രാഷ്ട്രങ്ങളിൽ പരസ്യമായ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കുവാൻ ശ്രമിക്കുന്ന ബി ജെ പി ക്ക് പ്രവാസി വോട്ടുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും എന്ന വിലയിരുത്തലാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുവാൻ കാരണം.

ബി ജെ പി അനുകൂലികൾ നിരവധി ജോലി ചെയ്യുന്ന ഗൾഫ് നാടുകളിൽ സംഘടന വരുന്നത് സാമ്പത്തികമായും പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. യു എ  ഇ യിൽ സംഘടന രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. കേരളത്തിലെ പ്രമുഖ നേതാക്കളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.

കോൺഗ്രസിനും ഇടത് പാർട്ടികൾക്കും മുസ്ലിം ലീഗിനും വേരോട്ടമുള്ള സ്ഥലമാണ് ഗൾഫ് നാടുകൾ. അതുകൊണ്ട് തന്നെ പ്രവാസികളായ ബി ജെ പി പ്രവർത്തകർക്ക് സംഘടന രൂപീകരിക്കുന്നതിൽ താല്പര്യമുണ്ട് എങ്കിലും മുസ്ലിം രാജ്യങ്ങളിൽ സംഘടന യുടെ പ്രവർത്തനം എങ്ങനെ വ്യാപിപ്പിക്കും എന്ന ചിന്തയിലാണ് പ്രവാസികളായ ബി ജെ പി അനുകൂലികൾ. ഇന്ത്യയിൽ ഭരണം ഉള്ളത് മുതലാക്കുവാനാണ് ഇവർ ശ്രമിക്കുന്നത്   പ്രവാസി   വോട്ടു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാഴ്‌ച്ച കൂടി അനുവദിരിക്കുകയാണ്‌