ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസിനെ അടിച്ചൊതുക്കി മൂലക്കിരുത്തി ചരിത്രവിജയത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുത്ത ബിജെപി മൂന്നരക്കോടി അംഗങ്ങളുടെ കരുത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുമായിരിക്കുകയാണ്. പാർട്ടിയുടെ അടുത്ത ലക്ഷ്യം ഒരു ലോക റെക്കോർഡ് സ്ഥാപിക്കുകയാണ്. അതാതയത് ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാകാൻ ബിജെപി കരുക്കൾ നീക്കിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും അംഗങ്ങളുള്ള പാർട്ടിയാകാൻ മെമ്പർഷിപ്പ് ക്യാംപയിനുകൾ ബിജെപി ത്വരിതപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാകാനും പ്രസിഡന്റ് അമിത്ഷാ നടത്തുന്ന തന്ത്രപ്രധാനമായ പദ്ധതികൾ പ്രഖ്യാപിച്ച രണ്ടാഴ്ചക്കിടെ പാർട്ടിയിൽ പുതുതായി 56 ലക്ഷം അംഗങ്ങൾ ചേർന്നിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറി കടന്ന് ബിജെപിയെ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് അമിത്ഷാ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇപ്പോൾ 8.3 കോടി അംഗങ്ങളാണുള്ളത്.

പീപ്പിൾസ് ലിബറേഷൻ ആർമിയിലെയും ബ്യൂറോക്രസിയിലെയും എല്ലാം അംഗങ്ങളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിർബന്ധമായും അംഗങ്ങളാകണമെന്ന നിയമം കർശനമായി അടിച്ചേൽപ്പിച്ചാണ് പാർട്ടി ഈ നേട്ടം കൈവരിച്ചത്. ഇതിനെ മറികടന്ന് ബിജെപിയെ മുന്നിലെത്തിക്കാനാണ് അമിത്ഷാ ലക്ഷ്യമിടുന്നതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നു.

മെമ്പർഷിപ്പ് ക്യാംപയിൻ സംബന്ധിച്ച രാജ്യവ്യാപകമായി ലഭിക്കുന്ന ഫീഡ്ബാക്കുകൾ പാർട്ടിയുടെ നാഷണൽ സെക്രട്ടറി അരുൺ സിങ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത ക്യാംപയിന്റെ കോകൺവീനറാണ് അരുൺ സിങ്. മെമ്പർഷിപ്പ് സംബന്ധിച്ച എൻ റോൾ മെന്റ് 60 ലക്ഷം മാർക്കിലേക്ക് അടുക്കുകയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ത്വരിതപ്പെടൽ ആരംഭിച്ചിട്ടേയുള്ളുവെന്നും വരുനാളുകളിൽ അത് വർധിക്കുമെന്നുമാണ് ബിജെപി നേതാക്കൾ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാകാൻ ബിജെപിക്ക് സാധിക്കുമെന്നും അവർ കണക്ക് കൂട്ടുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റെക്കോർഡ് മറികടക്കാൻ പാർട്ടിപ്രവർത്തകർ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്നാണ് അമിത്ഷാ ആഹ്വാനം ചെയ്തിരിക്കുന്നത്.

മൂന്നരക്കോടി മെമ്പർമാരുമായി പാർട്ടി ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെത്തിയെങ്കിലും ഇത് ബിജെപിയുടെ യഥാർത്ഥ കരുത്തിനെ സംബന്ധിച്ച കണക്കല്ലെന്നാണ് നേതാക്കൾ പറയുന്നത്. എൻ റോൾമെന്റിലെ കൃത്യതയില്ലായ്മ മൂലം പല മെമ്പർമാരെയും കണക്കിൽപെടുത്താനായിട്ടില്ലെന്നും അവർ പറയുന്നു. ആക്ടീവ് മെമ്പർമാരിൽ പലരുമായും നിരന്തരം ബന്ധപ്പെടൽ പോലും നടക്കുന്നില്ല. അവരിൽ മിക്കവർക്കും പാർട്ടി അംഗങ്ങളാണെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാർഡ് പോലുമില്ലെന്നും നേതാക്കൾ പറയുന്നു. ഇതി്‌ന് പരിഹാരമായി പുതിയൊരു സംവിധാനം ഏർപ്പെടുത്താൻ ഷാ ഒരുങ്ങുകയാണ്.

ഇതുപ്രകാരം ഒരു ടോൾഫ്രീ നമ്പറിലേക്ക് മിസ്‌കാൾ ചെയ്താൽ ആർക്കും പാർട്ടിയിൽ എൻ റോൾ ചെയ്യാമെന്ന് അരുൺ സിങ് പറയുന്നു. തുടർന്ന് പാർട്ടി മെമ്പറെ തിരിച്ച് വിളിക്കും. ഇതുവഴി പാർട്ടിയും മെമ്പർമാരും തമ്മിലുള്ള സ്ഥിരമായ ആശയവിനിയമം സാധ്യമാക്കാനാണ് പദ്ധതി. പാർട്ടിയുടെ പരിപാടികളെക്കുറിച്ചും സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും അംഗങ്ങളെ അറിയിക്കാൻ മെസേജിങ് സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മെമ്പർമാർക്ക് ഇതിന്റെ ഫീഡ് ബാക്ക് അറിയിക്കുകയും ചെയ്യാമെന്ന് അരുൺ സിഗ് പറയുന്നു.

ഇത്തരത്തിൽ മെമ്പർമാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതിലൂടെ കേരളം, ആസാം, പശ്ചിമബംഗാൾ, ഒഡിഷ, തമിൾനാട് എന്നിവിടങ്ങളിൽ ബിജെപിയെ ശക്തിപ്പെടുത്താമെന്നും അമിത്ഷാ കണക്ക് കൂട്ടുന്നു. മെമ്പർഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി സശക്ത് ബാജപ സശക്ത് ഭാരത് എന്ന ഒരു ലോഗോയും പുറത്തിറക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ മെമ്പർഷിപ്പ് ക്യാംപയിന് വേണ്ടി കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കാനും പദ്ധതികൾ തയ്യാറായി വരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വിവിധ തലങ്ങളിൽ മേൽനോട്ടം ചെയ്യപ്പെടുന്ന മെമ്പർഷിപ്പ് ക്യാംപയിൻ അടുത്ത വർഷം മാർച്ച് 31നാണ് അവസാനിക്കുന്നത്.