ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. മോദിയുടെ ബിരുദപഠനവുമായി ബന്ധപ്പെട്ടു ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയും പുറത്തുവിട്ട രേഖകൾ പുതിയ വിവാദത്തിന് തുടക്കമിടുന്നു. രേഖകൾ വ്യാജമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡൽഹി സർവകലാശാലയിലെ രേഖകൾ സംയുക്തമായി പരിശോധിക്കാൻ ബിജെപി നേതാക്കൾ തയാറുണ്ടോയെന്ന് എഎപി വെല്ലുവിളിച്ചു.

രേഖകളിൽ വൈരുധ്യമുണ്ടെന്നും പ്രധാനമന്ത്രി നേരിട്ടു വിശദീകരണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോപ്പിയടിക്കാൻ പോലും ബുദ്ധിയില്ലാത്തവരാണു ബിജെപി നേതാക്കളെന്നു പുതിയ രേഖകൾ കാണിക്കുന്നതായി എഎപി പരിഹസിച്ചു. അമിത് ഷായും ജയ്റ്റ്‌ലിയും പുറത്തുവിട്ട ബിഎ മാർക്ക്‌ലിസ്റ്റ് 1978ലേതാണ്. ഡിഗ്രി സർട്ടിഫിക്കറ്റ് 1979ലേത്. ബിഎ സർട്ടിഫിക്കറ്റിൽ നരേന്ദ്ര കുമാർ ദാമോദർദാസ് മോദി എന്നാണു പേര്. ഗുജറാത്ത് സർവകലാശാലയിൽ നിന്നു ലഭിച്ചതെന്നു പറയുന്ന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിൽ നരേന്ദ്ര ദാമോദെർദാസ് മോദി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ബിരുദ രേഖകളിലൊന്നിൽ ങഛഉക എന്നും മറ്റൊന്നിൽ ങഛഉഥ എന്നും എഴുതിയിരിക്കുന്നു. വിദ്യാഭ്യാസ രേഖകളിലെ പേരിൽ മാറ്റംവരുത്തുന്നതിനു സത്യവാങ്മൂലം നൽകണമെന്നു വ്യവസ്ഥയുണ്ട്. ഇതെല്ലാം പുതിയ സംശയങ്ങളായി ഉയർത്തുകയാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും.

മോദി ഡൽഹി സർവകലാശാലയിലോ ഗുജറാത്ത് സർവകലാശാലയിലോ പേരുമാറ്റത്തിന് അഭ്യർത്ഥിച്ചു നൽകിയ സത്യവാങ്മൂലം ബിജെപി പുറത്തുവിടണമെന്നു ആംആദ്മി പാർട്ടി് ആവശ്യപ്പെട്ടു. പുറത്തുവിട്ട രേഖകളിലെ വൈരുധ്യത്തെക്കുറിച്ചു പ്രധാനമന്ത്രി നേരിട്ടു വിശദീകരണം നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്താൻ ഡൽഹി സർവകലാശാല തയാറാകണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ, എംഎ ബിരുദങ്ങൾ വ്യാജമാണെന്ന ആം ആദ്മി പാർട്ടി ആരോപണം നിഷേധിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിയും സംയുക്ത പത്രസമ്മേളനം നടത്തിയാണു മറുപടിയും തെളിവും നൽകിയത്. ഡൽഹി സർവകലാശാലയിൽ നിന്നു കറസ്‌പോണ്ടൻസ് കോഴ്‌സിലൂടെ നേടിയ ബിഎ സർട്ടിഫിക്കറ്റാണു ബിജെപി പരസ്യപ്പെടുത്തിയത്.

പ്രധാനമന്ത്രിക്കും രാജ്യത്തിനും അപകീർത്തികരമായ ആരോപണമുന്നയിച്ച കേജ്‌രിവാൾ ജനങ്ങളോടു മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കള്ളങ്ങൾ പ്രചരിപ്പിച്ചു പൊതുചർച്ചകളുടെ നിലവാരം തകർക്കുകയാണു കേജ്‌രിവാൾ ചെയ്യുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ആരോപണം തെളിയിക്കാൻ അമിത് ഷായും അരുൺ ജയ്റ്റ്‌ലിയും കേജ്‌രിവാളിനെ വെല്ലുവിളിച്ചു. ഡൽഹി സർവകലാശാലാ പരീക്ഷയെഴുതാനായി മോദി ഡൽഹിയിൽ എബിവിപി ഓഫിസിൽ താമസിച്ചിരുന്ന കാലത്ത് എബിവിപി സംസ്ഥാന അധ്യക്ഷനായിരുന്ന തനിക്കു പരിചയമുണ്ടായിരുന്നുവെന്ന് അരുൺ ജയ്റ്റ്‌ലി പറഞ്ഞു. അക്കാലത്ത് എബിവിപി ഓഫിസിൽ താമസിച്ചിരുന്ന മുൻ എംഎൽഎ നരേഷ് ഗൗറും സാക്ഷി പറയാനെത്തി.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകളുമായി ബന്ധപ്പെട്ട റെക്കോർഡ് സീൽ ചെയ്‌തെന്ന ആരോപണം ഡൽഹി സർവകലാശാലാ വൈസ്ചാൻസലർ യോഗേഷ് ത്യാഗി നിഷേധിച്ചു. ബിജെപി നേതാക്കൾ പുറത്തുവിട്ട മോദിയുടെ ബിരുദരേഖകളുടെ ആധികാരികത സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിച്ചതുമില്ല. രേഖകൾ ആവശ്യപ്പെട്ടു കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ കത്തു ലഭിച്ചിട്ടുണ്ട്. റെക്കോർഡുകൾ പരിശോധിച്ചശേഷം ഇതിനു മറുപടി നൽകും. വിവരാവകാശ കമ്മിഷണറുടെ ഉത്തരവു ഗൗനിക്കാതെ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട രേഖകൾ ഡൽഹി സർവകലാശാല സീൽ ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചിരുന്നു.