ന്യൂഡൽഹി: അംഗങ്ങളുടെ എണ്ണം എട്ടു കോടി കവിഞ്ഞെന്ന് ബിജെപി പ്രഖ്യാപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയെന്ന സ്ഥാനം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി നേതാക്കൾ പറയുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലവിൽ 8.51 കോടി അംഗങ്ങളാണ് ഉള്ളതെന്നാണ് കണക്ക്. ലോകത്ത് ഏറ്റവുമധികം അംഗങ്ങളുള്ള പാർട്ടി എന്ന റെക്കോർഡ് നിലവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. ഈ റെക്കോർഡ് 31നുള്ളിൽ തന്നെ തിരുത്താൻ ആകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

അംഗബലം എട്ടുകോടിയാക്കിയതിന് പ്രവർത്തകർക്കും പുതിയ അംഗങ്ങൾക്കും ബിജെപി പ്രസിഡന്റ് അമിത് ഷാ അഭിനന്ദനമറിയിച്ചു. കൂടാതെ സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ തികച്ചതിന് പാർട്ടിയുടെ രാജസ്ഥാൻ യൂണിറ്റിനെയും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും പ്രത്യേകം പരാമർശിച്ചു.

നവംബർ ഒന്നിനാണ് പാർട്ടിയുടെ ഹൈ ടെക് അംഗത്വ യജ്ഞം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ അംഗമായി. തുടർന്ന് ടെലിഫോൺ നമ്പർ ഡയൽ ചെയ്ത് അമിത് ഷാ രണ്ടാമത്തെ അംഗമായി. ആദ്യമാസം തന്നെ ഒരു കോടി പൂർത്തിയാക്കിയ യജ്ഞം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മാസാവസാനത്തോടെ വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം.