- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിക്ക് തന്നെ പ്രഥമ പരിഗണന; സംഘടനാ ജനറൽ സെക്രട്ടറിയാകാൻ ജയകുമാറിനൊപ്പം വിനോദും; ബിജെപിയുടെ നേതൃത്വത്തിലേക്ക് തില്ലങ്കേരി എത്താനും സാധ്യതകൾ ഏറെ; യുവമോർച്ചാ പരിപാടിയിൽ എത്തിയത് പദ്ധതികളുടെ ഭാഗം; സുരേന്ദ്രന് വിനായായി സ്വന്തം ഗ്രൂപ്പുകാരുടെ കണ്ടെത്തലുകളും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ അഞ്ച് ജനറൽ സെക്രട്ടറിമാർ സംസ്ഥാനത്തെ ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള പ്രവർത്തകരെ കണ്ട് സമഗ്രമായി തയ്യാറാക്കിയ റിപ്പോർട്ട് അടിവരയിടുന്നത് കേരളത്തിലെ നേതൃമാറ്റം.
ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന് ജനറൽ സെക്രട്ടറിമാരിൽ മുൻതൂക്കമുണ്ട്. എന്നിട്ടും തയ്യാറാക്കിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത് അധ്യക്ഷൻ കെ സുരേന്ദ്രനേയും. കോന്നിയിലേയും മഞ്ചേശ്വരത്തേയും മത്സരം അടക്കം കുറ്റപ്പെടുത്തലുകൾ. എല്ലാ അർത്ഥത്തിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിശദീകരിക്കുന്നു. ഇതെല്ലാം സുരേന്ദ്രന് പുറത്തേക്കുള്ള വഴിയോരുക്കുമെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന് ഇനി ഒരുവർഷം കൂടി സമയമുണ്ട്. നേതൃത്വത്തിലെ പടലപ്പിണക്കവും ഗ്രൂപ്പുവഴക്കുമാണ് പാർട്ടിക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി കിട്ടാൻ കാരണമായതെന്നാണ് ജനറൽ സെക്രട്ടറിമാരുടെ കണ്ടെത്തൽ. ഇതാണ് നേതൃമാറ്റത്തിന്ി കാരണമാകുന്നത്. ഇപ്പോൾ ബിജെപി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളിൽ നിറയുന്നത് സുരേഷ് ഗോപിയാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് സാധ്യത ഏറെ. എന്നാൽ തനിക്ക് സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇതോടെ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്ന് ആരെയെങ്കിലും നേതൃത്വത്തിലേക്ക് എത്തുമോയെന്ന ചർച്ചയും സജീവമായി. ആർഎസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സൻ തില്ലങ്കേരി ബിജെപിയിൽ എത്തുമെന്ന സൂചനയും സജീവമാണ്.
ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെ മാറ്റും. ഗണേശ് പൂർണ്ണ പരാജയമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പകരം ആരെത്തുമെന്നതാണ് നിർണ്ണായകം. ജനറൽ സെക്രട്ടറിയായി ജയകുമാർ എത്തിയാൽ സുരേഷ് ഗോപി അധ്യക്ഷനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രണ്ട് വർക്കിങ് പ്രസിഡന്റുമാരും ഉണ്ടാകും. അതിൽ ഒരാൾ വൽസൻ തില്ലേങ്കേരിയായിരിക്കും. മറ്റൊരാൾ എഎൻ രാധാകൃഷ്ണനും. ഇതിനൊപ്പം സംസ്ഥാനത്തെ പ്രധാന ആർഎസ്എസ് നേതാവായ വിനോദും സംഘടനയുടെ ചുമതല ഏറ്റെടുത്തേക്കും. തില്ലങ്കേരി അധ്യക്ഷനും വിനോദ് ജനറൽ സെക്രട്ടറിയുമാകുന്ന ഫോർമുലയും ചർച്ചകളിൽ സജീവമാണ്.
കഴിഞ്ഞ ദിവസം യുവമോർച്ചയുടെ ചടങ്ങ് ഉദ്ഘാടനം ചെയ്തത് തില്ലങ്കേരിയായിരുന്നു. സാധാരണ ബിജെപിക്കാരാണ് യുവമോർച്ചാ പരിപാടികളുടെ മുഖ്യമുഖം. തില്ലങ്കേരിയെ പരിപാടിക്ക് എത്തിച്ചതിന് പിന്നിൽ വ്യക്തമായ സന്ദേശം അണികൾക്ക് നൽകാനാണെന്നാണ് സൂചന. സുരേന്ദ്രനെ അധ്യക്ഷനാക്കിയത് കൃഷ്ണദാസ് പക്ഷത്തുള്ളവർ അംഗീകരിച്ചിരുന്നില്ല. അതിനാൽ ഇനിയൊരു ഗ്രൂപ്പ് വഴക്കിന് കേന്ദ്രം തയ്യാറായേക്കില്ല. അതിനാൽ സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി എന്നീ പേരുകൾ സജീവമായി പരിഗണിക്കുന്നുണ്ട്. അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി നിലപാട് തുടർന്നാൽ വത്സൻ തില്ലങ്കേരിക്ക് നറുക്ക് വീണേക്കും. കഴിഞ്ഞതവണ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച എം ടി. രമേശും സജീവമായി പ്രസിഡന്റാകാൻ രംഗത്തുണ്ട്.
അതിനിടെ ബിജെപി അധ്യക്ഷനാകുമോയെന്ന ചോദ്യങ്ങളോട് മനസ് തുറക്കാതെ വത്സൻ തില്ലങ്കേരി. ബിജെപി അധ്യക്ഷനാകുമോയെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോൾ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റാണ് താനെന്നും അദ്ദേഹം പറഞ്ഞു. വത്സൻ തില്ലങ്കേരിയെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്ന വാർത്തകളെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. അധ്യക്ഷപദവിയോട് താത്പര്യമുണ്ടോ ഇല്ലയോ എന്നതിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയതുമില്ല.
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ കാലാവധി ഇതുവരെ പൂർത്തിയായിട്ടില്ല. ബിജെപിക്ക് അതിന്റേതായ സംഘടനാ സംവിധാനമുണ്ട്. ആ സംവിധാനമനുസരിച്ചാണ് അവർ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. മനസിലാക്കിയിടത്തോളം ബാക്കിയെല്ലാം ഊഹാപോഹങ്ങളാണെന്നും തില്ലങ്കേരി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ