തിരുവനന്തപുരം: ബിജെപി. ഭാരവാഹികൾ ചൊവ്വാഴ്ച കാസർകോട്ട് യോഗം ചേരുമ്പോൾ ശോഭാ സുരേന്ദ്രന്റെ നിലപാടിൽ അവ്യക്തത തുടരുന്നു. യോഗത്തിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാൻ ഇടയില്ലെന്നാണ് സൂചന.

കോർ കമ്മറ്റി യോഗവും ചേരും. എല്ലാ വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. ഭാരവാഹികളിൽ വി മുരളീധര പക്ഷത്തിന് മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ സുരേന്ദ്രനെതിരായ തീരുമാനം ഒന്നും ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും വിലയിരുത്തും.

പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരും നേതൃത്വത്തിനുവേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പുകളി വേണ്ടെന്ന് കേന്ദ്രഘടകം സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശത്തെത്തുടർന്നാണ് ഈ സമീപനം. കുഴൽപ്പണക്കേസിൽ കേന്ദ്രനേതൃത്വവും സംസ്ഥാന ഘടകത്തോടൊപ്പമാണ്. അപ്പോഴും ശോഭാ സുരേന്ദ്രൻ ഇടഞ്ഞു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പരിപാടികളുമായി ശോഭാ സുരേന്ദ്രൻ സഹകരിച്ചിരുന്നില്ല.

കൊടകര കുഴൽപ്പണക്കേസിൽ സുരേന്ദ്രന് അന്വേഷണസംഘം നൽകിയ നോട്ടീസിനോടുള്ള സമീപനം, പാർട്ടിയെ പിടിച്ചുലച്ച സമീപകാല സംഭവങ്ങൾ, തിരഞ്ഞെടുപ്പ് പരാജയം തുടങ്ങിയവ ചർച്ചചെയ്യും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോർകമ്മിറ്റി യോഗവും നടക്കും. കെ. സുരേന്ദ്രൻ ചൊവ്വാഴ്ച ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ഭാരവാഹി യോഗം നടക്കുന്നതിനാൽ അദ്ദേഹം ഹാജരാകില്ല.

കുഴൽപ്പണക്കേസിലും സി.കെ. ജാനു, കെ. സുന്ദര എന്നിവർക്ക് പണം നൽകിയെന്ന ആരോപണത്തിലും പാർട്ടിയുടെ തുടർസമീപനം ചൊവ്വാഴ്ച ചർച്ചചെയ്യും. ജാനു, സുന്ദര കേസുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഇടപാടിനെപ്പറ്റി അന്വേഷണം നടക്കുന്നു എന്നല്ലാതെ, തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു പറയുന്നില്ല.

കുഴൽപ്പണക്കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ഭാരവാഹിയോഗം കാസർകോട്ട് നടക്കുന്നതിനാലാണെന്നാണ് വിശദീകരണം. തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തിന് എത്താനാണ് പ്രത്യേക അന്വേഷകസംഘം നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരായില്ലെങ്ങിൽ ഒരിക്കൽക്കൂടി നോട്ടീസ് നൽകും. വീണ്ടും ഹാജരായില്ലെങ്കിൽ കോടതിവഴി നടപടിയെടുക്കും.