ഹൈദരാബാദ്: തെലങ്കാനയിൽ അടുത്ത ദിവസം വരെ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസിനെതിരെ കുടുംബപാർട്ടിയെന്നും അഴിമതി സർക്കാരെന്നും തുടർച്ചയായി അധിക്ഷേപിച്ചിരുന്ന ബിജെപി ചുവടുമാറ്റി. വോട്ടെടുപ്പ് പൂർത്തിയായി 24 മണിക്കൂർ പോലും പിന്നിടും മുമ്പേയാണ് ബിജെപി പൊടുന്നനെ നിലപാട് മാറ്റിയത്. എന്നാൽ, ഒരുനിബന്ധന പാലിച്ചാൽ മാത്രമേ ടിആർഎസിനെ പിന്തുണയ്ക്കുകയുള്ളു. ഡിസംബർ 11 ന് വോട്ടെണ്ണുമ്പോൾ, തൂക്ക്‌സഭ വന്നാൽ, ടിആർഎസുമായി സഖ്യത്തിലേർപ്പെടാൻ ബിജെപി തയ്യാറാണ്. എന്നാൽ, ടിആർഎസ് അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെ ഒഴിവാക്കണം.

തെലങ്കാനയിൽ കോൺഗ്രസും എഐഎംഐഎമ്മും കോൺഗ്രസുമില്ലാത്ത സർക്കാരിനെ പിന്തുണയ്ക്കാൻ ബിജെപി സന്നദ്ധമാണ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.ലക്ഷമ്ൺ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ പിന്തുണയില്ലാതെ തെലങ്കാനയിൽ ആർക്കും സർക്കാർ രൂപീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന രാഷ്ട്രസമിതിയും എഐഎംഐഎമ്മും ഔദ്യോഗിക സഖ്യക്ഷികളല്ല. എന്നാൽ, ഇരുവരും സൗഹൃദം പുലർത്തുന്നുവെന്ന് തുറന്നുസമ്മതിച്ചിട്ടുണ്ട്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മേഖലകളിൽ ടിആർഎസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒവൈസി പ്രചാരണം നടത്തിയിരുന്നു.

അതേസമയം, തങ്ങൾക്ക് ആരുമായും സഖ്യം ആവശ്യമില്ലെന്നും തങ്ങൾ സ്വയം സർക്കാരുണ്ടാക്കുമെന്നുമാണ് ടിആർഎസിന്റെ നിലപാട്. അതസമയം, കോൺഗ്രസ് സഖ്യത്തിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഒവൈസിയുമായി സഖ്യമുണ്ടാക്കാനും തയ്യാറാണെന്ന് ടിപിസിസി പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു.

വെള്ളിയാഴ്ച പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോൾ ഫലങ്ങളിൽ രണ്ടെണ്ണം ടിആർഎസിന് മുൻതൂക്കം നൽകുന്നു. 119 അംഗ സഭയിൽ 48 മുതൽ 60 സീറ്റുകൾ പാർട്ടിക്ക് കിട്ടിയേക്കുമെന്നാണ് പ്രവചനം. 2014 ലെ തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ മൽസരിച്ച 45 സീറ്റിൽ അഞ്ചെണ്ണത്തിലാണ് ബിജെപി ജയിച്ചത്. ആ സമയത്ത് ടിഡിപിയുമായി സഖ്യത്തിലായിരുന്നു ബിജെപി. ഇത്തവണ, 118 സീറ്റിലാണ് പാർട്ടി മൽസരിക്കുന്നത്. ഒരുസീറ്റ് യുവ തെലങ്കാന പാർട്ടിക്ക് നൽകിയിട്ടുണ്ട്. അഞ്ച്് മുതൽ ഏഴുവരെ സീറ്റുകൾ ബിജെപിക്ക് ഇത്തവണ കിട്ടുമെന്നാണ് എകിസ്റ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 10 മുതൽ 12 വരെ സീറ്റുകിട്ടുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തൂക്ക്‌സഭ വന്നാൽ, ബിജെപി കിങ്‌മേക്കറാകുന്ന സാഹചര്യം ഇതാണ്.

ടിആർസും കോൺഗ്രസ് മുന്നണിയും തമ്മിലാണ് തെലങ്കാനയിൽ മുഖ്യമൽസരം. ടിഡിപി, തെലങ്കാന ഡന സമിതി, സിപിഐ എന്നീ കക്ഷികളാണ് കോൺ്ഗ്രസ് സഖ്യത്തിലുള്ളത്. തൂക്കസഭ വന്നാൽ ബിജെപിയെ പിന്തുണയ്ക്കുകയല്ലാതെ ബിജെപിക്ക് വേറെ നിര്വ്വാഹമില്ല താനും. ടിആർഎസുമായി കൂട്ടുകൂടാനില്ലെന്ന പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. സഖ്യകാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അമിത് ഷായോ, മോദിയോ ആണ്. ടിആർഎസ് ബിജെപിയുടെ ബി ടീമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോൺഗ്രസ്, ടിഡിപി കക്ഷികളുടെ 'മഹാകൂടമി' സഖ്യവുമായി രഹസ്യധാരണയുണ്ടാക്കിയാണ് ചന്ദ്രരശേഖര റാവും പ്രവർത്തിക്കുന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപിവിരുദ്ധ വിശാലസഖ്യത്തിന്റെ പരീക്ഷണശാല കൂടിയാണു തെലങ്കാന. 119 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ടിആർഎസിനെതിരെയും ബിജെപിക്കെതിരെയും മികച്ച വിജയം നേടാനായാൽ കോൺഗ്രസ് സഖ്യത്തിനു കൂടുതൽ ആത്മവിശ്വാസത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം രൂപീകരിക്കാനാകും. നിലവിൽ ഇടഞ്ഞു നിൽക്കുന്ന സിപിഎം ഉൾപ്പെടെയുള്ള കക്ഷികളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മൽസരിക്കുന്ന ഗജ്‌വൽ, മകൻ കെ.ടി.രാമറാവു മൽസരിക്കുന്ന സിർസില, കെസിആറിന്റെ വലംകൈ ടി.ഹരീഷ് റാവു മത്സരിക്കുന്ന സിദ്ദിപ്പേട്ട് തുടങ്ങിയവയാണ് ടിആർഎസിന്റെ അഭിമാന മണ്ഡലങ്ങൾ. ടിപിസിസി പ്രസിഡന്റ് എൻ.ഉത്തംകുമാർ റെഡ്ഡിക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയ ശേഷമേ തന്റെ താടി വടിക്കൂ എന്ന് ഉത്തംകുമാർ റെഡ്ഡി പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഹുസൂർനഗർ ആണ് റെഡ്ഡിയുടെ മണ്ഡലം.
തെലങ്കാനയിൽ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.