തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ എല്ലാം അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാമെന്നും സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.

പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണം. കേരളത്തിൽ പ്രായോഗികമല്ലാത്ത നമുക്ക് അനുയോജ്യമല്ലാത്ത പദ്ധതിയാണ് കെ-റെയിൽ. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്‌പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല.

സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാരുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണെമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുവാൻ ബിജെപി പ്രവർത്തകർ നിസ്തുലമായ സേവനമാണ് നടത്തുന്നത്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടലിനും കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഇടപെട്ട ദേശീയ സംഘടനാസെക്രട്ടറി ബിഎൽ സന്തോഷിന്റെ സഹായത്തിനും നന്ദി അറിയിക്കുന്നു. മാറി മാറി ഭരിക്കുന്ന സർക്കാരുകൾ ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ക്വോറി മുതലാളിമാരുടേയും പാറമടക്കാരുടെയും താത്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. ഈ ദുരിതത്തിൽ നിന്നും ശാശ്വതമായ പരിഹാരമുണ്ടാക്കാൻ പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള വികസനം ആവശ്യമാണ്.

ശബരിമല വെർച്ച്വൽ ക്യൂ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. കോവിഡ് കാലത്തെ സർക്കാരിന്റെ നിയന്ത്രണങ്ങൾ ബിജെപി അംഗീകരിക്കുന്നു. പക്ഷെ 25,000 ഭക്തരെ പ്രവേശിപ്പിക്കുന്നിടത്ത് എന്തിനാണ് വെർച്ച്വൽ ക്യൂ? ഭക്തരെ ഉപദ്രവിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. ഹൈക്കോടതിയുടെ ചോദ്യം സർക്കാർ മുഖവിലയ്‌ക്കെടുക്കണം.

ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എന്ത് വികസനമാണ് കേരളത്തിൽ നടത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ ചോദിച്ചു. പിണറായി സർക്കാർ നടത്തിയ സ്വർണ്ണക്കടത്ത് പോലെയുള്ള അഴിമതികൾ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ ഒ.രാജഗോപാൽ, സികെ പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.