മുംബൈ: ബിജെപി-ശിവസേന സഖ്യത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യവും തകർന്നു. നാലുപാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. ഇതോടെ ചതുഷ്‌കോണ മത്സരത്തിനാണ് മഹാരാഷ്ട്രയിൽ അരങ്ങൊരുങ്ങുന്നത്. കാൽനൂറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വലിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് മഹാരാഷ്ട്രയിൽ കളമൊരുങ്ങുന്നത്.

ഇരുപത്തിയഞ്ച് വർഷം നീണ്ട സഖ്യം അവസാനിപ്പിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫദ്‌നാവിസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ്-എൻസിപി മുക്ത മഹാരാഷ്ട്രയാണ് ലക്ഷ്യം. ചെറുപാർട്ടികളുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു.

ബിജെപി പ്രസിഡന്റിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് എൻസിപിയുടെ പ്രഖ്യാപനവും വന്നത്. കോൺഗ്രസ് അപമാനിച്ചുവെന്ന് എൻസിപി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. അപമാനം സഹിച്ച് മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻസിപി സഖ്യത്തിൽ നിന്ന് വേർപിരിയുന്നതായി അറിയിച്ചത്. 

ഇരുപത്തിയഞ്ച് വർഷം നീണ്ട ബിജെപി-ശിവസേന മഹായുതി കൂട്ടുകെട്ടിന് വിരാമമിട്ട് മറ്റ് സാധ്യതകൾ തേടാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത് വൻ ചർച്ചയാകുന്നതിനിടെയാണ് എൻസിപിയുടെയും പ്രഖ്യാപനം വന്നത്. തെരഞ്ഞെടുപ്പിന് പുതിയ സഖ്യ സാധ്യതകൾ ആരായുകയാണ് ബിജെപി. സീറ്റ് വിഭജനം സംബന്ധിച്ച് ഏറെ നാൾ നീണ്ടുനിന്ന തർക്കമാണ് വഴിപിരിയലിന് ഇടയാക്കിയത്.

ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം വിവിധ സഖ്യങ്ങൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. ഫലപ്രഖ്യാപനത്തിനുശേഷം ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ബിജെപി-ശിവസേന കൂട്ടുകെട്ടോ ബിജെപി-എൻസിപി കൂട്ടുകെട്ടോ ഉരുത്തിരിയാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ചെറുപാർട്ടികൾക്ക് ഏഴ് സീറ്റ് നൽകിയുള്ള ഫോർമുല മുന്നിൽ വച്ച് ബിജെപിയെ അനുനയിപ്പിക്കാൻ ശിവസേന ശ്രമിച്ചിരുന്നു. 135 സീറ്റ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. തുടർന്ന് ശിവസേനയുമായി നടന്ന ചർച്ചകൾക്ക് ശേഷം 130 സീറ്റ് എന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ സീറ്റുകളെടുത്ത് ബിജെപിക്ക് നല്കിയതിനെതിരേ മുന്നണിയിലെ ചെറുകക്ഷികൾ രംഗത്തെത്തിയതോടെയാണ് ചർച്ചകൾ വീണ്ടും പ്രതിസന്ധിയിലായത്. ചെറുകക്ഷികളുടെ സീറ്റുകൾ പിടിച്ചടക്കി മത്സരിക്കാൻ ബിജെപി താത്പര്യം പ്രകടിപ്പിച്ചതുമില്ല. ഇതോടെയാണ് ശിവസേനയുടെ സമ്മർദങ്ങൾക്ക് ഇനി വഴങ്ങേണ്ടെന്നും തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാമെന്നും ബിജെപി നേതൃത്വം തീരുമാനിച്ചത്.

151 സീറ്റിൽ ശിവസേന മത്സരിക്കും. 130 സീറ്റ് ബിജെപിക്ക് എന്നായിരുന്നു ശിവസേന നിർദേശിച്ചത്. ചെറുകക്ഷികൾക്ക് ആവശ്യമായി വന്നാൽ ബിജെപി സീറ്റ് വിട്ടുകൊടുക്കണമെന്നും സേന നിർദേശിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറായില്ല.

നാല് ചെറുകക്ഷികൾക്ക് 18 സീറ്റ് നൽകണമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ നിലപാട്. എന്നാൽ 130 സീറ്റിൽ മത്സരിക്കാൻ വേണ്ടി ഇക്കാര്യം മറന്നു. എന്നാൽ സഖ്യത്തിലെ വലിയ പാർട്ടികളുടെ നീക്കം ചെറു കക്ഷികൾ അംഗീകരിച്ചില്ല. സഖ്യമവസാനിപ്പിച്ച് നാല് പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കുറഞ്ഞത് 14 സീറ്റെങ്കിലും വേണമെന്ന നിലപാട് ചെറു പാർട്ടികൾ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് മഹായുതി സഖ്യം പൊളിഞ്ഞെന്ന വിലയിരുത്തലിലേക്ക് ബിജെപി എത്തിയത്.

ചെറുപാർട്ടികളെ പിണക്കി ശിവസേനയുമായി കൈക്കോർത്താലും ഗുണം ചെയ്യില്ല. അതിനാൽ മഹായുതി സഖ്യത്തിൽ നിന്ന് പിൻവാങ്ങിയ ചെറു കക്ഷികൾക്കൊപ്പം പുതിയ തെരഞ്ഞെടുപ്പ് സാധ്യതകൾ ബിജെപി തിരക്കുകയാണ്. നാല് പാർട്ടികളുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. രാജ് താക്കറെയുടെ എംഎൻസും ബിജെപിയുടെ സജീവ പരിഗണനയിലാണ്. തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് രണ്ട് ദിവസം കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാൽ ഉടൻ തന്നെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ബിജെപി നീക്കം നടത്തുകയാണ്. എന്നാൽ, എല്ലാ പാർട്ടികളും തങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.

മഹായുതി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാൻ ബിജെപി പ്രസിഡന്റ് അമിത് ഷാ ഇന്ന് മുബൈയിൽ എത്താനിരുന്നതാണ്. എന്നാൽ സഖ്യത്തിലെ അനിശ്ചിതത്വത്തെ തുടർന്ന് അമിത് ഷാ യാത്ര റദ്ദാക്കി. മഹാരാഷ്ട്രയിൽ ശിവസേനയുടെ കൂട്ടില്ലാതെ മത്സരിച്ചാലും നേട്ടമുണ്ടാക്കാമെന്നാണ് അമിത് ഷായുടെ നിലപാട്. ഇതിനായുള്ള വ്യക്തമായ പദ്ധതിയും അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകി കഴിഞ്ഞു. മഹായുതി സഖ്യത്തിലെ ചെറുകക്ഷികൾ ഒപ്പമുണ്ടെങ്കിൽ മറാത്താ വികാരമുയർത്തി നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

സഖ്യം തുടരാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം അറിയിക്കുകയായിരുന്നു. ശിവസേനയുടെ നിർദേശങ്ങളെല്ലാം തള്ളിയെന്നും ഇരുപത്തിയഞ്ച് വർഷം നീണ്ട സഖ്യം അവസാനിച്ചുവെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും എൻസിപിയും തമ്മിൽ ദിവസങ്ങളായി ചർച്ച നടന്നിരുന്നു. എന്നാൽ അതെല്ലാം പരാജയത്തിലാണ് കലാശിച്ചത്. പകുതി സീറ്റ് വേണമെന്നും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമുള്ള എൻസിപിയുടെ ആവശ്യം ചർച്ചകൾ വഴിമുട്ടിച്ചു. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് മണിക് റാവു താക്കറെ കടുത്ത നിലപാടുമായി ബുധനാഴ്ച രംഗത്തുവന്നിരുന്നു. സഖ്യം പൊളിഞ്ഞാൽ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്നും കഴിഞ്ഞ തവണത്തേക്കാൾ 30 സീറ്റ് അധികമാണ് എൻസിപി ചോദിക്കുന്നതെന്നും താക്കറെ പറഞ്ഞിരുന്നു. നടക്കാത്ത ആവശ്യങ്ങൾ എൻസിപി ഉന്നയിക്കുന്നതിനാൽ സഖ്യം തുടരുക ദുഷ്‌കരമാണെന്നു മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.