തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായെന്ന് ബിജെപിയുടെ വിലയിരുത്തൽ. പാർട്ടി നിയോഗിച്ച വസ്തുതാന്വേഷണ സംഘമാണ് ഈ നിഗമനത്തിൽ എത്തിയത്. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി.

താഴെത്തട്ടിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കീഴ്ഘടകങ്ങളിൽ നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതിൽ നേതൃത്വത്തിന് പക്വതക്കുറവുണ്ടായതായും കീഴ്ഘടകങ്ങൾ വിമർശിച്ചു. ബിഡിജെഎസിനേയും വിമർശിക്കുന്ന പ്രാദേശിക നേതാക്കളും ഉണ്ടായി.

സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല. കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിച്ചിരുന്നത്. ഇത് തോൽവിക്ക് പ്രധാന കാരണമായി വിലയിരുത്തൽ എത്തുന്നു. അക്കൗണ്ട് നഷ്ടപ്പെട്ടതിനും ഈ നിലപാട് കാരണമായെന്നാണ് വിലയിരുത്തൽ. കേരളത്തിലുടനീളം ആർഎസ് എസിനും വീഴ്ച വന്നുവെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

സംസ്ഥാന അധ്യക്ഷൻ രണ്ടിടത്ത് മത്സരിച്ചത് പരിഹാസ്യമായെന്നാണ് കീഴ്ഘടകങ്ങൾ അന്വേഷണ സംഘത്തോട് പറയുന്നത്. കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിച്ചിരുന്നത്. ഇതിനൊപ്പം പാർട്ടിയെ ഏകോപിപ്പിക്കാൻ ആരും ഉണ്ടായില്ലെന്ന വിലയിരുത്തലുമുണ്ടായി. പാലക്കാടും നേമത്തെ അടക്കം വീഴ്ചകൾ സമിതി തിരിച്ചറിയുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജില്ലകൾ തോറും യോഗങ്ങൾ വിളിച്ചു കൂട്ടിയ സമിതിക്ക് മുൻപാകെ നേതാക്കൾ കാരണങ്ങൾ നിരത്തുകയായിരുന്നു. മതിയായ മുന്നൊരുക്കം നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. 2016ലേത് പോലെ സംഘപരിവാർ ഏകോപനം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. സുപ്രധാന മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടായെന്നും വസ്തുതാന്വേഷണ സംഘത്തിന് പരാതി ലഭിച്ചു.

ഇതിനിടെ ബി.ഡി.ജെ.എസ് പ്രാദേശിക നേതാക്കൾ പരസ്യമായി ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും കീഴ്ഘടകങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്.