തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇത്തവണ മത്സരിക്കുന്നത് പഴയ മട്ടിൽ സാന്നിധ്യം അറിയിക്കാനല്ല. അധികാരത്തിൽ എത്തുമെന്ന അവകാശവാദം ഉയർത്തിയാണ്. പാർട്ടി 30,000 ത്തിൽ അധികം വോട്ട് നേടുന്ന 42 മണ്ഡലങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. 20 ശതമാനത്തിൽ അധികം വോട്ട് കിട്ടുന്ന മണ്ഡലങ്ങളിലും പ്രത്യേക ശ്രദ്ധ വയ്ക്കുന്നു. അകന്നുനിന്നിരുന്ന ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ വലിയ അളവിൽ വിജയിച്ചു. എന്നാൽ, മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ പാർട്ടിയിൽ വ്യത്യസ്ത സ്വരങ്ങൾ ഉയരുന്നു. അത് മുസ്ലിം ലീഗ് എന്ന കക്ഷിയോടുള്ള സമീപനം സംബന്ധിച്ചായാലും. ഏറെ നാൾ പാർട്ടിയുമായി നിസ്സഹകരിച്ച ശേഷം ദേശീയ നേതൃത്വത്തിന്റെ ആശീർവാദത്തോടെ പാർട്ടിയിലേക്ക് മടങ്ങി വന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയാണ് ഇപ്പോഴത്തെ തർക്കവിഷയം. ശോഭയെ കെ.സുരേന്ദ്രനും കൂട്ടരും വേണ്ടത്ര ഗൗനിക്കുന്നില്ലെങ്കിലും കുമ്മനം രാജശേഖരൻ ഈ വിഷയത്തിൽ ശോഭയ്ക്ക് പിന്തുണയുമായി എത്തി.

മുസ്ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എൻഡിഎയോടൊപ്പം വരാൻ തയാറായാൽ സ്വീകരിക്കുമെന്നാണ് ശോഭ സുരേന്ദ്രൻ നേരത്തെ പറഞ്ഞത്. താൻ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ വേദിയിൽ ശോഭ ആവർത്തിക്കുകയും ചെയ്തു. വർഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ മുസ്ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബിജെപിയുടെ മുഖമുദ്രയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രൻ ശോഭയുടെ നിലപാട് തള്ളിക്കളഞ്ഞെങ്കിലും ലീഗിനു മുന്നിൽ ബിജെപി വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതൽ ഘടകകക്ഷികൾ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞത് ആശയക്കുഴപ്പം കൂട്ടി.

എന്നാൽ, രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗെന്നും ആ കക്ഷിയുമായി ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും സുരേന്ദ്രൻ പാലക്കാടും തൃശൂരുമൊക്കെ വ്യക്തമാക്കി.മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ കക്ഷിയാണ്. വിജയയാത്രയുടെ ഭാഗമായി തൃശൂരിൽ എത്തിയതായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിലുള്ളവർക്ക് പാർട്ടി വിട്ട് ബിജെപിയിലേക്കു വരാം. മുസ്ലിം ലീഗ് അവരുടെ നയം പൂർണമായി ഉപേക്ഷിച്ച് വരുന്നുവെങ്കിൽ സ്വാഗതം. മുസ്ലിംകൾ അല്ലാത്തവർക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാർട്ടി ഒരു മതേതര പാർട്ടി ആകുന്നതെങ്ങനെ എന്നു സുരേന്ദ്രൻ ചോദിച്ചു.

അതേസമയം, മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. വർഗീയ നിലപാട് തിരുത്തി വന്നാൽ ലീഗിനെ എൻഡിഎ ഉൾക്കൊള്ളുമെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്. കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. സിപിഎമ്മുമായി സഹകരിക്കാൻ ലീഗിന് കഴിയില്ല. ആ സാഹചര്യത്തിൽ ലീഗിന് നല്ലത് എൻഡിഎയാണെന്നും ശോഭ അഭ്രപ്രായപ്പെട്ടിരുന്നു

എന്നാൽ, ബിജെപിയിലേക്കു ശോഭ സുരേന്ദ്രൻ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നുവെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രതികരണം. ' ബിജെപിക്കാരി ആണെങ്കിലും ഔദ്യോഗിക വിഭാഗത്തിനൊപ്പം നിൽക്കുന്ന ആളല്ല ശോഭ സുരേന്ദ്രൻ. ശോഭ ബിജെപിയിൽനിന്നു പുറത്താണ്. അവർ എന്തിനാണ് ആ ചൂണ്ടയിട്ടത് എന്നു ഞങ്ങൾക്കറിയില്ല. ബിജെപിയുമായി സഹകരിക്കുന്ന പ്രശ്‌നം ലീഗിനെ സംബന്ധിച്ചില്ല. ഇന്ത്യയിൽ ബിജെപിക്ക് എതിരായി സിപിഎം അടക്കം എല്ലാ പാർട്ടികളെയും ഒരുമിച്ചുനിർത്തി പോരാടുകയാണ്. ജനാധിപത്യവും മതേതരത്വവും പാർലമെന്റും ജുഡിഷ്യറിയും എല്ലാം ബിജെപി കുഴപ്പത്തിലാക്കി. അതിനെതിരെ പോരാടുന്ന ഘട്ടത്തിൽ എങ്ങനെയാണു ബിജെപിയുമായി സഹകരിക്കുക? മതന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും സഹകരിക്കാൻ പറ്റില്ലല്ലോ. ഏകപക്ഷീയമായാണു ബിജെപി കാര്യങ്ങൾ നടത്തുന്നത്. ശോഭയുടെ ക്ഷണത്തെ ഞങ്ങൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല, പുച്ഛിച്ചു തള്ളുന്നു.'

ബിജെപിയിലെ ഉൾപ്പോരിൽ ശോഭ സുരേന്ദ്രനെ മുൻനിർത്തി ഒരുവിഭാഗം കളിക്കുകയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അതല്ല, സംസ്ഥാന നേതൃത്വത്തോടുള്ള നീരസം ശോഭ വീണ്ടും പ്രകടമാക്കുകയാണെന്നും അഭിപ്രായം വരുന്നു. ഏതായാലും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഇത് തള്ളിയതോടെ, സുരേന്ദ്രനൊപ്പമാണ് ദേശീയ നേതൃത്വം എന്ന് സൂചനയാണ് ലഭിക്കുന്നത്.