തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനുള്ള എൻഎഡിഎ പ്രക്ഷോഭങ്ങൾ ബിജെപി. സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള തന്നെ നയിക്കും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഒപ്പമുണ്ടാകും. കഴിഞ്ഞദിവസം കേരളത്തിലെത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷാ ശബരിമലയിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ പാർട്ടിയുടെ നയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രണ്ടാംഘട്ട സമരം ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

ദക്ഷിണേന്ത്യയിലെ അയോധ്യയാക്കി ശബരിമലയെ മാറ്റാനാണ് ബിജെപി തീരുമാനം. വോട്ട് രാഷ്ട്രീയത്തിലേക്ക് കേരളത്തിൽ കൂടുതൽ അടുക്കാനുള്ള നീക്കം. ഇതിന് വേണ്ടി ഫലപ്രദമായി അയ്യപ്പവിഷയത്തിലെ ഭക്തരുടെ പ്രതിഷേധത്തെ ഉപയോഗിക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തു യുവതീ പ്രവേശനത്തെ തടയാനാണ് തീരുമാനം. ഇതിന് വേണ്ടി പാർട്ടി പ്രവർത്തകരെ സജ്ജമാക്കും. അക്രമത്തിലേക്ക് പോകാതെയുള്ള തന്ത്രങ്ങളാകും നടപ്പാക്കുക. നവംബർ അഞ്ചിന് നട തുറക്കുമ്പോൾ പ്രധാന നേതാക്കളെല്ലാം ശബരിമലയിൽ എത്താനും സാധ്യതയുണ്ട്. നേതൃത്വം ഒറ്റക്കെട്ടായി നിന്ന് പ്രക്ഷോഭവുമായി മുന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് അമിത് ഷാ നൽകിയിരിക്കുന്നത്. സിപിഎമ്മിനെതിരായ സമരമാക്കി ഇതിനെ മാറ്റാനാണ് നീക്കം.

30-ന് തിരുവനന്തപുരത്ത് ഡി.ജി.പി. ഓഫീസിനുമുന്നിൽ ശ്രീധരൻ പിള്ളയുടെ ഉപവാസത്തോടെയാണ് സമരത്തിനു തുടക്കം. അന്ന് ബാക്കി ജില്ലകളിൽ എസ്‌പി. ഓഫീസുകളിലേക്ക് മാർച്ച് നടത്തും. എൻ.ഡി.എ.യുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ ശബരിമലസംരക്ഷണത്തിന് സ്വയം സമർപ്പിക്കുന്നതായി പ്രതിജ്ഞയെടുക്കും.നവംബർ എട്ടിന് കാസർകോട് മഥൂർ ക്ഷേത്രത്തിൽനിന്നാരംഭിച്ച് 13-ന് പത്തനംതിട്ടയിൽ സമാപിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബിജെപി. അധ്യക്ഷനും തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് നയിക്കും. രഥയാത്രയ്ക്കുമുമ്പ് ന്യൂനപക്ഷ, സമുദായ നേതാക്കളെ കണ്ട് ചർച്ചനടത്തും.

ശബരിമല നട തുറന്നിരിക്കുന്ന അഞ്ചിനും ആറിനും വിശ്വാസികളെ പിന്തുണയ്ക്കാനും ബോധവത്കരിക്കാനും ശ്രമം തുടരും. അന്ന് യുവതികളെ ശബരിമലയിൽ തടയുമെന്നു പറയുന്നില്ല. നേരത്തേ സർക്കാർ സ്‌പോൺസർചെയ്ത ആക്ടിവിസ്റ്റുകൾ വന്നപ്പോഴാണ് ശരണംവിളികളുമായി വിശ്വാസികൾ എതിർത്തുതോൽപ്പിച്ചതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. സിപിഎം. നടത്തുന്ന അടിത്തറയില്ലാത്ത കുപ്രചാരണങ്ങളെയും തേജാവധത്തിനുള്ള ശ്രമത്തെയും നിയമപരമായി നേരിടാനാകും. മുമ്പൊരിക്കൽ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതിന് നിയമനടപടിക്ക് മുതിർന്നപ്പോൾ സിപിഎം. സംസ്ഥാന കമ്മിറ്റി മാപ്പെഴുതിത്ത്ത്ത്തന്നതും നേതാക്കൾ ഒത്തുതീർപ്പിന് വീട്ടിലെത്തിയതും അധികമാർക്കും അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സമരങ്ങളെല്ലാം ഗാന്ധിയൻ രീതിയിൽ സമാധാനപരമായിരിക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. കള്ളക്കേസിൽ കുടുക്കിയും അല്ലാതെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന സിപിഎം. ഇപ്പോൾ ഒളിയുദ്ധം നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.