കൊച്ചി: നേമത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ബിജെപി നേതൃത്വത്തോട് ആർഎസ്എസ് ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകണം സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡമെന്നു ബിജെപിയോട് ആർഎസ്എസ് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചു. എല്ലാ സീറ്റിലേക്കുമുള്ള സ്ഥാനാർത്ഥികളെ കുറിച്ചും ചർച്ച ചെയ്തു. വിജയസാധ്യതയുള്ള എല്ലാവരും മത്സരിക്കണമെന്നും ആർഎസ്എസ് നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന്റെ എല്ലാ മേഖലയിലും ആർഎസ്എസ് നിർണ്ണായക സ്വാധീനം ചെലുത്തും.

പൊതുകാര്യ പ്രസക്തിയുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്നും ആവശ്യപ്പെട്ടു. നേമത്തിനൊപ്പം ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആർഎസ്എസ് താൽപ്പര്യം. ട്വന്റി ട്വന്റി കഴിക്കമ്പലവുമായി ചർച്ച നടത്തും. ബിജെപി അധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ എത്തുമ്പോൾ ്ട്വന്റി ട്വന്റിയുമായി ആശയ വിനിമയത്തിനുള്ള സാധ്യത തേടും. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും കാസർഗോഡും കൂടുതൽ ശ്രദ്ധ നൽകും. വിഭാഗീയത ഇല്ലാതാക്കാനും ഇടപെടൽ വേണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിൽ ആർഎസ്എസ് നേതാക്കളും ബിജെപിയുടെ മുതിർന്ന നേതാക്കളും തമ്മിലുള്ള യോഗം നീണ്ടതു വൈകിട്ട് ആറരവരെ. സംസ്ഥാന ഘടകത്തിലെ അനൈക്യം തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതകൾ സ്ഥാനാർത്ഥിനിർണയം മുതലേ ഇല്ലാതാക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശം. അതേസമയം, വിജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്ക് അവസരം നൽകണം. നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം. സുരേഷ് ഗോപിയേയും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. മികച്ച സ്ഥാനാർത്ഥികളെ നിർത്തിയാൽ കൂടുതൽ സീറ്റുകളിൽ ജയിക്കാമെന്നാണ് വിലയിരുത്തൽ.

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർതന്നെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമാകുകയും അനൈക്യത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന കടുത്ത ശാസനയും യോഗത്തിലുണ്ടായി. വിജയസാധ്യത കൂടിയ മണ്ഡലങ്ങളും ശരാശരിയിലേറെ സാധ്യതയുള്ള മണ്ഡലങ്ങളും തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കും. ഇത്തരം മണ്ഡലങ്ങളും വിജയസാധ്യതയും തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിച്ചു.

സംസ്ഥാന ബിജെപി സംഘടനാ ചുമതലയുള്ള തമിഴ്‌നാട് ഘടകം മുൻ സംസ്ഥാന പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ ഫെബ്രുവരി 6 മുതൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളും സന്ദർശിക്കും. സംഘടനയിൽ അനൈക്യം ഉണ്ടെങ്കിൽ അതു പരിഹരിച്ചാകും മുന്നോട്ടുപോകുകയെന്ന് അദ്ദേഹം ആർഎസ്എ സ് നേതാക്കൾക്ക് ഉറപ്പു നൽകി. ശോഭാ സുരേന്ദ്രനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ അതൃപ്തിയടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ഉണ്ടാകും. കേന്ദ്രമന്ത്രി വി.മുരളീധരൻ, ഒ.രാജഗോപാൽ എംഎൽഎ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.

ശോഭയുമായി പ്രശ്നമില്ലെന്നും വർക്കല സീറ്റിൽ അവരെ മത്സരിപ്പിക്കാമെന്നുമാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അർഹമായ പരിഗണന സംഘടനാ തലത്തിൽ വേണമെന്നതാണ് ശോഭയുടെ ആവശ്യം. അവർ ഇപ്പോൾ ഡൽഹിയിലാണുള്ളത്. ദേശീയ നേതൃത്വത്തിലെ പ്രമുഖരുമായും അവർ ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ഈ ചർച്ചകളിൽ എല്ലാം പ്രശ്ന പരിഹാര സൂചനകളാണുള്ളത്. എന്നാൽ അന്തിമ തീരുമാനങ്ങൾ ആയിട്ടുമില്ല. നേരത്തെ ശോഭാ സുരേന്ദ്രനുമായി സംസാരിക്കാൻ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ ബിജെപിയും ആർ എസ് എസും നിയോഗിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ നിലപാടുകൾ എഎൻആർ ആർ എസ് എസിനെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനവും വരും.

ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിലേക്ക് വരികയാണ്. ഫെബ്രുവരി ആദ്യവാരം രണ്ടുദിവസം നദ്ദ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് ചർച്ചകളിലും തൃശ്ശൂരിൽ പൊതുയോഗത്തിലും നദ്ദ പങ്കെടുക്കും. ബിജെപി. കോർ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും. ഈ യോഗങ്ങളിൽ ശോഭാ സുരേന്ദ്രൻ എത്തുമോ എന്നതാണ് ഇനി നിർണ്ണായകം, തിരുവനന്തപുരത്തായിരിക്കും നദ്ദ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാർട്ടി നേതാക്കളുമായും മുൻസിപ്പൽ കൗൺസിലർമാരുമായും മറ്റും ചർച്ച നടത്തും. ശേഷം കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും നഡ്ഡ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക.

പാർട്ടിയുടെ മീഡിയ വിഭാഗവും സോഷ്യൽ മീഡിയാ വിഭാഗവുമായും നദ്ദ ചർച്ച നടത്തും. ശോഭാ സുരേന്ദ്രനും നിലവിൽ തൃശൂർ കേന്ദ്രീകരിച്ചാണ് താമസം. അതുകൊണ്ട് തന്നെ നദ്ദയുടെ പരിപാടി അവർ ബഹിഷ്‌കരിച്ചാൽ അത് വലിയ ചർച്ചയായി മാറും. അതിന് മുമ്പ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനാണ് നീക്കം.