ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗീയ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് സഭയിൽ രംഗത്തെത്തിയതോടെ വിഷയം പാർലമെന്റ് ചർച്ച ചെയ്തു. കോൺഗ്രസും ബിജെപിയും വിഷയത്തിൽ ശരിക്കും കൊമ്പുകോർക്കുകയും ചെയ്തു. ചർച്ചക്കിടെ ഇന്ത്യക്കാരെല്ലാം ഹിന്ദു സംസ്‌കാരമുള്ളവരാണെന്ന ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് രംഗത്തെത്.

ബാംഗ്ലൂർ സ്‌ഫോടന കേസിൽ അറസ്റ്റിലായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് വേണ്ടി കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് വിമർശനവും ബിജെപി എം പി യോഗി ആദിത്യനാഥ് ഉന്നയിച്ചു. മദനിയെ അനുകൂലിക്കുന്നവർ കപട മതേതര വാദികളാണെന്നായിരുന്നു ആദിത്യനാഥിന്റെ ആരോപണം. ബംഗ്ലാദേശി കുടിയേറ്റക്കാർക്കും പാക്കിസ്ഥാനികൾക്കും വേണ്ടിയാണു പ്രതിപക്ഷം സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെറ ബലത്തിൽ സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണെന്നു കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അറുനൂറിലധികം വർഗീയ സംഘർഷങ്ങൾ ഉണ്ടായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 308 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായി ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു രാജ്യസഭയിൽ വ്യക്തമാക്കി. ഇതിൽ 56 എണ്ണവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഉത്തർപ്രദേശിലാണ്. രാജ്യസഭയിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു വ്യക്തമാക്കിയതാണ് ഇക്കാര്യം. ഈ മാസം ജൂൺ വരെയായി മഹാരാഷ്ട്രയിൽ നിന്ന് 51 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കർണാടകയിൽ ഇതിന്റെ എണ്ണം 44 ആണ്.

രാജസ്ഥാനിൽ നിന്ന് 33 വർഗീയ സംഘർഷ സംഭവങ്ങളും ബീഹാറിൽ നിന്ന് 32 സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്ന് റിപ്പോർട്ട് ചെയ്ത വർഗീയ സംഘർഷങ്ങളുടെ എണ്ണം 26 ആണ്. 2013ൽ മൊത്തം 823 സാമുദായിക സംഘർഷങ്ങളുണ്ടായി. ഇതിൽ 247 എണ്ണവും ഉത്തർപ്രദേശിലായിരുന്നു. മഹാരാഷ്ട്ര 88, മധ്യപ്രദേശ് 84, കർണാടക 73, ഗുജറാത്ത് 68, ബീഹാർ 63, രാജസ്ഥാൻ 52 എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ സംഘർഷങ്ങളുടെ എണ്ണം. 2012ൽ രാജ്യവ്യാപകമായി മൊത്തം 668 വർഗീയ സംഘർഷങ്ങളുണ്ടായി.

ആ വർഷവും ഏറ്റവും മുന്നിൽ ഉത്തർപ്രദേശായിരുന്നു. 118. മഹാരാഷ്ട്രയിൽ 94, മധ്യപ്രദേശിൽ 92, കർണാടകയിൽ 69, ആന്ധ്രാപ്രദേശിൽ 60, ഗുജറാത്തിൽ 57, കേരളത്തിൽ 56, രാജസ്ഥാനിൽ 37 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സംഘർഷങ്ങളുടെ എണ്ണം.