- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമത ബാനർജി പൊതുവേദികളിൽ സാരിപൊക്കി കാൽ പ്രദർശിപ്പിക്കുന്നുവെന്ന് ദിലീപ് ഘോഷ്; മുഖ്യമന്ത്രി പശ്ചിമ ബംഗാളിന്റെ സംസ്കാരത്തെ അപമാനിച്ചുവെന്നും ബിജെപി നേതാവ്
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അസഭ്യവർഷവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. പൊതുജനങ്ങൾക്ക് മുൻപിൽ കാൽ പ്രദർശിപ്പിച്ച് മമത ബാനർജി പശ്ചിമ ബംഗാളിന്റെ സംസ്കാരത്തെ അപമാനിച്ചുവെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ മമതയുടെ കാലിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.
‘പശ്ചിമ ബംഗാളിൽ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കുന്നു. മാന്യതയുടെ പ്രതീകമാണ് സാരി. എന്നാൽ സാരി ധരിക്കുന്ന ഒരാൾ മനഃപൂർവം അവരുടെ കാൽ പൊതു പരിപാടികളിൽ വീണ്ടും വീണ്ടും കാണിക്കുന്നത് ശരിയല്ല. സ്ത്രീകൾ പോലും ഇത് ഇഷ്ടപ്പെടുന്നില്ല. ഞാൻ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബംഗാളിന്റെ സംസ്ക്കാരത്തിൽ ഇത് ശരിയാണെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി ബംഗാളി സംസ്കാരത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. എന്നാൽ അത്തരമൊരു പെരുമാറ്റം മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാനാവുന്നില്ല', ദിലീപ് ഘോഷ് പറഞ്ഞു. നേരത്തെയും മമതയ്ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. ഓരോ പൊതു പരിപാടിയിലും കാല് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാരിക്ക് പകരം മമത ബർമുഡ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.
മാർച്ച് പത്തിന് നന്ദിഗ്രാമിൽ നാമനിർദ്ദേശ പത്രിക നൽകാൻ പോകവെയാണ് മമതാ ബാനർജിക്ക് നേരെ ആക്രമണം നടന്നത്. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, നന്ദിഗ്രാമിൽവെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനർജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തുകയും മമത ബാനർജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിന്ന് കളിക്കുകയാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു.
ഇക്കുറി നന്ദിഗ്രാം മണ്ഡലത്തിൽ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിർ സ്ഥാനാർത്ഥി. ശിവക്ഷേത്രത്തിൽ എത്തി പ്രാർത്ഥനകൾക്ക് ശേഷമാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാൻ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താൻ തെരുവിൽ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമർപ്പണത്തിന് ശേഷം മമത പറഞ്ഞു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു പാർട്ടിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്നാണ് തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. താൻ നന്ദിഗ്രാമിന്റെ പുത്രനാണെന്നും എന്നാൽ മമത അന്യദേശക്കാരിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. തനിക്ക് ഈ മണ്ഡലത്തിൽ തന്നെയാണ് വോട്ട്. മമത മണ്ഡലത്തിലെ വോട്ടർ പോലും അല്ലെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിൽ അരലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു നേരത്തെ പറഞ്ഞിരുന്നു. സുവേന്ദു അധികാരിയുടെ പിതാവും അടുത്തിടെ തൃണമൂലിൽ നിന്നുംരാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.
അതേസമയം, പശ്ചിമബംഗാളിൽ വീണ്ടും തൃണമൂൽ അധികാരത്തിലെത്തുമെന്ന് സീ വോട്ടർ അഭിപ്രായ സർവേ. ബിജെപി 120 സീറ്റുകൾ വരെ നേടി വന്മുന്നേറ്റം ഉണ്ടാക്കുമെന്ന് സർവേപറയുന്നു, തൃണമൂൽ 162 മുതൽ 168 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന ും സർവേ പ്രവചിക്കുന്നു. കോൺഗ്രസ് ഇടത് സഖ്യത്തിന് 18 മുതൽ 22 വരെ സീറ്റുകൾ നേടാനെ സാധിക്കൂ എന്നാണ് സർവേയിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ