ലഖ്‌നോ: ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലത്തെിയാൽ എല്ലാ അറവുശാലകളും നിരോധിക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടി അധ്യക്ഷൻ അമിത് ഷാ. കന്നുകാലികളുടെ രക്തത്തിന് പകരം സംസ്ഥാനത്ത് പാലും നെയ്യും ഒഴുകുമെന്നും ഷാ തിരഞ്ഞെടുപ്പു റാലിയിൽ പറഞ്ഞു.

അതേസമയം ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുന്നില്ലെന്ന മോദിയുടെ ആക്ഷേപത്തെ വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രികൂടിയായ സമാജ് വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.

യുപി വികസനത്തിൽ വളരെയധികം പിറകിലാണെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. സ്ത്രീകൾക്കും കച്ചവടക്കാർക്കും സുരക്ഷിതരല്ലെന്ന തോന്നലുണ്ട്. മാർച്ച് 11ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ അഖിലേഷ് യാദവ് സർക്കാറിന്റെ അധികാരത്തിന് അവസാനമാകും.

മോദി സർക്കാർ 104 സാറ്റലൈറ്റുകളെ ആകാശത്തേക്ക് പറത്തുമ്പോഴും രാഹുൽ പഞ്ചറായ സൈക്കിൾ തള്ളുകയാണെന്നും അമിത് ഷാ പരിഹസിച്ചു. പ്രീണനത്തിന്റെയും ജാതീയതയുടെയും കുടുംബവാഴ്ചയുടെയും രാഷ്ട്രീയത്തിന് അവസാനമുണ്ടാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.

അതേസമയം, ഗ്രാമങ്ങളിൽ വൈദ്യുതി നൽകുന്നതിൽ ഒരു വിധത്തിലുള്ള വിവേചനവും കൂടാതെ വികസനത്തിനായാണ് സമാജ്‌വാദി പാർട്ടി പ്രവർത്തിക്കുന്നതെന്നു പറഞ്ഞ അഖിലേഷ് തെറ്റായ ആരോപണം ഉന്നയിച്ച മോദി ഇക്കാര്യം തെളിയിക്കണമെന്ന് വെല്ലുവിളിച്ചു.

ഇക്കാര്യത്തിൽ മോദിയുമായി സംവാദം നടത്തുന്നതിന് ഞങ്ങൾ തയ്യാറാണ്. മോദിയാകട്ടെ പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രവൃത്തിയിൽ കാണുന്നില്ലെന്നും ലക്‌നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അഖിലേഷ് പറഞ്ഞു.

ഖാരഗ്പൂരിൽ വൈദ്യുതി വിതരണം ഇല്ലെന്നാണ് അവർ പറയുന്നത്. സമാജ്‌വാദി പാർട്ടിക്ക് ഒരുവിധത്തിലുള്ള വിവേചനവുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌പികോൺഗ്രസ് സഖ്യത്തിന് 300 സീറ്റുകൾ ലഭിക്കുമെന്നും അഖിലേഷ് പറഞ്ഞു.

വൈദ്യുതി നൽകുന്നതിൽ മതപരമായ വിവേചനം കാട്ടുന്നതായാണ് മോദി ആരോപിച്ചിരുന്നത്. റംസാനിന് ഒരു ഗ്രാമത്തിൽ വൈദ്യുതി ലഭിക്കുകയാണെങ്കിൽ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്നാണ് മോദി ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്.