മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപിയുടെ ദേശീയ നേതാവ്. മുഖ്യമന്ത്രിയെ 'ചീഫ് മർഡറർ' എന്നു വിമർശിച്ച നേതാവ് സിപിഎമ്മിനെ 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മർഡറേഴ്സ്' എന്നാണ് വിമർശിച്ചത്.

കൊലപാതകികളുടെ നേതാവ് എന്നും കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നുമുള്ള വിമർശനങ്ങൾ സംഘ്പരിവാർ സംഘടനകൾ കേരളത്തിലെ സിപിഎമ്മിനെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ്.

ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവുവാണ് മുഖ്യമന്ത്രി പിണറായി വിജയനെ കൊലപാതകങ്ങളുടെ ആസൂത്രകനെന്ന് വിശേഷിപ്പിച്ചത്. കൊലപാതകികളായ സി.പി.എം നേതാക്കളെ പിണറായി സംരക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 13 മാസമായി നിരവധി ബിജെപി നേതാക്കൾ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് പിണറായിയുടെ യഥാർത്ഥ മുഖമറിയാം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മുഖ്യ ആസൂത്രകനാണ് പിണറായി എന്നും റാവു ആരോപിച്ചു.

ആർ.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ കേരള സന്ദർശനം ദേശീയ തലത്തിൽ ചർച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ദേശീയ തലത്തിലെത്തിക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ഇതോടനുബന്ധിച്ച് സംഘപരിവാർ സംഘടനകളുടെ ദേശീയ നേതാക്കൾ നടത്തിയ പ്രസ്താവനകളും സിപിഎമ്മിനെതിരെയുള്ള കടന്നാക്രമണങ്ങളായിരുന്നു.