തിരുവനന്തപുരം: ത്രിപുര പിടിച്ച ബിജെപിയുടെ മനസ്സിൽ കേരളമാണ്. ബംഗാളിൽ മമതാ തംരഗമാണ് അലയടിക്കുന്നത്. ഇതിനെ അതിവേഗം പൊളിക്കാൻ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നില്ല. എന്നാൽ കേരളത്തിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് മത-സാമുദായിക സമവാക്യങ്ങളാണ്. ഇത് അനുകൂലമാക്കിയാൽ കേരളത്തിലും അത്ഭുതം കാട്ടം. നാഗാലാണ്ടിൽ 90 ശതമാനവും ന്യൂനപക്ഷമാണ്. ഇവിടെ ശക്തരായ ഘടകക്ഷികളെ ഒപ്പം നിർത്തി നേട്ടമുണ്ടാക്കാൻ കഴിയുന്നു. ഈ മാതൃകയിൽ കേരളവും പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ഇവിടെ ക്രിസ്ത്യൻ മതന്യൂനപക്ഷമല്ല, മുസ്ലിം വിഭാഗമാണ് കൂടുതൽ. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിനെ മോദി സർക്കാരിനൊപ്പം ചേർത്ത് നിർത്താനാണ് ബിജെപിയുടെ ശ്രമം. നേരത്തെ കേരളത്തിൽ കോ-ലീ-ബി സഖ്യം ചർച്ചയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ അകറ്റി നിർത്തുന്ന ലീഗ്-ബിജെപി സഖ്യത്തിന്റെ സാധ്യതകൾ തേടുകയാണ് പ്രധാനമന്ത്രി മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും.

ലീഗിനെ അടുപ്പിക്കാൻ ഡൽഹിയിലുള്ള പികെ കുഞ്ഞാലിക്കുട്ടിയിലൂടെ ശ്രമം തുടങ്ങാനാണ് നീക്കം. ബിജെപിയുടെ വർഗ്ഗീയ മുഖം ഇല്ലാതാക്കാൻ ലീഗ് ബാന്ധവത്തിലൂടെ സാധിക്കും. എൻഡിഎയിൽ ലീഗെത്തിയാൽ കേരളം പിടിക്കൽ എളുപ്പമാകുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. എന്നാൽ ലീഗിനെ പാട്ടിലാക്കുക അത്ര എളുപ്പമല്ലെന്ന് ബിജെപിക്ക് അറിയാം. നാഗാലാന്റിലെ ന്യൂനപക്ഷത്തിന് ബിജെപി സ്വീകാര്യമാണ്. പിന്നെ എന്തുകൊണ്ട് കേരളത്തിൽ കഴിയുന്നില്ല. ഇതാകും ഇനി ബിജെപി പ്രധാനമായും ചർച്ചയാക്കുക. മുത്തലാഖ് ബില്ലിലെ ഉറച്ച നിലപാട് ലീഗിന് അംഗീകരിക്കാനാവില്ലെന്ന് ബിജെപിക്ക് അറിയം. ഈ വിഷയത്തിൽ ലീഗിന്റെ ആശങ്ക കൂടി പരിഗണിക്കും. അയോധ്യ തർക്കത്തിലും കുഞ്ഞാലിക്കുട്ടിയെ സജീവമായി പങ്കെടുപ്പിക്കും. കുഞ്ഞാലിക്കുട്ടിയുമായി അടുത്ത് ലീഗിനെ എൻഡിഎയിലേക്ക് കൊണ്ടു വരാനാണ് ബിജെപിയുടെ ശ്രമം. ഇതിന് കേന്ദ്രത്തിൽ ഭരണ തുടർച്ച അനിവാര്യമാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വമ്പൻ ഭൂരിപക്ഷം നേടിയാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് തീർത്തും അപ്രസക്തമാകും. നിലവിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. അതുകൊണ്ട് തന്നെ ലീഗിനെ പോലുള്ള കക്ഷികൾ കോൺഗ്രസിനെ കൈവിട്ട് കേന്ദ്രത്തിൽ അധികാരമുള്ള ബിജെപിക്കൊപ്പം ചേരും. വർഗ്ഗീയ ലഹളകളും മറ്റും തടഞ്ഞ് ഹൈന്ദവ പാർട്ടിയെന്ന പ്രതിച്ഛായ മാറ്റി വച്ച് ന്യൂനപക്ഷത്തെ അടുപ്പിക്കാനുള്ള തന്ത്രങ്ങൾ ഇതിന് വേണ്ടി ബിജെപി ഒരുക്കും. കേരളത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമെല്ലാം ബിജെപി സർക്കാർ നടത്തികൊടുക്കും. മലപ്പുറത്തെ പാസ്‌പോർട്ട് കേന്ദ്രം പുനഃസ്ഥാപിക്കുന്നതും കരിപ്പൂർ വിമാനത്താവളത്തിന്റെ ആവശ്യമെല്ലാം അംഗീകരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതിനെപ്പം കേരളാ കോൺഗ്രസിലെ മാണി വിഭാഗത്തെ കൂടെ ഒപ്പം കൂട്ടാനാണ് ബിജെപിയുടെ ആഗ്രഹം. ലീഗും മാണിയും എൻഡിഎയിൽ എത്തിയാൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുമെന്നാണ് കണക്കു കൂട്ടൽ.

എസ് എൻ ഡി പിയെ പാട്ടിലാക്കി തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബിഡിജെഎസ് ഉണ്ടാക്കിയത് ബിജെപിക്ക് കേരളത്തിൽ ഗുണം ചെയ്തു. വലിയ തോതിൽ ഈഴവ വോട്ടുകൾ എൻഡിഎയിലേക്ക് എത്തി. അതുകൊണ്ട് തന്നെ ഈ വോട്ടുകൾ കൈവിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. തുഷാറിനെ എംപിയാക്കി കേന്ദ്രമന്ത്രിയാക്കുന്നത് ബിജെപിയുടെ സജീവ പരിഗണനയിലാണ്. ഇതിനൊപ്പം എൻഎസ്എസിനേയും അടുപ്പിക്കണം. ബിജെപിയുടെ മുതിർന്ന നേതാവ് പി എസ് ശ്രീധരൻ പിള്ളയും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധം ഉപയോഗിച്ച് എൻ എസ് എസിനെ കൂടെകൂട്ടാനാണ് നീക്കം. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിൽ സുകുരമാരൻ നായരുടെ പിന്തുണ കൂടിയുണ്ടെങ്കിൽ അത്ഭുതം കാട്ടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

ത്രിപുരയിലെ ബിജെപിയുടെ മിന്നും വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലെഫ്റ്റ് ഇന്ത്യയ്ക്ക് റൈറ്റ് അല്ലെന്ന് അമിത് ഷാ പറഞ്ഞത്. പശ്ചിമ ബംഗാളിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവർണ്ണ യുഗം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ലെഫ്റ്റ് എന്നത് ഇന്ത്യയ്ക്കൊരിടത്തിനും 'റൈറ്റ്' അല്ല. എൻഡിഎയ്ക്ക് 21 സംസ്ഥാനങ്ങളിൽ ഇന്ന് ഭരണമുണ്ട്. പശ്ചിമ ബംഗാളിലോ ഒഡീഷ്സയിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവർണ്ണ യുഗം ആരംഭിക്കാനാവില്ല', ഷാ തറപ്പിച്ചു പറഞ്ഞു. തുടരെത്തുടരെയുള്ള വിജയങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ത്രിപുരയിൽ ഗോത്രവർഗങ്ങളുടെ പിന്തുണയായിരുന്നു സിപിഎമ്മിന്റെ കരുത്ത്. എന്നാൽ ഗോത്രവർഗപാർട്ടിയായ ഐ.പി.എഫ്.ടി ബിജെപിക്കൊപ്പം ചേർത്തതാണ് അവിടെ ഭരണം പിടിക്കാൻ നിർണ്ണായകമായത്.

ഈ മാതൃകയിൽ കേരളത്തിൽ ലീഗിനേയും കേരളാ കോൺഗ്രസിനേയും ഒപ്പം കൂട്ടി മുസ്ലിം-ക്രിസ്ത്യൻ വോട്ട് ബാങ്കുകളെ ആകർഷിക്കാനാണ് പദ്ധതി. പരമാവധി ക്രൈസ്തവ-മുസ്ലിം നേതാക്കളെ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിക്കാനും നീക്കമുണ്ട്. ഇതിനായി കോൺഗ്രസിൽ അസംതൃപ്തരായ നേതാക്കളുടെ പട്ടിക ബിജെപി തയ്യാറാക്കുന്നുണ്ട്. കോൺഗ്രസിലെ ജനപ്രിയരായ നായർ നേതാക്കളേയും നോട്ടമിടുന്നു. കേരളത്തിലെ സാമുദായി സമവാക്യങ്ങളെ സ്വാധീനിക്കാനാവുന്ന നേതാക്കൾക്ക് പിറകെയാണ് അമിത് ഷാ. എന്നാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് കാര്യമായൊന്നും ചെയ്യാനാകുന്നില്ല. കുമ്മനം രാജശേഖരൻ സമര നായകനാണെങ്കിലും സംഘടനയെ ചലിപ്പിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. പക്ഷേ ഉടനൊന്നും കുമ്മനത്തെ മാറ്റുകയുമില്ല. പകം രാംമാധവിനെ പോലെ ത്രിപുരയെ ബിജെപി വഴയിലെത്തിച്ച ദേശീയ നേതാവിനെ കേരളത്തിൽ സജീവമാക്കും. കുമ്മനത്തെ മുന്നിൽ നിർത്തി രാംമാധവ് കേരളത്തിലെ സംഘടനയെ നയിക്കും.

ആർ എസ് എസുകാരനായ രാംമാധവിലൂടെ കേരളത്തിലെ സംഘപരിവാറിനെ ബിജെപിക്കൊപ്പം അടുപ്പിച്ച് നിർത്താൻ കഴിയുമെന്ന് തന്നെയാണ് അമിത് ഷായുടെ പ്രതീക്ഷ. ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ കേരളാ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷാ സൂചനകളും നൽകി കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും ചെങ്ങന്നൂരിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാർട്ടി പദവികളിൽനിന്നും ഒഴിവാക്കുമെന്നുമായിരുന്നു അമിത് ഷായുടെ നിലപാട്.

തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ നിലവിലുള്ള എല്ലാ പാർട്ടി നേതാക്കളേയും ഒഴിവാക്കി അവിടെ പൂർണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരും. അതിന്റെ നിയന്ത്രണം അമിത് ഷാ ഏറ്റെടുക്കും. അങ്ങനെ കേരളത്തെ പൂർണ്ണമായും അമിത് ഷാ നയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും വിലയിരുത്തലുണ്ട്.