- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രഥമ പരിഗണന സുരേഷ് ഗോപിക്ക്; സികെ പത്മനാഭനെ നേതൃത്വം ഏൽപ്പിച്ച് ചീത്ത പേര് മാറ്റണമെന്ന അഭിപ്രായം ആനന്ദബാസിനോട് പങ്കുവച്ച് മുതിർന്ന നേതാക്കൾ; പണി കിട്ടുമെന്ന ഭയത്തിൽ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കൊടകരയിൽ ഗ്രൂപ്പുകൾ ഒരുമിക്കുന്നത് അമിത് ഷാ പേടിയിൽ; ബിജെപിയെ നയിക്കാൻ ജേക്കബ് തോമസ് എത്താനും സാധ്യത
തിരുവനന്തപുരം: വലിയ പ്രതിസന്ധിയിലാണ് കേരളത്തിലെ ബിജെപി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. സമ്പൂർണ്ണ അഴിച്ചു പണിക്കാണ് അമിത് ഷാ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തനാണ്. ഈ സാഹചര്യത്തിൽ വൈകാതെ തന്നെ കേരളത്തിലെ ബിജെപി ഘടകത്തിൽ പുനഃസംഘടനയുണ്ടാകും. അടിമുടി അഴിച്ചു പണിയാണ് നടക്കുക. കൊടകരയിലെ കേസും വിവാദവും തീരും വരെ കെ സുരേന്ദ്രനെ മാറ്റില്ലെന്ന സൂചനയുമുണ്ട്.
സുരേന്ദ്രന്റെ പകരക്കാരനാകാൻ പ്രഥമ പരിഗണന സുരേഷ് ഗോപിക്ക് തന്നെയാണ് മോദിയും അമിത് ഷായും നൽകുന്നത്. എന്നാൽ സിനിമാ തിരക്കുകൾ ഉള്ളതിനാൽ സുരേഷ് ഗോപി ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഇ ശ്രീധരനും കേരളത്തിൽ പാർട്ടിയെ നിയിക്കുന്നതിനോട് താൽപ്പര്യമില്ല. കേരളത്തിലെ പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്ന് സിവി ആനന്ദബോസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിസമാണ് എല്ലാത്തിനും കാരണം. കേരളത്തിലെ പ്രധാന നേതാക്കളുമായി സംസാരിച്ചാണ് ആനന്ദബോസ് റിപ്പോർട്ട് നൽകിയത്.
അടിയന്തരമായി നേതൃമാറ്റം വേണമെന്ന് തന്നെയാണ് ഈ റിപ്പോർട്ടിന്റെ കാതൽ. മുൻ അധ്യക്ഷനെ സികെ പത്മനാഭനെ നേതൃത്വം ഏൽപ്പിച്ച് ചീത്ത പേര് മാറ്റണമെന്ന അഭിപ്രായം ആനന്ദബാസിനോട് പങ്കുവച്ച് മുതിർന്ന നേതാക്കൾ ബദൽ അവതരിപ്പിക്കുന്നുണ്ട്. പൊതു സമൂഹത്തിൽ സികെ പത്മനാഭനുള്ള വിശ്വാസ്യതയാണ് ഇതിന് കാരണം. വി മുരളീധരനും പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും ബിജെപിയുടെ തകർച്ചയ്ക്ക് ഒരുപോലെ ഉത്തരവാദിയാണ്. സുരേന്ദ്രന് വി മുരളീധരന്റെ ഗ്രൂപ്പ് നേതാവ് എന്നതിന് അപ്പുറം ഉയരാനായില്ലെന്നാണ് ആനന്ദബോസിന്റെ വിലയിരുത്തൽ.
കൊടകരയിൽ പേരുദോഷമുണ്ടായത് കേന്ദ്ര നേതൃത്വം ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്ന് ഗ്രൂപ്പുകൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പണി കിട്ടുമെന്ന ഭയത്തിലാണ് വി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കൊടകരയിൽ പ്രതിരോധത്തിന് ഗ്രൂപ്പുകൾ എഒരുമിക്കുന്നത് അമിത് ഷാ പേടിയിലാണ്. എന്നാൽ ഇത് ഏറെ വൈകിപോയെന്ന് അവർക്കും അറിയാം. ബിജെപിയെ പ്രതിരോധിക്കാൻ കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ ഇനി നിരന്തരം പത്രസമ്മേളനം നടത്തും. അതിനിടെ ബിജെപിയെ നയിക്കാൻ ജേക്കബ് തോമസ് എത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതും ഗ്രൂപ്പ് നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്.
ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു ജേക്കബ് തോമസ്. തെറ്റില്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. ന്യൂനപക്ഷത്തെ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അഴിമതി വിരുദ്ധ പോരാട്ട മുഖമുള്ള മുൻ ഡിജിപിയെ അധ്യക്ഷനാക്കാനുള്ള ആലോചന നടക്കുന്നത്. വി മുരളീധരനെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കി കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് ഒഴിവാക്കും. ഇ ശ്രീധരനെ കേന്ദ്ര മന്ത്രിയാക്കുന്നതിലും ആലോചനകളുണ്ട്. പ്രായാധിക്യമാണ് ശ്രീധരനുള്ള തടസ്സം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദി ഉടൻ തീരുമാനം എടുക്കും.
ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി. ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചത്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സി.വി. ആനന്ദബോസ്, മുൻ ഡി.ജി.പി. ജേക്കബ് തോമസ് അതോടൊപ്പം മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരടങ്ങുന്ന കമ്മീഷനാണ് പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത്.
മൂന്ന് പേരും പാർട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. കേരളത്തിലെ ബിജെപിയുടെ നേതാക്കളെ ആരെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കനത്ത തോൽവിയെക്കാൾ പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴൽപ്പണക്കേസ്. ഇതാണ് സത്യാവസ്ഥ അറിയാൻ കമ്മീഷനെ വച്ചത്. ഇതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതിൽ പരാതി ഉയർന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയർന്നിരുന്നു. ഈ പരാതികൾ അന്വേഷിച്ച് സുരേഷ് ഗോപി എംപിയോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്ന് തന്നെ കേന്ദ്ര നേതൃത്വത്തിന്റെ മനസ്സിലെ ഭാവി നേതാക്കളെ കുറിച്ച് വ്യക്തത ബിജെപിയിലെ ഗ്രൂപ്പുകൾക്ക് വന്നു കഴിഞ്ഞു.
രണ്ടു ദിവസമായി ഡൽഹിയിൽ നടന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചർച്ച നടന്നിരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തിൽ കേന്ദ്രനേതൃത്വം അതൃപ്തരാണ്. അനുകൂല മണ്ഡലങ്ങളിൽപ്പോലും വോട്ടുശതമാനം വർധിപ്പിക്കാനോ നിലവിലുണ്ടായിരുന്ന സീറ്റ് നിലനിർത്താനോ കഴിയാതിരുന്നത് സംഘടനാപരമായ ദൗർബല്യമായാണ് വിലയിരുത്തൽ. പാർട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ചതായും പ്രചാരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ക്ഷീണിപ്പിച്ചതായും വിലയിരുത്തലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ