ന്യൂഡൽഹി: വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടക്കാനിരിക്കെ ശിവസേനയെ പ്രതിസന്ധിയിലാക്കി മഹാരാഷ്ട്ര ബിജെപി രംഗത്ത്. കോൺഗ്രസൊഴികെ മറ്റേത് പാർട്ടിയിൽ നിന്നും പിന്തുണ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയും സഹമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. മഹാരാഷ്ട്ര ഇന്നത്തെ അവസ്ഥയിലായതിന് കാരണം കോൺഗ്രസാണ്. മഹാരാഷ്ട്രയുടെ വികസനം ആഗ്രഹിക്കുന്ന കോൺഗ്രസിതര പാർട്ടികൾ മുന്നോട്ട് വരണം. അത്തരം നിലപാടുമായി വരുന്നവരെ സ്വാഗതം ചെയ്യും. ശിവസേന നിലപാട് മാറ്റുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റൂഡി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എൻസിപിയെ കടന്നാക്രമിച്ചെങ്കിലും അവരുടെ പിന്തുണ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ബിജെപി എത്തിയിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് റൂഡി ഇതിലൂടെ നൽകിയത്.