ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ പരാജയം ഏറ്റു വാങ്ങേണ്ടി മൂന്നു ദിവസങ്ങൾക്കുശേഷം കോൺഗ്രസ് ഉപാധ്യക്ഷൻ വായ തുറന്നു. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിടത്ത് കോൺഗ്രസ് ഒന്നാമതെത്തിയെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് ജയിച്ച രണ്ടിടത്ത് ജനാധിപത്യത്തിനു തുരങ്കം വയ്ക്കുകയാണ് ബിജെപി ചെയ്തതെന്നും രാഹുൽ ആരോപിച്ചു.

മണിപ്പൂരിലും ഗോവയിലും പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി പുറത്തെടുത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലും ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഉത്തർപ്രദേശിൽ ഞങ്ങൾ ചെറുതായി പിന്നോട്ടുപോയി. അത് ശരിയാണ്, ഞങ്ങളത് അംഗീകരിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീഴ്ച സംഭവിച്ചുവെന്നും രാഹുൽ അംഗീകരിച്ചു. പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാവുമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ സൂചിപ്പിച്ചു. ഉത്തർപ്രദേശിലെ കനത്ത പരാജയത്തിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷമാണ് തോൽവിയെ കുറിച്ചുള്ള കോൺഗ്രസ് ഉപാധ്യക്ഷന്റെ പ്രതികരണം. പരാജയത്തിന് ശേഷം 'കാണാതായ' രാഹുൽ ഗാന്ധിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും കലാപക്കൊടി ഉയർന്നിട്ടുണ്ട്.

ഉത്തർപ്രദേശിൽ കോൺഗ്രസ് നിലംതൊടാതെ പോയതിൽ തോൽവി അംഗീകരിക്കുന്നുവെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷന്റെ പ്രതികരണം.ഞങ്ങൾ പ്രതിപക്ഷത്താണ്. എല്ലാവർക്കും ഉയർച്ചയും താഴ്ചയുമുണ്ടാവും. യുപിയിൽ ഞങ്ങൾ ചെറുതായി പിന്നോട്ടുപോയി. അത് ശരിയാണ്, ഞങ്ങളത് അംഗീകരിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിൽ ഒന്നാമതെത്തുക എന്നത് ചെറിയ കാര്യമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി രണ്ടിടത്താണ് ജയിച്ചത്. തങ്ങൾ വിജയിച്ച മറ്റ് രണ്ടിടത്ത് ജനാധിപത്യത്തിൽ തുരങ്കം വെയ്ക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പണവും സാമ്പത്തിക ശേഷിയും ഉപയോഗിച്ചാണ് ബിജെപിയുടെ നീക്കങ്ങൾ.ബിജെപിയുടെ ചിന്താഗതിക്കും ആശയങ്ങൾക്കുമെതിരെയാണ് പോരാട്ടമെന്നും ഇത് തുടരുമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.

ഉത്തർപ്രദേശിൽ ബിജെപി ചരിത്ര വിജയം നേടുകയും ഉത്തരാഖണ്ഡ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്ത ബിജെപി ആർക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരിലും ബിജെപിയാണു സർക്കാർ രൂപീകരിക്കുന്നത്. ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാം സ്ഥാനത്തുള്ള ബിജെപി ചെറു പാർട്ടികളെയും സ്വതന്ത്രരെയും കൂട്ടുപിടിച്ച് കേവല ഭൂരിപക്ഷത്തിനുവേണ്ട നമ്പർ ഒപ്പിക്കുകയായിരുന്നു.

ഗോവയിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെ ആദ്യം സർക്കാർ രൂപീകരിക്കാൻ ശ്രമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോൺഗ്രസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ചു സംസ്ഥാനങ്ങളിലാണു നടന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങൾ ബിജെപി തൂത്തുവാരി. കോൺഗ്രസിന്റെ ആശ്വാസ ജയം പഞ്ചാബിലായിരുന്നു. മണിപ്പൂരിലും ഗോവയിലും കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ പറ്റിയെങ്കിലും സർക്കാർ രൂപീകരിക്കാൻ സാധിച്ചത് ബിജെപിക്കാണ്.