കൊച്ചി: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേരുന്നതിൽ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ ബിജെപി കോർ കമ്മിറ്റി യോഗസ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്.

ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് യോഗസ്ഥലം മാറ്റിയത്. കോർ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി ബിജെപി നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ ഹോട്ടലിൽ യോഗനടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹോട്ടൽ തുറക്കാനോ പ്രവർത്തിക്കാനോ പാടില്ലെന്ന് നിർദ്ദേശം നൽകി. തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റുകയായിരുന്നു. സംസ്ഥാന നേതാക്കൾ സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഇവരെല്ലാവരും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി യോഗം തുടങ്ങി. കൊടകര കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ നിർണായക കോർ കമ്മിറ്റിയോഗമാണ് ചേരുന്നത്.