ചെങ്ങന്നൂർ: കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് അസ്ഥാനത്താണോ എന്ന ചർച്ച പൊടിപൊടിക്കുമ്പോൾ, ഇനിയെങ്കിലും പാർട്ടി നന്നാകുമോ എന്ന പ്രതീക്ഷയിലാണ് പിന്നാക്ക സമുദായക്കാരായ നേതാക്കൾ. സവർണ നേതാക്കൾക്ക് മാത്രം സ്ഥാനങ്ങൾ നൽകി, പിന്നാക്ക-ന്യൂനപക്ഷ നേതാക്കളെ മൂലയ്ക്കൊതുക്കുകയും ഗ്രൂപ്പ് പോര് ശക്തിപ്പെടുത്തുകയുമാണ് ഇക്കാലമത്രയും നടന്നത് എന്ന ആരോപണം ശക്തമാണ്. കാര്യങ്ങൾ ഓരോന്നായി പോസ്റ്റുമോർട്ടം നടത്തിയാൽ ഈ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും വ്യക്തമാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യും. ഇക്കാര്യം മാനത്ത് കണ്ടു കൊണ്ടു തന്നെയാണ് ഇപ്പോൾ തന്നെ കേന്ദ്രനേതൃത്വം കുമ്മനത്തെ പിൻവലിച്ചിരിക്കുന്നത്.

കുമ്മനം വന്നതോടെ ആർഎസ്എസ് പിടിമുറുക്കി. ഒപ്പം വിഭാഗീയതയും ശക്തമായി. വെറും വിഭാഗീയതയല്ല, ജാതീയമായ വിഭാഗീയത. ഈഴവരായ വി മുരളീധരൻ, കെ സുരേന്ദ്രൻ എന്നിവർക്ക് എതിരേ പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള നായർ പ്രമാണിമാർ പട നയിച്ചു. ഈഴവരാദി പിന്നാക്കങ്ങൾ മുരളീധരനൊപ്പം നിരന്നപ്പോൾ നായന്മാരും അതിന് മുകളിലുള്ളവരും കൃഷ്ണദാസ് പക്ഷത്ത് വന്നു. നേതൃനിരയിലേക്ക് വന്ന ആർഎസ്എസുകാരും ഒരു പ്രയോജനവും ഇല്ലെന്ന് അറിഞ്ഞിട്ടും എൻഎസ്എസിനൊപ്പം നിന്നു. ഒരിക്കലും ബിജെപിക്കോ ആർഎസ്എസിനോ വേണ്ടി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംസാരിച്ചിട്ടില്ല.

അതേസമയം, അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. നേതൃനിരയിലുള്ള നായന്മാരേക്കാളുപരി പാർട്ടിക്ക് ഗുണം ചെയ്യുന്നത് സാദാ പ്രവർത്തകരായ ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ ആണെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചു. കേന്ദ്രനേതൃത്വത്തിൽ പിടിപാടുണ്ടായിരുന്നതു കൊണ്ടുമാത്രമാണ് വി മുരളീധരനെ അടിച്ചമർത്താൻ കൃഷ്ണദാസ് പക്ഷത്തിന് കഴിയാതെ പോയത്. ഈഴവർ, പട്ടികജാതി/വർഗക്കാർ, ആദിവാസിജനവിഭാഗം എന്നിവയൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിലകൊണ്ടിരുന്നു. അപ്പോഴും നായർ വോട്ടുകളാണ് ബിജെപിക്ക് നഷ്ടമായത്.

ആദിവാസി ഗോത്രമഹാസഭയുടെ നേതാവായിരുന്ന സികെ ജാനു അടക്കമുള്ളവർ തങ്ങൾക്കൊപ്പം വന്നത് മുതലാക്കാൻ കുമ്മനത്തിന്റെ നേതൃത്വത്തിനായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് ഉണ്ടായിരുന്ന ഐക്യം വിഘടിച്ചു പോകുന്നത് നോക്കി നിൽക്കുക മാത്രമാണ് കുമ്മനം ചെയ്തത്. മുന്നണിയിൽ ഒപ്പമുണ്ടായിരുന്ന ബിഡിജെഎസ്, ആർഎസ്‌പി താമരാക്ഷൻ, ജെഎസ്എസ് രാജൻബാബു, കേരളാ കോൺഗ്രസ് പിസി തോമസ് എന്നിവർക്ക് ഒന്നും നൽകാനോ ഒപ്പം നിർത്തി മുന്നണി വിപുലീകരിക്കാനോ ശ്രമിച്ചില്ല.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിലും നേതൃത്വം പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചുമതല വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന ടീമിനായിരുന്നു. ഒരിടത്ത് ജയിച്ചു. ഏഴിടത്ത് ചുരുങ്ങിയ വോട്ടുകൾക്ക് മാത്രം രണ്ടാം സ്ഥാനത്ത് വന്നു. മറ്റിടങ്ങിൽ 10 ഇരട്ടി വരെ വോട്ട് വർധിപ്പിക്കാനും കഴിഞ്ഞു. ഇത്രയും നേട്ടം കൊയ്ത ആ ടീമിനെ പൂർണമായും ഒഴിവാക്കി മെഡിക്കൽ കോഴക്കേസിൽ ആരോപണ വിധേയനായ എംടി രമേശിനെയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ചുമതല നൽകിയത്.

മുൻപ് ഇവിടെ മത്സരിച്ചുവെന്ന പേരിലായിരുന്നു ഇത്. എന്നാൽ, മെഡിക്കൽ കോഴ കേസിൽ നിന്ന് രമേശിനെ രക്ഷപ്പെടുത്താമെന്ന് പിണറായി സർക്കാർ ഏറ്റിട്ടുണ്ടെന്നും അതിന് പകരം ചെങ്ങന്നൂരിൽ ബിജെപിക്ക് വോട്ട് കുറയ്ക്കാമെന്ന് കൃഷ്ണദാസ് പക്ഷം ഏറ്റിട്ടുണ്ടെന്നുമാണ് എതിർ വിഭാഗം പറയുന്നത്. ഇതിനായിട്ടാണത്രേ രമേശിന് ചുമതല നൽകിയത്. ചെങ്ങന്നൂരിൽ 20,000 വോട്ടുള്ള പട്ടികജാതിക്കാരെയും 45000 വോട്ടുള്ള ഈഴവരെയും തഴഞ്ഞ് കൃഷ്ണദാസും കൂട്ടരും വെറും 2000 വോട്ടിന് വേണ്ടി മാണിഗ്രൂപ്പിന്റെ പിന്നാലെ പോയെന്നും ആരോപണമുണ്ട്.

കേരളത്തിലെ ഗുജറാത്താണ് ബിജെപിക്ക് തിരുവൻവണ്ടൂർ പഞ്ചായത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെയും മാന്നാർ, പാണ്ടനാട് മേഖലകളിലും ബിജെപിക്ക് വൻ വോട്ടു ചോർച്ചയാണുണ്ടായത്. ശ്രീധരൻ പിള്ളയുടെ പരാജയത്തിന് വഴി തെളിച്ചതും ഇതാണ്. ഇവിടെ നിന്ന് നായർ വോട്ടുകൾ കൂട്ടത്തോടെ രാമചന്ദ്രൻ നായർക്ക് പോയതാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായത്. അന്നത്തെ വോട്ടു ചോർച്ച അന്വേഷിക്കണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ ആവശ്യം ഉയർന്നിരുന്നു. അത് പരിഗണിക്കാൻ കുമ്മനവും കൂട്ടരും തയാറായിട്ടില്ല.

ചെങ്ങന്നൂർ മണ്ഡലം സ്വപ്നം കണ്ട് നടക്കുന്ന യുവനേതാവിന് വേണ്ടിയാണ് അന്ന് ആ അട്ടിമറി നടത്തിയത്. ഇദ്ദേഹവും ഇപ്പോൾ പ്രചാരണത്തിന് മുൻനിരയിലുണ്ട്. അതേസമയം, പഴി കേൾക്കാതിരിക്കാൻ പ്രചാരണത്തിന് വന്നു എന്ന് വരുത്തി തീർത്ത് സ്ഥലം വിടുകയാണ് വി മുരളീധരനും കെ സുരേന്ദ്രനും ചെയ്തത്. ചെങ്ങന്നൂരിൽ ശക്തമായ പ്രചാരണം ബിജെപി നടത്തുന്നുണ്ട്. ബിഡിജെഎസ് വോട്ട് അവർക്ക് കിട്ടില്ല എന്ന കാര്യവും ഉറപ്പിച്ചു. 30,000 വോട്ടെങ്കിലും പിടിച്ച് ശക്തി തെളിളയിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ അതിന് അനുവദിക്കില്ല എന്നു തന്നെയാണ് പാർട്ടിയിലെ വിഭാഗങ്ങൾ പറയുന്നത്.