- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടം ശോഭാ സുരേന്ദ്രന് കൊടുക്കില്ല; പരിഗണിക്കുന്നത് സെൻകുമാറിന്റേയും സുരേന്ദ്രന്റെ വിശ്വസ്തൻ ആർ എസ് രാജീവിന്റേയും പേരുകൾ; തൃപ്പുണ്ണിത്തുറയിൽ എഎൻആറിന്റേയും ശിവശങ്കറിന്റേയും പേരുകളും വെട്ടും; എറണാകുളത്തെ എ പ്ലസ് മണ്ഡലത്തിൽ സാധ്യത കെ എസ് രാധാകൃഷ്ണനും; സുരേഷ് ഗോപി കലിപ്പിൽ തന്നെ; ബിജെപിയിൽ അവ്യക്തത തുടരുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ തത്വത്തിൽ തീരുമാനം. കേന്ദ്ര ണേതൃത്വം ഇത് അംഗീകരിച്ചാൽ കഴക്കൂട്ടത്ത് ടിപി സെൻകുമാറോ ആർ എസ് രാജീവോ സ്ഥാനാർത്ഥിയാകും. എറണാകുളത്തെ എപ്ലസ് മണ്ഡലത്തിലും ബിജെപിയിലെ പ്രമുഖരുടെ മോഹം നടക്കില്ല. ഈ സീറ്റിലേക്ക് മുൻ പി എസ് സി ചെയർമാനും കാലടി സർവ്വകലാശാലാ മുൻ വിസിയുമായ കെ എസ് രാധാകൃഷ്ണനാണ് സാധ്യത.
തൃപ്പുണ്ണിത്തുറയിൽ മത്സരിക്കാൻ കോർ കമ്മറ്റി അംഗമായ എ എൻ രാധാകൃഷ്ണനും ചാനൽ ചർച്ചകളിലെ മുഖമായ ശിവശങ്കറും ആഗ്രഹിച്ചിരുന്നു. എ എൻ രാധാകൃഷ്ണൻ മണലൂരിലും മത്സരിക്കാൻ താൽപ്പര്യമുണ്ട്. ഏതായാലും കെ എസ് രാധാകൃഷ്ണന്റെ പേരിനോടാണ് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യം. ആലപ്പുഴ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം വോട്ട് വിഹിതത്തിൽ രാധാകൃഷ്ണൻ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചിയിലേക്ക് രാധാകൃഷ്ണനെ പരിഗണിക്കുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനുമായും അടുത്ത ബന്ധം രാധാകൃഷ്ണനുണ്ട്. ഇതെല്ലാം രാധാകൃഷ്ണന് സ്ഥാനാർത്ഥിത്വം ഉറപ്പിക്കും.
കഴക്കൂട്ടത്തും അവ്യക്തതായണ്. കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കാൻ സാധ്യതയില്ല. രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട സാഹചര്യം ബിജെപി ആഗ്രഹിക്കുന്നില്ല. അതിനാലാണ് മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമായ മുരളിക്ക് മത്സര തടസ്സമാകുന്നത്. കെ സുരേന്ദ്രന് കോന്നിയിൽ മത്സരിക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ കഴക്കൂട്ടം ശോഭാ സുരേന്ദ്രന് നൽകാനായിരുന്നു പദ്ധതി. എന്നാൽ ശോഭയോട് മുരളീധര പക്ഷത്തിന് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയെ തേടുന്നത്. മുൻ ഡിജിപി ടിപി സെൻകുമാറിനാണ് കൂടുതൽ സാധ്യത.
യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ ആർ എസ് രാജീവാണ് ബിജെപിയുടെ മണ്ഡലം പ്രസിഡന്റ്. കഴക്കൂട്ടത്തിന്റെ ചുമതല ഈ നേതാവിനെ ഏൽപ്പിച്ചത് കെ സുരേന്ദ്രനായിരുന്നു. സുരേന്ദ്രനുമായി ആത്മബന്ധമുള്ള രാജീവിനേയും കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാൽ നായർ സമുദായാംഗമെന്ന ലേബൽ രാജീവിന് വിനയാണ്. കഴക്കൂട്ടത്ത് സമുദായിക പരിഗണകൾ കാരണം സെൻകുമാറിനാണ് രാജീവിനേക്കാൾ കൂടുതൽ സാധ്യത. കേന്ദ്ര നേതൃത്വവും ശോഭാ സുരേന്ദ്രനെ തഴഞ്ഞാൽ സെൻകുമാറും രാജീവും പരിഗണനാ പട്ടികയിലെ പ്രധാനികളാകും.
സുരേഷ് ഗോപിയുടെ മനസ് അറിയാൻ കഴിയാത്തതും ബിജെപിയിൽ വെല്ലുവിളിയാണ്. തിരുവനന്തപുരത്തെ മണ്ഡല ചിത്രം അതുകൊണ്ട് തന്നെ വ്യക്തമല്ല. വട്ടിയൂർകാവിലും തിരുവനന്തപുരത്തും സ്ഥാനാർത്ഥി ആരെന്ന് സുരേഷ് ഗോപിയുടെ നിലപാടുകൾ സ്വാധീനിക്കും. നേമത്ത് കുമ്മനം രാജശേഖരൻ സീറ്റ് ഉറപ്പിച്ചു. പാറശ്ശാലയിൽ കരമന ജയനും കാട്ടക്കടയിൽ പികെ കൃഷ്ണദാസും പ്രചരണം തുടങ്ങി. നെയ്യാറ്റിൻകരയിൽ ഉദയ സമുദ്രാ ഉടമ രാജശേഖരൻ നായരാകും മത്സരിക്കുക. ആറ്റിങ്ങലിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുധീറിനാണ് സാധ്യത.
നെടുമങ്ങാട് സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാറും അരുവിക്കരയിൽ സംസ്ഥാന സെക്രട്ടറി ശിവൻകുട്ടിയും സ്ഥാനാർത്ഥികളാകും. എന്നാൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥി നിർണ്ണയം ഇതിനെ ബാധിക്കും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി ആയില്ലെങ്കിൽ വിവി രാജേഷ് നെടുമങ്ങാട് മത്സരിക്കാൻ സാധ്യത ഏറെയാണ്. എല്ലാം സുരേഷ് ഗോപിയുടെ തീരുമാനം അനുസരിച്ചാകും. സീരിയൽ നടൻ കൃഷ്ണകുമാറും മത്സരിച്ചേക്കും.
സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് തൃശൂരിൽ യോഗം ചേരും. കഴക്കൂട്ടം ,കോന്നി, തിരുവനന്തപുരം, വട്ടിയൂർകാവ്, മഞ്ചേശ്വരം സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കോൺഗ്രസ് സ്ഥാനാർത്ഥിയെ കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ധാരണയെന്നാണ് വിവരം. അതേസമയം യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണാൻ ഡൽഹിക്ക് പോകുന്നുണ്ട്.
നേമത്ത് കുമ്മനം ഉറപ്പിച്ചെങ്കിലും യുഡുഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥി വന്നാൽ ബിജെപി കുമ്മനത്തെ മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥിയെ പരിഗണിച്ചാകും ബിജെപി സ്ഥാനാർത്ഥിയെ നിർത്തുക. ഈ അഞ്ചിൽ ഒരിടത്താകും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുക. സുരേഷ് ഗോപിയുടെ കാര്യത്തിലും തീരുമാനം വരാനുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് മേൽ കേന്ദ്ര നേതൃത്വം കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. തൃശൂരിൽ മത്സരിക്കാനാണ് ആവശ്യം. നിർബന്ധമെങ്കിൽ ഗുരുവായൂരിൽ നിൽക്കാമെന്ന സുരേഷ് ഗോപിയുടെ നിർദ്ദേശം പാർട്ടി അംഗീകരിക്കുന്നില്ല. സാധ്യതപട്ടികയുമായി സുരേന്ദ്രൻ നാളെ ഡൽഹിക്ക് പോകും. ഡൽഹിയിൽ പാർലമെന്ററി ബോർഡ് ചേർന്നാകും പ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കാനും എറണാകുളത്തെ അഞ്ച് മണ്ഡലങ്ങളിൽ എൻ ഡി എയ്ക്കായി സഭാ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കാനുമാണ് യാക്കോബായ സഭയിലെ ആലോചന. പള്ളിത്തർക്കത്തിൽ ഓർത്തഡോക്‌സ് സഭയുമായി സമവായമുണ്ടാക്കുന്നതിന് ഇടപെടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന വാഗ്ദാനം. നാളെയാണ് അമിത് ഷാ അടക്കമുള്ള നേതാക്കളുമായി ബിഷപ്പുമാരുടെ കൂടിക്കാഴ്ച. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ