കോഴിക്കോട്:സംസ്ഥാന വ്യാപകമായി ബിജെപിയെ നാണംകെടുത്തിയ വിഷയങ്ങളിലൊന്നാണ് പാർട്ടി ദേശീയ കൗൺസിലിന്റെ മറവിൽ ഒരു വിഭാഗം നേതാക്കൾ വ്യാജ രസീത് അടിച്ച് ലക്ഷങ്ങൾ തട്ടിയത്. എന്നാൽ ഇതിൽ ആരോപിതരെ ശിക്ഷിക്കുന്നതിനുപകരം പ്രശ്‌നം പാർട്ടികകത്ത് ഉന്നയിച്ചവർക്കെതിരെയാണ് നടപടി വന്നത്. ഇതോടെ ഗതിമുട്ടിയ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നിരിക്കയാണ്്.

വ്യാജ രസീത് വിഷയം പുറത്തറിയിച്ചെന്ന് ആരോപിച്ച് കൈയേറ്റത്തിനിരയായ ബിജെപി മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറുൾപ്പെടെയുള്ളവരാണ് സിപിഎമ്മിൽ ചേർന്നത്. എം.എച്ച്.ഇ.എസ് കോളജ് (മലബാർ ഹയർ എജുേക്കഷണൽ സൊസൈാറ്റി) അദ്ധ്യാപകനായിരുന്ന ശശികുമാർ, വ്യാജ രസീത് മാധ്യമങ്ങൾക്ക് കൈമാറിയെന്നാണ് ബിജെപി ആക്ഷേപിച്ചിരുന്നത്. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിലിന്റെ നടത്തിപ്പിനായി പണം പിരിക്കുന്നതിന്റെ മറവിൽ ഒരു വിഭാഗം നേതാക്കൾ വ്യാജ രസീത് ഉപയോഗിച്ച വിഷയം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായിരുന്നു.

വടകരയിലെ പ്രസിലാണ് വ്യജ രസീത് അച്ചടിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ആയഞ്ചേരി മംഗലാട് നടന്ന സി.പി.എം സ്വീകരണയോഗത്തിൽ പങ്കെടുത്താണ് പുതിയ രാഷ്ട്രീയം പ്രഖ്യാപിച്ചത്. ആർഎസ്എസ് മുൻ മണ്ഡലം കാര്യവാഹ് കക്കോട്ട്കണ്ടി മോഹൻദാസും കുടുംബവും എളോടി മലയിൽ പൊക്കൻ എന്നിവരാണ് സിപിഎമ്മിന്റെ ഭാഗമായത്. ശശികുമാർ നേരത്തെ തന്നെ ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്നു രാജിവെച്ചിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്ന് കാണിച്ച് ജില്ല, സംസ്ഥാന നേതൃത്വത്തിന് കത്തുനൽകിയിട്ടും അനുകൂല മറുപടിയോ അന്വേഷണമോ നടക്കാത്ത സാഹചര്യത്തിലായിരുന്നു രാജി.

നാലുവർഷമായി ബിജെപി പ്രവർത്തകനായും രണ്ടുവർഷമായി ബൂത്ത് പ്രസിഡന്റായും പ്രവർത്തിച്ച തനിക്ക് ബിജെപിയിലുള്ള പ്രതീക്ഷ പൂർണമായി നഷ്ടപ്പെട്ടെന്ന് ശശികുമാർ പറഞ്ഞു. ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിഛായ വെറും തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ രസീത് ഉപയോഗിച്ചാണ് എം.എച്ച്.ഇ.എസ് കോളജിൽ നിന്നുൾപ്പെടെ പണപ്പിരിവ് നടത്തിയത്. മാധ്യമങ്ങൾക്കുൾപ്പെടെ ലഭിച്ച രസീതുകളിലൊന്ന് ഈ കോളജിൻേറതായിരുന്നു.

ഇതേകുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി കുറ്റ്യാടി മണ്ഡലം നേതാക്കൾ ശശികുമാറിനെ കൈയേറ്റം ചെയ്ത സംഭവം ഏറെ വിവാദമായി. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തു. ഇതോടെ, എം.എച്ച്.ഇ.എസ് കോളജിൽ നിന്ന് ശശികുമാറിനെ സസ്‌പെന്റ് ചെയ്തിരിക്കയാണ്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ സമ്മർദ ഫലമായാണ് കോളജ് അധികൃതർ സസ്‌പെൻഷൻ പിൻവലിക്കാത്തതെന്ന് ആരോപണമുയരുന്നുണ്ട്.

മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു ശശികുമാറിനെ നേരത്തെ ബിജെപി നേതൃത്വം പുറത്താക്കിയിരുന്നു. വ്യാജ രസീത് വിഷയം ഉയർത്തിപ്പിടിച്ച് നിരവധി നേതാക്കൾ ബിജെപി.ക്കകത്ത് അഴിമതിക്കെതിരായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്നിരുന്നു. എന്നാൽ, നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ചെയ്തത്.