ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദി തന്നെയാണ്. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവുകൾക്കായി ബിജെപി ചെലവിട്ടത് ഭീമമായ സംഖ്യയാണ്. എല്ലായിടത്തും എത്തിച്ചേരാനാകില്ലാത്തതിനാൽ, റാലികളിൽ ത്രിമാനചിത്രങ്ങളിലൂടെ പ്രസംഗം കേൾപിച്ചതിനുമാത്രം ചെലവായത് 60 കോടിയിലേറെ രൂപയാണ്. 700-ഓളം റാലികളിലാണ് ഇത്തരത്തിൽ ത്രിഡി ചിത്രങ്ങളിലൂടെ മോദി സാങ്കൽപ്പികമായി പങ്കെടുത്തത്. ഇതിനായുള്ള ലൈസൻസ് ഫീസ് മാത്രം 10 കോടിയോളം രൂപയായി.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചതിലാണ് ബിജെപി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ത്രിഡി റാലികൾക്ക് 51.35 കോടി രൂപയും പത്തുകോടി രൂപ ലൈസൻസ് ഫീസുമാണ്. ഇതിന് പുറമെ 450-ഓളം റാലികളിൽ മോദി നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പതിവ് മോദി നേരത്തെയും പയറ്റിയിട്ടുണ്ട്. 2012-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഒരേസമയം 53 കേന്ദ്രങ്ങളിൽ ത്രിഡി പ്രസംഗം നടത്തിയതിന് ഗിന്നസ് ബുക്കിൽപ്പോലും അദ്ദേഹം ഇടം നേടിയിരുന്നു. ത്രിഡി പ്രചാരണമായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന സവിശേഷത.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറെ 487 കോടി രൂപകൂടി ബിജെപിക്ക് ചെലവായിട്ടുണ്ട്. ഇതിൽ 304 കോടി രൂപ മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയ വകയിലാണ്. മറ്റൊരു ഭീമമായ ചെലവ് യാത്രായിനത്തിലാണ് വന്നത്. പ്രചാരണത്തിനുവേണ്ടി രണ്ടുമാസത്തിനിടെ മോദി മൂന്നുലക്ഷം കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. മോദിയടക്കമുള്ള പ്രമുഖരുടെ യാത്രയ്ക്കായി പാർട്ടി ചെലവിട്ടത് 78 കോടി രൂപയാണ്. മറ്റു നേതാക്കളുടെ യാത്രയ്ക്കായി 11 കോടി രൂപ വേറെയും.

എൽഇഡി രഥയാത്ര ഉപയോഗിച്ചുള്ള പ്രചാരണമാണ് പാർട്ടിയുടെ കീശ ചോർത്തിയ മറ്റൊരു ഘടകം. 19 കോടി രൂപയാണ് ഈയിനത്തിൽ ചെലവായത്. പ്രചാരണകാലത്ത് ബിജെപി പ്രവർത്തിച്ചത് 18 കാൾ സെന്ററികളിലൂടെയാണ്. ഇവയുടെ പ്രവർത്തനച്ചെലവിലേക്കും എട്ടരക്കോടി രൂപ നൽകേണ്ടിവന്നുവെന്ന് പാർട്ടി വെളിപ്പെടുത്തുന്നു.