കോതമംഗലം: പഞ്ചായത്തിൽ കാട്ടാനശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഭരണ നേതൃത്വങ്ങൾക്കെതിരെ ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആനപിണ്ടവുമായി പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അടുത്ത് വരെ കഴിഞ്ഞ ദിവസം കാട്ടാന എത്തി ജനവാസകേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തുകയും നിരവധി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

അധികാരികളുടെയും, ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കാട്ടനാ ശല്യം ഒഴിവാക്കുന്ന കാര്യത്തിൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യത്ര്യസ്ഥ രീതിയിൽ ഇങ്ങനെ ഒരു സമരം സ്വീകരിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി റബ്ബർ, വാഴ കൃഷികൾ നശിപ്പിക്കുകയും, മതിലുകൾ ഇടിച്ച് ഇടുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് തന്നെയാണ് ആനയിറങ്ങി ഒരു പോത്തിനെ കൊന്നത്. വൈകുന്നേരമായാൽ ഈ പ്രദേശത്തുള്ളവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പിണ്ടിമന വെറ്റിലപ്പാറ റൂട്ടിൽ ആനക്കൂട്ടം എത്തുന്നത് പതിവായിരിക്കുകയാണ് എത്രയും വേഗം ഫെൻസിംഗുകൾ സ്ഥാപിക്കുകയും അത് സ്ഥാപിക്കുന്നത് വരെ രാത്രികാലങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഈ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് ഇടുകയും വേണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

പ്രതിഷേധ സമരത്തിൽ ബിജെപി പിണ്ടിമന പഞ്ചായത്ത് സമിതി പ്രസിഡണ്ട് അരുൺ കെ കെ അധ്യക്ഷനായി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എ. എൻ രാമചന്ദ്രൻ നായർ, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ നോബി തുടങ്ങിയവർ പ്രസംഗിച്ചു.