- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിൽ ചേർന്ന കൗൺസിലർ വിജയകുമാരിയെ ബിജെപി സസ്പെന്റ് ചെയ്തു; പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്ത തിരുവനന്തപുരം നഗരസഭ കൗൺസിലർ വിജയകുമാരിയെ ബിജെപി സസ്പെന്റ് ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ഇവർ പങ്കാളിയായതിന് പിന്നാലെയാണ് നടപടി.
രണ്ട് മാസം മുമ്പും വിജയകുമാരിയുമായി സംസാരിച്ചിരുന്നുവെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർത്തതാണെന്നുമാണ് ബിജെപി ജില്ലാ ഘടകത്തിന്റെ പ്രതികരണം. ബിജെപിയും സിപിഎമ്മും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് വലിയ ആയുധമാകും വിജയകുമാരിയുടെ പാർട്ടി മാറ്റം.
കേന്ദ്ര സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സത്യഗ്രഹത്തിൽ പങ്കാളിയായാണ് ബിജെപി കൗൺസിലറായ വിജയകുമാരി തന്റെ നിലപാട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സിപിഎം സമരത്തിൽ പങ്കുചേർന്നത്. ഇനിമുതൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വിജയകുമാരി പിന്നീട് വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായതായും വിജയകുമാരി പറഞ്ഞു.
ബിജെപി മുൻ ജില്ലാ പ്രസിഡൻറ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. തുടർന്ന് പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബിജെപി അനുകൂല വാർഡാണ് പാൽക്കുളങ്ങര. അഞ്ച് വർഷം മുമ്പ് വിജയകുമാരി സിപിഎമ്മിന് വേണ്ടി മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ബിജെപി വേണ്ടിയാണ് അവർ മത്സരിച്ചത്.
മറുനാടന് ഡെസ്ക്