- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമിത്ഷായെ എത്തിക്കാനുള്ള നീക്കം പാളിയത് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി; ശോഭാ സുരേന്ദ്രൻ വിഷയം ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ കോർ കമ്മിറ്റി യോഗവും ഒഴിവാക്കി; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും പരാതി
തൃശ്ശൂർ: ബിജെപി. സംസ്ഥാനനേതൃത്വം കൈയാളുന്ന മുരളീധരപക്ഷത്തിനെതിരേ കൂടുതൽ പരാതികളുമായി എതിർവിഭാഗം. പാർട്ടി പ്രവർത്തനത്തിൽ നയപരമായ തീരുമാനങ്ങളെടുക്കേണ്ട കോർ കമ്മിറ്റി യോഗം നടത്താത്തതിനെച്ചൊല്ലിയാണ് ആരോപണം.
ശോഭാ സുരേന്ദ്രൻ വിഷയം ചർച്ചചെയ്യുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് ആക്ഷേപം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാൻ അമിത്ഷായെ എത്തിക്കാനുള്ള നീക്കം പാളിയത് കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തിയാണ് തെളിയിക്കുന്നതെന്നും ഇവർ പറയുന്നു.
പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയോഗം ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണു നടന്നത്. അടുത്തകാലത്തൊന്നും ഇങ്ങനെയുണ്ടായിട്ടില്ല. കോർകമ്മിറ്റിയിൽ പാർട്ടി മുൻ സംസ്ഥാന പ്രസിഡന്റുമാരടക്കമുള്ള 12 പേരാണ് അംഗങ്ങൾ. ഇതിൽ ഏഴുപേരും ശോഭയും മറ്റും ഉന്നയിക്കുന്ന വിഷയങ്ങൾ ന്യായമാണെന്നും ചർച്ചയിലൂടെ പരിഹരിക്കണമെന്നും അഭിപ്രായമുള്ളവരാണ്.
പ്രശ്നം പരിഹരിക്കാൻ ചിലർക്കു താത്പര്യമില്ലാത്തതാണ് യോഗം കൂടാതിരിക്കാൻ കാരണം. കഴിഞ്ഞദിവസം നടന്ന ഭാരവാഹി യോഗത്തിൽ കൃഷ്ണദാസ്പക്ഷം ഇതടക്കമുള്ള വിഷയങ്ങളുന്നയിച്ചിരുന്നു. പടലപ്പിണക്കങ്ങൾ പരിഹരിക്കണമെന്ന് ആർഎസ്എസ്. നേതൃത്വവും നിർദ്ദേശിച്ചു. ഭാരവാഹിയോഗത്തിനുശേഷം നേതൃത്വത്തിലെ ചിലരുെട ഒത്താശയോടെ ഗ്രൂപ്പ് യോഗം നടന്നതായാണു വിവരം.
ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പ്രവർത്തനം വിലയിരുത്താനെത്തിയ പ്രഭാരികൾക്കും തർക്കത്തിന്റെ യാഥാർഥ്യം ബോധ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ സി.പി. രാധാകൃഷ്ണൻ, കർണാടകത്തിലെ സുനിൽകുമാർ എന്നിവരാണ് കേരളത്തിലെ പ്രഭാരികൾ. ഇവർ നൽകുന്ന റിപ്പോർട്ടും നിർണായകമാണ്.
സംസ്ഥാന നേതൃത്വത്തെ അമിത് ഷാ അടക്കമുള്ളവർ വിശ്വാസത്തിലെടുക്കുന്നില്ലെന്നു പ്രചാരണമുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി മിന്നുംജയം സ്വന്തമാക്കുമെന്ന അവകാശവാദവുമായി സംസ്ഥാനനേതാക്കൾ അമിത്ഷായെ ഇവിടേക്ക് ക്ഷണിച്ചിരുന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കോർപറേഷനുകളിലുമായി മൊത്തം എണ്ണായിരം വാർഡുകളിൽ വിജയിക്കുമെന്നാണ് അവകാശവാദം.
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് അനുഭവമുള്ള ദേശീയ നേതൃത്വം ഇതു കാര്യമാക്കുന്നില്ലെന്നാണു സൂചന. കേന്ദ്രമന്ത്രി വി. മുരളീധരനെ തെലങ്കാനയിൽ പ്രഭാരിയായി നിയമിച്ചത്, അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നൊഴിവാക്കുന്നതിന്റെ മുന്നോടിയാണെന്നും പ്രചാരണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ