- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പടിക്ക് പുറത്താകുമോ? വിമതശബ്ദം വെച്ചു പൊറുപ്പിക്കില്ലെന്ന നിലപാടിൽ കെ സുരേന്ദ്രന്റെ കരുനീക്കങ്ങൾ; ഡൽഹിയിൽ എത്തി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടത് ശോഭക്കെതിരായ ആരോപണങ്ങളുടെ ഭാണ്ഡങ്ങളുമായി തെളിവുകൾ നിരത്തിക്കൊണ്ട്; കേരളത്തിലെ തീപ്പൊരി വനിതാ നേതാവിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം തുടരുന്നു
തൃശ്ശൂർ: സംസ്ഥാന ബിജെപിയിലെ വെടിനിർത്തലിന് ഇനിയും വിരാമമായില്ല. നേതൃത്വത്തിനെതിരെ പരസ്യമായി തുറന്നടിച്ചു ശോഭാ സുരേന്ദ്രനെതിരായ കരുനീക്കം ശക്തമാക്കി കെ സുരേന്ദ്രൻ വിഭാഗം. സുരേന്ദ്രന്റെ ഡൽഹി ദൗത്യത്തിലെ പ്രധാന കാര്യവും ശോഭയുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്ന കാര്യമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംസ്ഥാന ബിജെപിയിൽ വിഭാഗീയതയും പിണക്കങ്ങളും സജീവമായി നിൽക്കെ ശോഭസുരേന്ദ്രൻ മിസോറാം ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടുമായ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതും ബിജെപിയിലെ വിഭാഗീയതയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എന്ന വിവരമാണ് പുറത്തുവരുന്നത്.
കെ സുരേന്ദ്രൻ പ്രസിഡണ്ടായതിന് ശേഷം ബിജെപിയുടെ പൊതു പരിപടികളിലോ ചാനൽ ചർച്ചകളിലോ മറ്റുവേദികിലോ ശോഭസുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല എന്നത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ കോഴിക്കോടെത്തി ശ്രീധരൻ പള്ളിയുമായി ചർച്ച നടത്തുന്നത്. കെ സുരേന്ദ്രൻ തനിക്കെതിരെ പരാതികളുമായി നദ്ദയെ കണ്ടതിന് ശേഷമുള്ള കാര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു കൂടിക്കാഴ്ച്ച.
അതേസമയം ശോഭയെ ബിജെപിയിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ട്. കേരളത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെയാണ് സുരന്ദ്രൻ നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയിൽ ബോധിപ്പിച്ചത്. ശോഭാ സുരേന്ദ്രനെതിരായ ഫയലാണ് ദേശീയ അധ്യക്ഷന് നൽകിയതെന്നാണ് സൂചന. ഇതിൽ തനിക്കെതിരെ അടക്കം ഉന്നയിക്കുന്ന ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്ന് ബോധിപ്പിക്കുന്നതാണെന്നാണ് സുരേന്ദ്രൻ പറയുന്നത്. അതേസമയം ഈ ഫയൽ ശോഭയെ ലക്ഷ്യമിട്ടുള്ളതാണ് താനും.
അതേസമയം ശോഭയെ പുറത്താക്കണം എന്നത് അടക്കമുള്ള ആവശ്യത്തോട് കേന്ദ്ര നേതൃത്വം തൽക്കാലം പ്രതികരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാനുള്ള നിർദേശമാണ് നദ്ദ നൽകിയത്. ഇതോടെ തൽക്കാലത്തേക്ക് ശോഭാ സുരേന്ദ്രനെതിരായ നീക്കം നടത്താൻ സുരേന്ദ്രന് കഴിയില്ല. എന്നാൽ, ഇപ്പോഴത്തെ ശ്രമം പരാജയപ്പെട്ടാലും അവസരം കിട്ടുമ്പോൾ ശോഭക്കെതിരെ തിരിയാനാണ് കെ സുരേന്ദ്രന്റെയും കൂട്ടരുടെയും നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫണ്ട് കൂടി ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രന്റെ ഡൽഹി ദൗത്യമെന്നും സൂചനകളുണ്ട്. ഫണ്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയാകും. കേരളത്തിൽ ഇടതു ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് വൻതോതിൽ പണമൊഴുക്കൽ സിപിഎം നടത്തും. അതുകൊണ്ട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഫണ്ടൊഴുക്കേണ്ടി വരുമെന്നുമാണ് സുരേന്ദ്രൻ മുന്നോട്ടു വെച്ച ആവശ്യം. അതേസമയം കേരളത്തിലെ സാഹചര്യങ്ങൾ കൃത്യമായി അറിവുള്ള കാര്യമാണ് എന്നതിനാൽ തന്നെ നദ്ദ ഇക്കാര്യത്തിൽ അടക്കം കൂടുതലൊന്നും പറഞ്ഞില്ല.
അസംതൃപ്തരെ ഏകോപിപ്പിക്കുന്ന ശോഭാ സുരേന്ദ്രന്റെ നീക്കമാണ് സുരേന്ദ്രനെയും കൂട്ടരെയും ചൊടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടിലേക്ക് അദ്ദേഹം മറുകയും ചെയ്യുനന്നു. ശോഭാ സുരേന്ദ്രന്റെയും സംസ്ഥാനത്തെ 24 നേതാക്കളുടെയും പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണു കണ്ടിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലുള്ള മലയാളികളായ ടോം വടക്കൻ, അരവിന്ദ് മേനോൻ, ബാലശങ്കർ, രാജീവ് ചന്ദ്രശേഖർ, അബ്ദുള്ളക്കുട്ടി എന്നിവരോട് കേന്ദ്രനേതൃത്വം കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം തേടിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി പുതിയ ആളാണെന്നു പറഞ്ഞ് കാര്യങ്ങൾ അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റു നാലുപേരും വിഷയം പരിഹരിക്കേണ്ടതാണെന്ന അഭിപ്രായമാണ് സൂചിപ്പിച്ചിട്ടുള്ളത്.
പാർട്ടിയിലെ വിഷയങ്ങൾ നീളുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോർ കമ്മിറ്റി കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനായിട്ടില്ല. പല ജില്ലകളിലെയും നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞ് നിൽക്കുന്നതിനാൽ പ്രശ്നപരിഹാരം കാണാൻ കഴിയാത്ത അവസ്ഥയുമുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും തൽകാലം ഈ പ്രശ്നങ്ങൾ ഇവിടെ തന്നെ തീർക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ