- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിൽ പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ചാൽ പോരാ; തുഷാർ വെള്ളാപ്പള്ളി തന്നെ തിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങണമെന്ന് ബിജെപി; പാർട്ടിക്ക് ആവേശം പകരുന്നത് 2016 ൽ മണ്ഡലത്തിൽ സുഭാഷ് വാസു നേടിയ ഉശിരൻ മുന്നേറ്റം; സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വാശി കൂട്ടാൻ ബിഡിജെഎസ് വിമതനായി മാറിയ സുഭാഷ് വാസുവും; ടി.പി.സെൻകുമാർ സ്ഥാനാർത്ഥിയാകുമെന്നും സൂചന; സാമുദായിക വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയിൽ ബിജെപിയും
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിയെ ഇറക്കാൻ സമ്മർദ്ദം ചെലുത്തി ബിജെപി നേതൃത്വം. സാമുദായിക ഘടകങ്ങൾ തുണച്ചാൽ വിജയിച്ച് കയറാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ മത്സരിക്കാൻ തുഷാറിനെ താൽപര്യമില്ലെന്നാണ് സൂചന. പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാർ പകരം നിർദ്ദേശിക്കുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ ടി.പി മന്മഥൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ എന്നീ പേരുകളാണ് പരിഗണനയിൽ. തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്.
അതേസമയം തുഷാർ ബിജെപി സ്ഥാനാർത്ഥിയായാൽ ബി.ഡി.ജെ.എസ് വിമതശല്യത്തെ അതിജീവിക്കാനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപിയും ബി.ഡി.ജെ.എസും തീരുമാനിച്ചിരുന്നു.
2016ൽ മണ്ഡലത്തിൽ എൻ.ഡി.എയുടെ സുഭാഷ് വാസു നേടിയ മുന്നേറ്റം പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു. അതേസമയം, ബി.ഡി.ജെ.എസ് വിമതനായി മാറിയ സുഭാഷ് വാസു അടുത്തദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ഡിജിപി കൂടിയായ ടിപി സെൻകുമാർ കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. അല്ലെങ്കിൽ സുഭാഷ് വാസു തന്നെ നേരിട്ട് മത്സരിക്കാനിറങ്ങാനും സാധ്യതയുണ്ട്. തുഷാറും സുഭാഷ് വാസുവും ചേരി തിരിഞ്ഞ് മത്സരിക്കുന്നത് സാമുദായിക വോട്ടുകൾ ഭിന്നിപ്പിക്കും എന്നതാണ് ബിജെപിയുടെ ആശങ്ക. അതേസമയം ബി.ഡി.ജെ.എസിനുള്ളിലെ പ്രശ്നം അവർ തന്നെ പരിഹരിക്കണമെന്നാണ് ബിജെപി നിലപാട്. പ്രശ്ന പരിഹാരത്തിനായി ചില നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ട് വെച്ചതായാണ് സൂചന.
എൽഡിഎഫും യുഡിഎഫും കുട്ടനാട്ടിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനും എൻസിപി നേതാവും ആയ തോമസ് കെ തോമസിനാണ് എൽഡിഎഫ് സീറ്റ് നൽകിയിരിക്കുന്നത്. മണ്ഡലത്തിൽ ജോസ് കെ മാണിയുടെ കേരള കോൺഗ്രസും രംഗത്തുണ്ട് എന്നുള്ളതാണ് യുഡിഎഫിന് വെല്ലുവിളി. യുഡിഎഫിന് സമാനമായ മുന്നണി പ്രശ്നങ്ങൾ തന്നെയാണ് എൻഡിഎയ്ക്കും തലവേദന
അതിനിടെ കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്താൻ സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. നാല് മാസത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. 2021 മെയ് മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ