പനാജി: രാജ്യത്തെ മുസ്ലിങ്ങളെ ലക്ഷ്യംവച്ച് ബിജെപി നീങ്ങുമ്പോൾ പാർട്ടിയിലെ ന്യൂനപക്ഷ നേതാക്കൾ മൗനം പാലിക്കുകയാണെന്ന് മുസ്ലിം പണ്ഡിതർ. ഗോവ ഉറുദു അക്കാദമി മേധാവി ഉർഫാൻ മുല്ല ബിജെപിയിലെ മുസ്ലിം നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.

മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിക്കാനാണ് ബിജെപി നോക്കുന്നത്. ഇക്കാര്യത്തിൽ ബിജെപിയിലെ മുസ്ലിം നേതാക്കൾ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. നിശബ്ദരായിരുന്ന് ഈ ചെയ്തികൾ വീക്ഷിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്.

വിവേചനത്തിനെതിരെ പ്രതിഷേധിക്കാതെ ബിജെപിയിലെ മുസ്ലിം നേതാക്കളായ മുഖ്താർ അബ്ബാസ് നഖ്‌വി, നജ്മ ഹെപ്തുള്ള എന്നിവരൊക്കെ എന്താണ് ചെയ്യുന്നതെന്നും ഉർഫാൻ മുല്ല ചോദിച്ചു. ബിജെപിയുടെ വർഗീയ പ്രഭാഷണങ്ങൾക്ക് തടയിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും മുല്ല ആവശ്യപ്പെട്ടു.

മദ്രസകളിൽ തീവ്രവാദമാണ് പഠിപ്പിക്കുന്നതെന്ന ബിജെപി എംപിയുടെ പരാമർശം വേദനാജനകമാണെന്നും ഉർഫാൻ മുല്ല പറഞ്ഞു. മദ്രസകളിൽ തങ്ങൾ ഖുറാനാണ് പഠിപ്പിക്കുന്നത്. ഇന്ത്യയെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും മദ്രസകളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകളിൽ പഠിപ്പിക്കുന്നത് ഭീകരവാദമാണെന്നാണ് കഴിഞ്ഞ ദിവസം ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞത്. മദ്രസകളിൽ നിന്ന് പുറത്തുവരുന്നത് ഭീകരവാദികളാണെന്നും ഇത് ദേശീയ താത്പര്യത്തിനെതിരാണെന്നും ഉത്തർപ്രദേശിലെ ഉന്നാവോ മണ്ഡലത്തിലെ എംപിയായ മഹാരാജ് പറഞ്ഞു. മതപാഠശാലകളിൽ ദേശീയതയെപ്പറ്റി പഠിപ്പിക്കുന്നില്ല. ഒരു മദ്രസയിലും ഓഗസ്റ്റ് 15നും ജനുവരി 26നും പോലും ഇന്ത്യയുടെ പതാക ഉയർത്തുന്നില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. മദ്രസകൾ ഭീകരവാദത്തിന്റെ ഹബ്ബുകളാണെന്നും ഇത്തരം സ്ഥാപനങ്ങളിലൂടെയാണ് ലൗ ജിഹാദ് വളർച്ച നേടുന്നതെന്നും സെപ്റ്റംബർ ഏഴിന് സാക്ഷി പ്രസംഗിച്ചിരുന്നു.