ന്യൂഡൽഹി: പോയവർഷം ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമായ വർഷമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്ന കാഴ്‌ച്ച ലോകം കണ്ടു. മോദിക്കൊപ്പം നിന്ന് പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ സമർത്ഥമായ പി ആർ ടീമായുന്നു. അതിഥി ആപ്‌കോ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യചുമതല. കോടികൾ എറിഞ്ഞുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കണക്കുകൾ ഒടുവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടക്കമള്ള കണക്കുകളാണ് പുറത്തുവിട്ടത്.

കഴിഞ്ഞവർഷം നടന്ന പൊതുതിരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമായി ബിജെപി ചെലവാക്കിയത് 714 കോടി രൂപയാണ്. കോടികളുടെ കണക്കുപോലെ തന്നെ ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടം കൊയ്തപ്പോൾ, കോൺഗ്രസ് ചിലവഴിച്ചത് പണം പാഴാകുകയും ചെയ്തു. 516 കോടി രൂപ കോൺഗ്രസ് തെരഞ്ഞെടുപ്പിനായി ചിലവഴിച്ചിട്ടും പോയ വർഷം പാർട്ടിക്ക് നഷ്ടങ്ങളുതേയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കാണിത്. ഇതനുസരിച്ച് എൻ.സി.പി. (51 കോടിയിലേറെ രൂപ), ബി.എസ്‌പി. (30 കോടിയിലേറെ) തുടങ്ങിയ പാർട്ടികൾ ചെലവാക്കിയ തുകയേക്കാൾ വളരെയധികമാണ് രണ്ട് പാർട്ടികളുടെയും തിരഞ്ഞെടുപ്പുചെലവ്. 714,28,57,813 രൂപയാണ് ബിജെപി. ചെലവാക്കിയത്. കോൺഗ്രസ്സിന്റേത് 516,02,36,785 രൂപയും. 2014 ആഗസ്തിൽ സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും രണ്ടുപാർട്ടികളും അടുത്തിടെയാണ് തിരഞ്ഞെടുപ്പ് ചെലവുകണക്ക് കമ്മീഷനെ ബോധിപ്പിച്ചത്. ബിജെപി. ജനവരി 12നും കോൺഗ്രസ് കഴിഞ്ഞ ഡിസംബർ 22നുമാണ് കണക്ക് നൽകിയത്.

കണക്ക് നൽകാൻ വൈകുന്നതിന് കാരണം തേടി ബിജെപിക്കും കോൺഗ്രസ്സിനും മറ്റു 18 പാർട്ടികൾക്കും നവംബർ! 28ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു. ബിജെപി, കോൺഗ്രസ്, ബി.എസ്‌പി, എൻ.സി.പി, സിപിഐ, സിപിഐ(എം) എന്നീ അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ കണക്കുകളാണ് കമ്മീഷന്റെ പക്കലുള്ളത്. സിപിഎമ്മിന്റെ ചെലവ് 18,69,18,169 കോടി രൂപയാണ്. സപ്തംബർ 15ന് സമർപ്പിച്ചതാണെങ്കിലും സിപിഐയുടെ ചെലവ്കണക്ക് പുറത്തുവിട്ടിട്ടില്ല. ലോക്‌സഭക്ക് പുറമെ ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം എന്നീ നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടത്.