ജയ്പുർ: രാജ്യത്ത് കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം തുടരുന്ന കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാൽ മാലിക്ക്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ബിജെപി നേതാക്കൾ കയറിയിട്ടുപോലുമില്ല. ''എന്റെ സ്വന്തം സ്ഥലമായ മീററ്റിലെ ഒരു ഗ്രാമത്തിൽപോലും ബിജെപി നേതാക്കൾ കയറിയിട്ടില്ല. മീററ്റ് മാത്രമല്ല, മുസഫർനഗർ, ഭാഗ്പത് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലൊന്നും ബിജെപി നേതാക്കൾക്ക് കയറാൻ കഴിയില്ല'' - സത്യപാൽ മാലിക്ക് പറഞ്ഞു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നടന്ന ചടങ്ങിനിടെയാണ് മാലിക് മാധ്യമങ്ങളോട് സംസാരിച്ചത്.

കർഷകർക്കുവേണ്ടി ഗവർണർ പദവി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. കർഷകർക്കൊപ്പമാണ് താൻ. എന്നാൽ നിലവിൽ പദവി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ അതും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

താങ്ങുവില നിയമാനുസൃതമായി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാൽ പ്രശ്നം പരിഹരിക്കപ്പെടും. മൂന്ന് കർഷക നിയമങ്ങളുടെ കാര്യത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ല. കാരണം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ഒരേയൊരു പ്രശ്നം മാത്രമാണ് അവശേഷിക്കുന്നത്. അത് താങ്ങുവിലയാണ്. താങ്ങുവില ലഭിക്കാതെ പ്രശ്നം പരിഹരിക്കപ്പെടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സന്ദേശവും പരസ്യമായി നൽകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തന്റെ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെ അറിയിക്കും.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പലരോടും വഴക്കിടേണ്ടി വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവരുമായി വഴക്കിടേണ്ടിവന്നു. നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ഇങ്ങനെയൊന്നും ചെയ്യരുതെന്നും അവരോട് പറഞ്ഞു.

മുഗൾ ചക്രവർത്തിമാരുമായി പോരാട്ടം നടത്തിയ സിഖുകാരെപ്പറ്റി അവർക്ക് അറിയില്ല. അവർ ഒന്നിനെയും വകവെക്കാറില്ല. പരിഹരിക്കപ്പെടേണ്ടത് ഒരേയൊരു പ്രശ്നമാണ്. താങ്ങുവിലയാണ് അത്. പുതിയ മൂന്ന് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് താത്കാലികമായി തടഞ്ഞതിനാൽ ആ പ്രശ്നത്തെപ്പറ്റി ആശങ്ക വേണ്ടെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ തയ്യാറാണ്. എന്നാൽ താങ്ങുവില ഉറപ്പാക്കാതെ ഒരു തരത്തിലുള്ള ധാരണയും കർഷകരുമായി ഉണ്ടാക്കാനാവില്ലെന്നും സത്യപാൽ മാലിക്ക് ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് കർഷക നിയമങ്ങൾക്ക് എതിരായി കർഷക സംഘടനകൾ ഒരു വർഷത്തിലേറെയായി ഡൽഹിയുടെ അതിർത്തികളിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷകരെ പിന്തുണച്ച് മാലിക്ക് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. അവരെ അധിക്ഷേപിക്കരുതെന്നും പ്രക്ഷോഭത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കശ്മീർ വിഷയത്തിലും സത്യപാൽ മാലിക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ കശ്മീർ ഗവർണറായിരുന്ന കാലത്ത് ശ്രീനഗറിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കാൻ പോലും ഭീകരർ ധൈര്യം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ അവിടെ ഉണ്ടായിരുന്ന കാലത്ത് സൈന്യത്തിനുനേരെ കല്ലേറ് നടന്നിരുന്നില്ല.

ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടന്നിരുന്നില്ല. ആരും അവിടെ കൊല്ലപ്പെട്ടിരുന്നില്ല. ശ്രീനഗറിന്റെ 50 കിലോമീറ്റർ പരിധിയിൽ പ്രവേശിക്കാൻ പോലും ഭീകരർ ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നവർ കൊലപാതകങ്ങൾ നടത്തുകയാണ്. ഇത്തരം സംങവങ്ങൾ വേദന ഉളവാക്കുന്നതാണ്. ശക്തമായി അപലപിക്കേണ്ടതും.

ലഖിംപുർ ഖേഡി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നും മാലിക്ക് പറഞ്ഞു. രാജി ആവശ്യപ്പെടുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ മന്ത്രിമാർക്ക് എന്നും രാജിവെക്കേണ്ടിവരും. എന്നാൽ ആരോപണ വിധേയനായ മന്ത്രി തൽസ്ഥാനത്ത് തുടരാൻ അവർഹനല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സത്യപാൽ മാലിക്ക് പറഞ്ഞു.