കണ്ണൂരിൽ ബിജെപി പ്രവർത്തകൻ കൊലചെയ്യപ്പെട്ടതിനെത്തുടർന്ന് ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ സംസ്ഥാന നേതാക്കളെ തള്ളി കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് സംസ്ഥാന നേതാക്കളുടെ നിലപാടിന് വിരുദ്ധമായി ഗവർണറുടെ നടപടി ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ബിജെപി നേതാക്കൾ കൈമാറിയ പരാതി മുഖ്യമന്ത്രിക്ക് ഗവർണർ കൈമാറിയത് ചട്ടങ്ങൾക്കനുസരിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ ഭരണഘടനാ അനുസൃതമായാണ് ഗവർണർ പ്രവർത്തിച്ചതും. ഭരണഘടനാ പദവി മാനിക്കണം. ഭരണഘടനാ സ്ഥാപനങ്ങളോട് ബഹുമാനം വേണമെന്നും ഗവർണറുടെ നടപടി അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, എംടി രമേശ് എന്നിവരാണ് ഗവർണർക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നതായും കേന്ദ്രനേതൃത്വം ആരോപിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് ബുധനാഴ്ച സന്ദർശിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അറിയിച്ചു.

ബിജെപി നേതാക്കൾ ഗവർണർക്ക് നൽകിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിരെയായിരുന്നു എ.ടി രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും വിമർശനം. പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്. പിണറായിയെ പേടിയാണെങ്കിൽ ഗവർണർ പി സദാശിവം കസേരയിൽ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പരസ്യമായി പ്രഖ്യാപിച്ചു. പദവിയോട് അൽപ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവർത്തനം ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുൻപിൽ നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കവെയാണ് ശോഭാ സുരേന്ദ്രൻ ഗവർണർക്കെതിരെ ആഞ്ഞടിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഗവർണറെ വിമർശിച്ചത്.