ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും താക്കീതുമായി ബിജെപി. സാധാരണ പൗരന്മാരാണെന്ന് ഓർത്തു കൊണ്ട് ഇരുവരും പെരുമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

നാഷണൽ ഹെറാൾഡ് കേസിൽ സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുകയും പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്റെ പ്രസ്താവന.

രാജ്യത്ത് സോണിയയ്ക്കും രാഹുലിനും വേണ്ടി പ്രത്യേക നിയമമൊന്നുമില്ലെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു. കോടതി നടപടിയുടെ പേരിൽ ഇത്തരത്തിൽ പെരുമാറുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഹാജരാകാൻ സമൻസ് ലഭിക്കുക മാത്രമാണ് ചെയ്തത്. രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ തന്നെ അവർക്ക് കിട്ടും. കോടതിയിൽ തങ്ങളുടെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്തുകയുമാവാം.

പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനും സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുന്നതിനുമായി കോൺഗ്രസ് സഹകരിക്കണം. കോടതി സമൻസ് അയച്ചത് യാതൊരു സർക്കാർ ഇടപെടലിന്റേയോ രാഷ്ട്രീയ ഇടപെടലിന്റേയോ ഭാഗമായല്ലെന്നും ഇതിൽ രാഷ്ട്രീയ വൈരത്തിന്റേ കാര്യമേ വരുന്നില്ലെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു.

പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതിന് പകരം ചർച്ചയ്ക്കും സംവാദത്തിനും തയ്യാറാവുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. നാഷണൽ ഹെറാൾഡ് പ്രശ്‌നവും റോബർട്ട് വാദ്രയുടെ ഭൂമി ഇടപാടുകളുമെല്ലാം കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് കേന്ദ്രസർക്കാർ നടപടിയെടുക്കാത്തതെന്നും ഷാനവാസ് ഹുസൈൻ പ്രതികരിച്ചു.