- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടി മോഹനൻ അന്തരിച്ചു; അന്ത്യം ഉള്ളിയേരിയിൽ വച്ച്; മോഹനന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ.സുരേന്ദ്രൻ
ഉള്ളിയേരി: ബിജെപി സംസ്ഥാന കൗൺസിൽ അംഗവും ജന്മഭൂമി ദിനപത്രത്തിന്റെ ഉള്ളിയേരി ഏജന്റുമായ വട്ടക്കണ്ടി മോഹനൻ (50) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഉള്ളിയേരി ടൗണിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലു മണിയോടെ മരണം സംഭവിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ട മോഹനൻ മരുന്ന് വാങ്ങാൻ ഉള്ളിയേരി ടൗണിൽ എത്തിയപ്പോഴായിരുന്നു സംഭവം.
രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മോഹനന്റെ വിയോഗം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹനൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. യുവമോർച്ചയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. യുവമോർച്ച ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഉള്ളിയേരി പഞ്ചായത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 2015ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉള്ളിയേരി പഞ്ചായത്ത് ഏഴാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തി. മാധവൻ നായരുടെയും ലക്ഷ്മി അമ്മയുടേയും മകനാണ് അവിവാഹിതനായ മോഹനൻ. സഹോദരി: ബിന്ദു.
കെ. സുരേന്ദ്രൻ അനുശോചിച്ചു
കോഴിക്കോട്: ബിജെപി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടി മോഹനന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അനുശോചിച്ചു. സുഹൃത്തും സഹപ്രവർത്തകനുമായ മോഹനന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുളവാക്കുന്നു. യുവമോർച്ചയുടേയും പാർട്ടിയുടെയും വിവിധ ചുമതലകൾ വഹിച്ച സൗമ്യനായ നേതാവായിരുന്നു വട്ടക്കണ്ടി മോഹനൻ. അദ്ദേഹത്തിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.