ഗാന്ധിനഗർ: സാധാരണഗതിയിൽ മുഖ്യ രാഷ്ട്രീയ എതിരാളിക്ക് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്ന് ഒരു കക്ഷിയും തിരഞ്ഞെടുപ്പിന് മുമ്പ് പറയില്ല. പക്ഷേ, ഗുജറാത്തിൽ ബിജെപി തന്നെ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചുകയറുമെന്ന് കോൺഗ്രസ്സുകാർ പറഞ്ഞാലോ.

രാഷ്ട്രീയ മണ്ടത്തരമെന്നുതന്നെ പറയാവുന്ന വിലയിരുത്തൽ നടത്തുന്നത് കോൺഗ്രസ് സംസ്ഥാന ഘടകംതന്നെയാണ് എന്നതിനാൽ ഇക്കാര്യം ദേശീയ തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണിപ്പോൾ.

2017 ൽ നടക്കാൻ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ റിപ്പോർട്ട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഘടകം അയച്ച റിപ്പോർട്ടിലാണ് ബിജെപി ഗുജറാത്തിൽ ഭരണം നിലനിർത്തുമെന്ന് പറയുന്നത്.

ആകെയുള്ള 182 സീറ്റിൽ 97ലും ബിജെപിക്ക് വിജയിക്കാനാകുമെന്നും ഭാഗ്യമുണ്ടെങ്കിൽ കോൺഗ്രസിന് 85 സീറ്റുകൾ വരെ ലഭിക്കുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. സംസ്ഥാനത്ത് പാർട്ടിയുടെ നില വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് പഠനം നടത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടാണ് സംസ്ഥാന ഘടകം കോൺഗ്രസ് ഉപാധ്യക്ഷന് കൈമാറിയിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ബിജെപിക്ക് വ്യക്തമായ ആധിപത്യമുണ്ടെന്നും ബൂത്ത് ലവൽ കമ്മിറ്റികൾ വളരെ ശക്തമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, ഗ്രാമങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷയുണ്ട്. ദളിത് വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത് കോൺഗ്രസിന് ഗുണം ചെയ്‌തേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്സിന് 85 സീറ്റുകൾ വരെ കിട്ടിയേക്കാമെന്ന വിലയിരുത്തൽ.

52 സീറ്റിൽ ബിജെപി ജയിക്കുമെന്നത് 100 ശതമാനം ഉറപ്പാണെന്നും 45 സീറ്റുകളിൽ അത് 85 ശതമാനം വരെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 97 സീറ്റ് നേടാൻ സാധിച്ചില്ലെങ്കിൽ പോലും നേരിയ ഭൂരിപക്ഷത്തിൽ ബിജെപിക്ക് ഭരണം നിലനിർത്താനാകും.

ബിജെപിക്ക് 52 സീറ്റിൽ വിജയം ഉറപ്പാണെങ്കിൽ കോൺഗ്രസിന് വെറും എട്ട് സീറ്റുകളിൽ മാത്രമാണ് ഉറച്ച വിജയത്തിന് സാധ്യത പഠനസംഘം കാണുന്നത്. ബിജെപിയെ തോൽപിക്കണമെങ്കിൽ കോൺഗ്രസ്സിന് കഠിന പരിശ്രമം ഉണ്ടാവണമെന്നും താഴേത്തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും പഠനസംഘം നിർദേശിക്കുന്നു.

ഏതായാലും കോൺഗ്രസ് സർവേതന്നെ ഇത്തരമൊരു വിലയിരുത്തൽ നടത്തിയത് മോദിക്കും ബിജെപിക്കും വലിയ ഉത്തേജനമായി മാറുകയാണെന്നാണ് വിലയിരുത്തൽ.