- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലും എത്തി? ചെന്നിത്തലയുടെ ആരോപണം കടുപ്പിച്ച് ബിജെപി; ഇപിയുടെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനെന്ന് സന്ദീപ് വാര്യർ; ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനത്ത് ഫ്ളാറ്റിലെ ഫർണിച്ചർ വാങ്ങി തന്നവരിൽ സംശയം പ്രകടിപ്പിക്കുന്ന ബിജെപി തെളിവ് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ്; വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ എന്ന് സന്ദീപും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രണ്ടാം മന്ത്രി ആരോപണത്തിന് ബിജെപി ചൂടുകൂട്ടുകയാണ്. സ്വപ്ന സുരേഷിന് മറ്റൊരു മന്ത്രിയുമായും ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ആദ്യം തെളിച്ചുപറഞ്ഞില്ലെങ്കിലും പിന്നീടത് പരസ്യമാക്കി. കേരളത്തിൽ നിന്ന് പോകുന്നതിനു മുമ്പ് സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയരാണ് ആവശ്യപ്പെട്ടത്. സ്വപ്നയ്ക്ക് മറ്റൊരു മന്ത്രിയുമായും ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിനു പിന്നാലെയാണ് സന്ദീപ് വാരിയരുടെ പരാമർശം. മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമർശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നേരിട്ടുള്ള ആക്ഷേപം.ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് ആരോപിച്ചു.
അതേസമയം ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇതിനോടു പ്രതികരിച്ചത്. ഏത് തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വർണ്ണക്കടത്തിൽ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അത് കടകംപള്ളിയാണെന്ന് ബിജെപിയുടെ വെളിപ്പെടുത്തൽ വന്നത്.
മുഹമ്മദ് റിയാസിനെതിരെയും ആരോപണം
അതേസമയം, മകളും മരുമകളും താമസിക്കുന്ന ഫ്ളാറ്റിലെ ഫർണിച്ചർ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന സന്ദീപ് വാരിയരുടെ ആരോപണത്തോട് പ്രതികരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി.
ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ആരോപണമുന്നയിച്ച ആൾക്ക് തെളിവുകൾ പുറത്തുവിടാനുള്ള ധാർമികമായ ബാധ്യതയുണ്ടെന്നും റിയാസ് പറഞ്ഞു. സന്ദീപ് ഇതിന് ഫേസ്ബുക്കിലൂടെ മറുപടിയും നൽകി.
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.
അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .? ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്. ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.? വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ ...?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ, ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം. മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത് തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്.
-പി എ മുഹമ്മദ് റിയാസ്
സന്ദീപ് വാര്യർമറുപടി രണ്ടു വാചകങ്ങളിൽ ഒതുക്കി
വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ ?
ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും എഡിറ്റ് ചെയ്യാത്ത കല്യാണ വീഡിയോയും പുറത്ത് വിടാൻ ധൈര്യമുണ്ടോ
മറുനാടന് മലയാളി ബ്യൂറോ