ജ്യോതിഷത്തെ പ്രതിരോധിക്കാൻ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ് ബിജെപി. അതിനവർ ആയുധമാക്കിയിരിക്കുന്നത് ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെത്തന്നെ. രാജീവ് ഗാന്ധിയുടെ ജാതകം തയ്യാറാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നെഹ്‌റു അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് ബിജെപിയുടെ ശ്രമം. 1944 ഓഗസ്റ്റ് 29-ന് കൃഷ്ണ ഹൂത്ത്‌സിങ്ങ് എന്ന ജ്യോതിഷിക്ക് നെഹ്‌റു അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

കൃത്യമായ ജാതകത്തിന്റെ ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നെഹ്‌റുവിന്റെ കത്ത്. ജനനം സംബന്ധിച്ച് സമയവും മുഹൂർത്തവുമൊക്കെ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ പറയുന്നുണ്ട്. നല്ലൊരു ജ്യോതിഷിയെ തേടേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി മകൾകൂടിയായ ഇന്ദിരാ ഗാന്ധിക്കും നെഹ്‌റു കത്തയച്ചിരുന്നു.

മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അടുത്തിടെ ഒരു കൈനോട്ടക്കാരനെ സമീപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടർച്ചയാണ് ഇതും. നെഹ്‌റു മുന്നോട്ടുവച്ച ശാസ്ത്രീയ വീക്ഷണത്തെ അട്ടിമറിക്കുന്നതാണ് സ്മൃതിയുടെ നടപടിയെന്നായിരുന്നു രാഷ്ട്രീയ പ്രതിയോഗികൾ ആരോപിച്ചിരുന്നു. അതിനെ പ്രതിരോധിക്കാനാണ് നെഹ്‌റുവിന്റെ കത്തുതന്നെ ബിജെപി ആയുധമാക്കുന്നത്.

വെങ്കയ്യ നായിഡുവും രവിശങ്കർ പ്രസാദും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് നെഹ്‌റുവിന്റെ കത്ത് പുറത്തുവിട്ടത്. കോൺഗ്രസ് എംപി. ഹനുമന്ത റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച പരാമർശം വിവാദമാവുകയും രാജ്യസഭ അതിന്റെ പേരിൽ തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കത്ത് പുറത്തുവിട്ടതെന്ന പ്രത്യേകതയുമുണ്ട്.